ഇടുക്കി: വരണ്ട കാലാവസ്ഥയിലും ശീതകാല പച്ചക്കറി വിളയിച്ച് ശ്രദ്ധ നേടുകയാണ് മുട്ടം സ്വദേശി കളപ്പുരക്കല്‍ നാരായണന് നായര്‍. കേരളത്തിലെ വയനാട് ജില്ലയിലും ഇടുക്കി ജില്ലയിലെ മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലും വളര്‍ത്തുന്ന കെയില്‍, കോളിഫ്രവര്‍, കാബേജ്, ബ്രോക്കോളി തുടങ്ങിയ ഇനങ്ങളാണ് മുട്ടത്ത് 50 സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നത്. ഇതിന് പുറമെ കക്കരി വെള്ളരി, പയര്‍, കൊമ്പന് ചീനി, വഴുതന, തക്കാളി, എന്നിവയും ഉണ്ട്.
മുട്ടം വിജിലന്‍സ് ഓഫീസിന് സമീപമാണ് ശീതകാല പച്ചക്കറി തോട്ടം .ഒക്ടോബര്‍ മാസത്തോടെ ആരംഭിച്ച ശീതകാല പച്ചക്കറികള്‍ വിളവെടുത്ത് തുടങ്ങി. കേട്ടറിഞ്ഞ് കൃഷിയിടത്തിലേക്ക് ആളുകള്‍ എത്തുന്നതിനാല്‍ മാര്‍ക്കറ്റില്‍ കൊണ്ടുപോകേണ്ട സാഹചര്യമില്ല. കെയിന്‍ ഒന്നിന് 100 രൂപയും കോളി ഫ്ളവര്‍ ഒന്നിന് 70 രൂപയുമാണ് വില ഈടാക്കുന്നത്. കീടനാശിനി ഉപയോഗിക്കാത്ത ജൈവ പച്ചക്കറി ആയതിനാല്‍ നല്ല പ്രതികരമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത് എന്ന് നാരായണന് പറയുന്നു.
വരണ്ട മണ്ണ് ശീതകാല പച്ചക്കറി കൃഷിക്ക് വേണ്ടി പരുവപ്പെടുത്തിയത് ഏറെ പണിപ്പെട്ടാണ്. നിലം കിളച്ചൊരുക്കി കട്ടയുടച്ചു പരുവപ്പെടുത്തിയ ശേഷം വെള്ളം നനച്ച് ഇഞ്ചിത്തടം പരുവത്തിലാക്കിയ ശേഷമാണ് തൈകള്‍ നടുന്നത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ നനയും വളവും നല്‍കണം. ചാണകം, കുമ്മായം, കടലപ്പിണ്ണാക്ക്, വേപ്പിന് പിണ്ണാക്ക് തുടങ്ങിയവയാണ് വളമായി നല്‍കുന്നത്. ചെയ്യുന്ന ജോലിക്ക് അനുസരിച്ചുള്ള ലാഭം ലഭിക്കില്ല എങ്കിലും നാരയണന് പരിഭവമില്ല. വിത്തിന്റെ ലഭ്യതക്കുറവാണ് ശീതകാല പച്ചക്കറിക്കൃഷിയുടെ ഒരു പ്രധാന പ്രശ്നം. വിത്തുല്പാദനത്തിന് കൂടുതല്‍ തണുപ്പ് ആവശ്യമായതിനാല്‍ കേരളത്തില്‍ ഇവയുടെ വിത്തുല്പാദനം സാധ്യമല്ല.
വിഎഫ്പിസികെ എത്തിച്ച് നല്കുന്ന തൈ ഉപയോഗിച്ചാണ് കൃഷി ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ശീതകാല പച്ചക്കറിക്ക് അഭികാമ്യം. നിത്യ കര്‍ഷകനായ നാരായണന് പിന്തുണ നല്‍കുന്നത് വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്സ് പ്രമോഷന് കൗണ്‍സിലും മുട്ടത്തെ കൃഷി ഓഫീസുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: