കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരെ ആഞ്ഞടിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്(കെ.യു.ഡബ്ല്യു.ജെ). നിലവിട്ടു പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന നേതാവിനെ നിലയ്ക്കു നിര്‍ത്താനും കര്‍ക്കശ താക്കീത് നല്‍കാനും സര്‍ക്കാര്‍ നേതൃത്വം ഇനിയും മടിക്കരുതെന്നും കെ.യു.ഡബ്ല്യു.ജെ. ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകരെ നിരന്തരം പി.വി. അന്‍വര്‍ അധക്ഷേപിക്കുകയാണെന്നും പത്രപ്രവര്‍ത്തക യൂണിയന് ആരോപിക്കുന്നു.
വസ്തുതാപരമായി വാര്‍ത്ത നിഷേധിക്കുന്നതിനു പകരം ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ അധിക്ഷേപത്തിനും ആക്ഷേപത്തിനുമുള്ള എം.എല്‍.എയുടെ ശ്രമം അങ്ങേയറ്റം അപലപനീയമാണെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
കെ.പി. റെജിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
പദവിയുടെ മഹത്വത്തിനു നിരക്കാത്ത രീതിയില്‍ പെരുമാറുകയും പ്രതികരിക്കുകയും ചെയ്യുന്നതിലൂടെ എം.എല്‍. എ സ്വയം ചെറുതാവുകയാണ്. എം.എല്‍.എ ആയാലും അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ക്കു സര്‍ക്കാര്‍ മടിച്ചുനില്ക്കരുത്.
നിലവിട്ടു പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന നേതാവിനെ നിലയ്ക്കു നിര്‍ത്താനും കര്‍ക്കശ താക്കീത് നല്‍കാനും നേതൃത്വം ഇനിയും മടിച്ചുനില്ക്കുന്നത്. പരിഷ്കൃതമായ ജനാധിപത്യ സമൂഹത്തിന എം.എല്‍.എയുടെ നടപടി തെല്ലും ഭൂഷണമല്ലെന്നും റെജി ആരോപിച്ചു.
എതിരുപറയുന്ന ആരെയും പുലഭ്യം പറഞ്ഞു കൊല വിളിക്കുക എന്നതാണു ഇപ്പോള്‍ നടപ്പുശീലം. ഇടതു പുരോഗന പ്രസ്ഥാനത്തിന്റെ പ്രതിനിധിയാലും നിയമനിര്‍മാണ സഭാംഗമായാലും അതില്‍ വലിയ വ്യത്യാസമൊന്നും കാണുന്നില്ലെന്നും ഹിതകരമല്ലെങ്കില്‍ എന്തും ചെയ്ത് കളയാമെന്ന മട്ടിലാണു കാര്യങ്ങളുടെ പോക്കെന്നും റെജി പറഞ്ഞു.
പി.വി. അന്‍വര്‍ എം.എല്‍.എയുടെ ജപ്തി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ക്കെതിരെയുള്ള എം.എല്‍.എയുടെ അധിക്ഷേപ പരാമര്‍ശത്തിനെതിരെയാണ് മാധ്യമപ്രവര്‍ത്തകരുടെ സംഘടന രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസമാണ് പി.വി. അന്‍വര്‍ എംഎല്‍എയുടെ സ്ഥലത്തെ വിവാദ തടയണയ്ക്ക് കുറുകെ ഉണ്ടായിരുന്ന റോപ് വേ പൊളിച്ചുനീക്കിത്തുടങ്ങിയത്. ഓംബുഡ്സ്മാന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് റോപ് വേ പൊളിച്ചു നീക്കിയത്. അഞ്ച് വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവിലാണ് റോപ് വേ പൊളിച്ചുനീക്കാന്‍ ഉത്തരവിറങ്ങിയത്. വെറും റെസ്റ്റോറന്റ് ലൈസന്‍സിന്റെ മറവിലാണ് കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാറയില്‍ വനഭൂമിയോട് ചേര്‍ന്ന് മൂന്ന് മലകളെ ബന്ധിപ്പിച്ച് നിര്‍മ്മിച്ച റോപ് വേ നിര്‍മ്മിച്ചത്. ഇതാണ് ഇപ്പോള്‍ പൊളിച്ചുനീക്കാന്‍ ആരംഭിച്ചത്.
ഈ തീരുമാനം ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് നടപ്പാക്കാന്‍ ആരംഭിച്ച അന്ന് മുതല്‍ എംഎല്‍എ പി.വി. അന്‍വര്‍ സമൂഹമാധ്യമങ്ങളിലൂടെ ശക്തമായ ആക്രമണമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉയര്‍ത്തുന്നത്. രാവിലെ ഇങ്ങിനെ കിടന്ന് കുരയ്ക്കാതെ…നിന്റെ സൂക്കേട് എനിക്കറിയാം. പോമറേനിയന്‍ നായകളെ കണ്ടിട്ടില്ലേ? ആ വിലയേ നിനക്ക് ഇട്ടിട്ടുള്ളൂ…ജപ്തി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ലേഖകനെ പി.വി. അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അധിക്ഷേപിച്ചത് ഇങ്ങിനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: