കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ ഹേമന്ത്, അരവിന്ദ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
തോട്ടടയിലെ കല്ല്യാണവീടിന്റെ സമീപത്താണ് സംഭവമുണ്ടായത്. കല്ല്യാണവീട്ടില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇത് പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. ഇന്നലെ രാവിലെ ചാലാട് വധൂഗൃഹത്തില്‍വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാര്‍ട്ടി വീട്ടിലേക്ക് ആഘോഷമായി വന്നതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തലയോട്ടി ചിതറിയനിലയിലാണ്. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി പോലീസ് കണ്ടെടുത്തു.
ബോംബുമായി അക്രമിക്കാന്‍ വന്ന സംഘത്തില്‍പ്പെട്ട യുവാവ് തന്നെയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമികവിവരം. കൂട്ടത്തില്‍ ഉളളവരില്‍ ആരോ എറിഞ്ഞ ബോംബ് അബദ്ധത്തില്‍ ജിഷ്ണുവിന്റെ തലയില്‍ കൊണ്ട് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് നിഗമനം. ശനിയാഴ്ച രാത്രിയുണ്ടായ തര്‍ക്കത്തിന് പ്രതികാരമായാണ് സംഘം ബോംബുമായി വന്നതെന്നാണ് നിഗമനം. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായിട്ടില്ല. കൂട്ടത്തോടെ ഒരു പറ്റം യുവാക്കള്‍ ടെംമ്പോട്രാവലറില് സ്ഥലത്തെത്തിയ ശേഷമാണ് സ്ഫോടനം നടന്നതെന്ന് ദൃക്സാക്ഷികളായ നാട്ടുകാര്‍ പറയുന്നു. അക്രമി സംഘം ഓടി മറയുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഏച്ചൂര്‍ ബാലക്കണ്ടി വീട്ടില്‍ പരേതനായ മോഹനന്-ശ്യാമള ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ജിഷ്ണു. കെട്ടിടനിര്‍മാണ തേപ്പ് തൊഴിലാളിയാണ്. സഹോദരന്: മെഹുല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: