ന്യൂദല്‍ഹി: ഇന്ത്യയുടെ ആണവനിലയങ്ങള്‍ സൈബര്‍ ആക്രമണങ്ങളില്‍നിന്ന് സുരക്ഷിതമെന്ന് സര്‍ക്കാര്‍ രാജ്യ സഭയില്‍. ഇന്ത്യന്‍ ആണവ സ്ഥാപനങ്ങളുടെ രൂപകല്പന, വികസനം, പ്രവര്‍ത്തനം എന്നിവയ്ക്കായി ഇതിനകം തന്നെ കര്‍ശനമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച ഹാര്‍ഡ് വെയറും സോഫ്റ്റ് വെയറുമാണ് അതിനായി ഉപയോഗിച്ചിട്ടുള്ളത്. അവ അധികൃതരുടെ പരിശോധനകള്‍ക്കും അനുമതികള്‍ക്കും വിധേയമാണ്. അതുകൊണ്ടുതന്നെ അവ സൈബറാക്രമണങ്ങളില്‍ നിന്ന് സുരക്ഷിതമാണ്. ആണവോര്‍ജം, ബഹിരാകാശം സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് ചോദ്യത്തിന് മറുപടിയായി രാജ്യസഭയില്‍ പറഞ്ഞു.
ആണവനിലയങ്ങളിലെ കണ്ട്രോള് നെറ്റ് വര്‍ക്ക് പോലുള്ള സുപ്രധാന സുരക്ഷാ സംവിധാനങ്ങള്‍ക്ക് പ്രാദേശിക ഐടി നെറ്റ് വര്‍ക്കില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആണവനിലയങ്ങളുടെ സൈബര്‍ സുരക്ഷയ്ക്കും വിവര സുരക്ഷയ്ക്കുമായി കംപ്യൂട്ടര്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അഡൈ്വസറി ഗ്രൂപ്പ് (സിഐഎസ്എജി), ടാസ്ക് ഫോഴ്സ് ഫോര്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്ട്രോള് സെക്യൂരിറ്റി പോലുള്ള വിദഗ്ദ സംഘങ്ങള്‍ ആണവോര്‍ജ വകുപ്പിന് കീഴിലുണ്ട്. സൈബര്‍ സുരക്ഷ ശക്തമാക്കുന്ന നടപടികള്‍ സ്വീകരിക്കുന്നത് ഇവരാണെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: