ചങ്ങനാശ്ശേരി ഈസ്റ്റ്: മാലിന്യങ്ങള്‍ നിറഞ്ഞ സ്ഥിതിയാണ് ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍. മലിന ജലം പരന്നൊഴുന്ന അവസ്ഥയാണ് ഇവിടെ. നില്‍ക്കാനും ഇരിക്കാനും ഇടമില്ലാതെ ദുരിതമനുഭവിക്കുകയാണ് ബസ് കാത്തുനില്ക്കുന്ന യാത്രക്കാര്‍. സ്റ്റാന്റിനകത്ത് കൊണ്ടു വന്നിടുന്ന മാലിന്യ കൂമ്പാരങ്ങള്‍ക്ക് മുകളിലാണ് ബസ് പാര്‍ക്ക് ചെയ്യുന്നത് പോലും.
മാലിന്യത്തില്‍ ചവിട്ടി വേണം യാത്രക്കാര്‍ക്ക് ബസിനുള്ളിലേക്ക് പ്രവേശിക്കാന്‍. എവിടെ നിന്നൊക്കെയൊ ഒഴുകി വരുന്ന മലിനജലം സ്റ്റാന്റിനുള്ളില്‍ കെട്ടിനില്ക്കുകയും അസ്സഹനീയമായ ദുര്‍ഗന്ധം ഉണ്ടാകുകയും ചെയ്യുന്നുണ്ട്. ഇതുമൂലം ജനങ്ങള്‍ പൊറുതിമുട്ടുകയാണ്.
ഓടിവരുന്ന ബസ് മലിനജലത്തിലൂടെ കടന്നുപോകുമ്പോള്‍ യാത്രക്കാരുടെ ദേഹത്തും വസ്ത്രങ്ങളിലും മാലിന്യം നിറഞ്ഞ വെള്ളം തെറിക്കും. പഴയ കെട്ടിടത്തിന്റെ ബാത്റൂമില്‍ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇത് യാത്രക്കാര്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
പുതിയ ടെര്‍മിനലിന് കഴിഞ്ഞ ഡിസംബറില്‍ ഭരണാനുമതി നല്‍കിയതാണ്. പുതിയ വര്‍ഷം തുടങ്ങിയിട്ടും യാതൊരു നടപടികളും ആരംഭിച്ചിട്ടില്ല. ഏതു സമയത്തും നിലം പൊത്താവുന്ന നിലയിലാണ് പഴയ കെട്ടിടം. ബസ് കാത്തു നില്ക്കുന്നവര് മണിക്കൂറുകളോളം നില്‍ക്കേണ്ടിവരുന്നു.
ഇരിക്കാന്‍ ഇവിടെ ഒരു ഇരിപ്പിടം പോലുമില്ല. ചോദിക്കുമ്പോഴെല്ലാം പഴയ കെട്ടിടം ഉടന്‍ പൊളിക്കും എന്നു പറയുമെങ്കിലും ഇതേവരെ നടപടികള്‍ ആരംഭിച്ചിട്ടില്ല. സന്ധ്യ കഴിഞ്ഞാല്‍ ഇവിടെ വെളിച്ചമില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാതൊരു സംരക്ഷണവും ഇല്ലാത്ത അവസ്ഥയാണ്.
വാഹനങ്ങളുടെ വെളിച്ചമാണ് ആകെയുള്ള ആശ്രയം. കൊവിഡ് മഹാമാരി വര്‍ദ്ധിച്ച സാഹചര്യത്തില്‍ മലിനജലത്തില്‍ കൊതുകും, മറ്റു പ്രാണികളും പെറ്റുപെരുകുന്നുണ്ട്. നഗര ഹൃദയത്തില്‍ നില്ക്കുന്ന സ്റ്റാന്റ് ജനങ്ങള്‍ക്ക് ശാപമായി തീര്‍ന്നു. ദീര്‍ഘദൂര സര്‍വീസുകള്‍ വരെ ആരംഭിക്കുന്ന ഇവിടെ അടിയന്തിര നിര്‍മാണ ജോലികള്‍ ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ അവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: