പൊന്‍കുന്നം: സിപിഎമ്മിന്റെ മുന്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീയില്‍ നടത്തിയ ചിട്ടിയില്‍ ഒന്നരക്കോടി രൂപയോളം നഷ്ടപ്പെട്ടവര്‍ പ്രതിഷേധവുമായി പൊന്‍കുന്നം പോലീസ് സ്റ്റേഷനില്‍. സ്റ്റേഷനില്‍ മുന്‍പ് നടത്തിയ ഒത്തുതീര്‍പ്പനുസരിച്ച് പണം കൊടുത്തുതീര്ക്കുമെന്നറിയിച്ച ഇന്നലെ നടപടിയുണ്ടാകാത്തതിനാലാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്.
ഇന്നലെ ചിട്ടിനടത്തിപ്പുകാര്‍ 5,40,000 രൂപ കൊണ്ടുവന്നു. പരാതിക്കാര്‍ക്ക് മൂവായിരം രൂപ വീതം നല്കാന് മാത്രമേ തികഞ്ഞുള്ളൂ.അയല്‍ക്കൂട്ടത്തിന്റെ പേരില്‍ ചിറക്കടവ് രണ്ടാംവാര്‍ഡില്‍ മുന്‍ പഞ്ചായത്തംഗമായ വനിത ഉള്‍പ്പെടെ ഒന്‍പത് വനിതകള്‍ ചേര്‍ന്ന് നടത്തിയ ചിട്ടിയിലാണ് മേഖലയിലെ സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് ഒന്നരക്കോടി രൂപ നഷ്ടപ്പെട്ടത്.
അനൗദ്യോഗികമായി നടത്തി വന്ന ചിട്ടി പിന്നീട് ഏതാനും സ്ത്രീകള്‍ സ്വന്തനിലയില്‍ കൈകാര്യം ചെയ്യുകയായിരുന്നു. കുടുംബശ്രീയുടെ പേരില്‍ രജിസ്ട്രേഷനില്ലാതെ മുന്പഞ്ചായത്തംഗമുള്പ്പെടെയുള്ളവര് നടത്തിയ ഒന്നരലക്ഷം രൂപയുടെ ചിട്ടിയില്‍ 154 പേര് ചേര്‍ന്നിരുന്നു.
ഒരു ലക്ഷം രൂപയോളം അംഗങ്ങള്‍ അടച്ചിരുന്നു. ചിട്ടി കിട്ടിയവര്‍ക്കാര്‍ക്കും പണം നല്‍കിയില്ല. മുന്‍പഞ്ചായത്തംഗം 20 ലക്ഷം രൂപയിലേറെയും മറ്റൊരു സ്ത്രീ 37 ലക്ഷം രൂപയും മറിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ബാക്കി തുക മറ്റുള്ളവരുടെ കൈയിലുമായി. ഇവരില്‍ ചിലര്‍ പണം കിട്ടാനുള്ളവര്‍ക്ക് പ്രോമിസറി നോട്ടെഴുതി നല്കാന് തയ്യാറായതോടെയാണ് താത്കാലിക പരിഹാരമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: