ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഏഴ് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ പശ്ചിമ യുപിയിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത് നടക്കുക.
2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 58ല്‍ 53 മണ്ഡലങ്ങളിലും ബിജെപി വെന്നിക്കൊടിപാറിച്ചിരുന്നു. രാജ്യതലസ്ഥാനമായ ദല്‍ഹിയോട് ചേര്‍ന്നുള്ള, മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായ നോയിഡ, വിനോദസഞ്ചാരകേന്ദ്രമായ ആഗ്ര, ശ്രീകൃഷ്ണ ജന്മസ്ഥലമായ മഥുര തുടങ്ങിയ പ്രദേശങ്ങള്‍ ആദ്യഘട്ടത്തില്‍ പോളിങ് നടക്കുന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
കേന്ദ്ര പ്രതിരോധമന്ത്രി രാജനാഥ് സിങ്ങിന്റെ മകന് പങ്കജ് സിങ്, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെ ചെറുമകന് സന്ദീപ് സിങ്, യോഗി മന്ത്രിസഭയിലെ മന്ത്രി ശ്രീകാന്ത് ശര്‍മ്മ തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്നവരിലെ പ്രമുഖര്‍. 2017 എസ്പിക്കും ബിഎസ്പിക്കും ഈ മേഖലയില്‍ നേടാനായത് കേവലം രണ്ട് സീറ്റുകള്‍ മാത്രമാണ്. 2013 വരെ പശ്ചിമയുപിയില്‍ നിര്‍ണായക ശക്തിയായിരുന്ന ആര്‍എല്‍ഡി ഒറ്റ സീറ്റില്‍ ഒതുങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ ഭരണകക്ഷിയായ ബിജെപിയെ നേരിടുന്നത് എസ്പി, ആര്‍എല്‍ഡി സഖ്യമായാണ്.
ഫെബ്രുവരി 14, 20, 23, 27, മാര്‍ച്ച് മൂന്ന്, ഏഴ് തീയതികളിലാണ് അടുത്ത ഘട്ടങ്ങളിലെ വോട്ടെടുപ്പുകള്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനവിധി തേടുന്ന ഗോരഖ്പൂരില്‍ ആറാംഘട്ടത്തില്‍ മാര്‍ച്ച് മൂന്നിനും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ ജനവിധി തേടുന്ന സിരാതുവില്‍ അഞ്ചാംഘട്ടമായ ഫെബ്രുവരി 27നുമാണ് വോട്ടെടുപ്പ്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: