അനീഷ് കെ.അയിലറ
ഒച്ചയൊടുങ്ങി
കനത്ത വിഷാദങ്ങ-
ളുച്ചയിരുട്ടായ്
മുരണ്ടു കിടക്കുന്നു.
കൊച്ചുമോഹങ്ങള്‍
തളിര്‍ക്കുന്ന ചില്ലകള്‍
പൊട്ടിച്ചു കാറ്റു
കൈകൊട്ടിച്ചിരിക്കുന്നു.
ഒച്ച വിഴുങ്ങിയീരാവില്
വന്നെത്തുന്നു
ഒട്ടൊരു കൗതുകമേറ്റിയ
രാപ്പാടി.
മൗനം മരങ്ങളില്‍
തൂക്കുമാരാച്ചാരായ്
മുറ്റുമിരുട്ടത്തിരിക്കുന്നു
ചിന്തകള്‍.
കണ്ടാല്‍ പരസ്പരം
മിണ്ടാന്മറന്നിട്ടു
ജീവന് തുടിക്കും
പ്രതിമകള്‍പോലെ നാം
ഒച്ചയങ്ങൊട്ടുമില്ലാതെ
പുലമ്പുന്ന
ചുണ്ടനക്കം
പോലെയാകുന്നകത്തളം.
നിശബ്ദമായിട്ടു
നാളുകളേറെയായ്
നന്മ നിറച്ചു
പഠിപ്പിച്ചൊരാലയം.
രാത്രി പകലുകള്‍
മാറി പരസ്പരം
മാത്രകള്‍ നീക്കാന്‍
മറക്കും കലണ്ടറും.
പെട്ടെന്നു വന്നു
പിടിച്ചങ്ങുകെട്ടുന്നു
നട്ടം തിരിഞ്ഞു
നടുങ്ങുന്ന ജീവിതം.
ഒട്ടൊരു വ്യാധി
വലിഞ്ഞു വന്നിട്ടങ്ങു
കഷ്ടകാലത്തിന്റെ
കൂട്ടിലടയ്ക്കുന്നു.
ഒച്ച കേള്‍ക്കാനും
ചിരിക്കാനുമുള്ള നാള്
എന്നിനിയെത്തുമെന്നോര്ത്തു
മടുക്കവേ,
പണ്ടേ ചിരിക്കാന്‍
മറന്ന നമ്മള്‍ക്കിനി
കണ്ടു കിടക്കാം
കിനാവിലെ ഉത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: