തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും. എന്നാല്‍ വൈകിട്ട് വരെ ക്ലാസുകള്‍ നടത്താനുള്ള തീരുമാനം സര്‍ക്കാര്‍ മാറ്റി. ആദ്യത്തെ ഒരാഴ്ച ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ ഉച്ച വരെ മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. മുന്‍ മാര്‍ഗരേഖ പ്രകാരമായിരിക്കും ക്ലാസുകള്‍. ക്ലാസ് സമയം വൈകിട്ട് വരെ നീട്ടുന്ന കാര്യം കൂടുതല്‍ ആലോചനകള്‍ക്ക് ശേഷമേ തീരുമാനിക്കൂ. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തില്‍ മുഴുവന്‍ സമയപ്രവര്ത്തനങ്ങളെക്കുറിച്ച് ആലോചിക്കും.
ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തും. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷമേ മുഴുവന്‍ കുട്ടികളെയും സ്കൂളില്‍ എത്തിക്കൂ. നിലവിലെ രീതി പ്രകാരം, ബാച്ചുകളാക്കി തിരിച്ച്, പകുതി കുട്ടികള്‍ മാത്രം ക്ലാസില്‍ നേരിട്ടെത്തുന്ന തരത്തില്‍ ഉച്ചവരെയുള്ള ക്ലാസുകളാകും നടക്കുക. ഓഫ്ലൈന് ക്ലാസുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളും ശക്തിപ്പെടുത്താനും കൂടുതല്‍ പേരിലേക്ക് എത്തിക്കാനുമാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു.
സ്കൂളില്‍ വിദ്യാര്‍ഥികള്‍ ഒന്നടങ്കം എത്തുമ്പോള്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ശരിയായ രീതിയില്‍ മാസ്ക് ധരിച്ച് സാമൂഹ്യഅകലം പാലിച്ച് ക്ലാസുകളില്‍ തുടരുകയെന്നത് എത്രമാത്രം നടപ്പാക്കാനാകുമെന്നതില്‍ വിദ്യാഭ്യാസ വകുപ്പിനുള്ളില്‍ തന്നെ ആശങ്കയുണ്ട്. പ്രത്യേകിച്ച് താഴ്ന്ന ക്ലാസുകളിലെ കുട്ടികളുടെ കാര്യത്തില്‍. മിക്ക സ്കൂളുകളിലും ക്ലാസ് മുറികള്‍ പൂര്‍ണമായി ശുചീകരിച്ച് അധ്യയന സൗകര്യമൊരുക്കാനായിട്ടില്ല. പല സ്കൂളുകളിലും കൊവിഡ് സാഹചര്യത്തില്‍ വേണ്ടത്ര അധ്യാപകരുടെയും ജീവനക്കാരുടെയും വിനിയോഗം പ്രതിസന്ധിയിലാണ്. വിദ്യാര്‍ഥികളുടെ ഗതാഗത സൗകര്യത്തിന് വേണ്ട മുന്‍കരുതലുകളും സ്കൂളുകള്‍ എടുത്തിട്ടില്ല. സ്കൂളുകള്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചപ്പോഴും സ്കൂളുകള്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗതസൗകര്യം പുനഃസ്ഥാപിക്കുന്നതിന് നടപടിയായില്ല.
മിക്ക സ്കൂളുകളിലും വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി ശൗചാലയങ്ങളും ശുചിമുറികളുമില്ല. മണിക്കൂറുകളുടെ ഇടവേളകളില്‍ കൃത്യമായി ശുചിമുറികള്‍ വൃത്തിയാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങളുമില്ല. വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ വിതരണത്തിലും തീരുമാനമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: