തൊടുപുഴ: ഹയര്‍ സെക്കന്‍ഡറിയില്‍ പുതുതായി നടപ്പിലാക്കുന്ന പരീക്ഷാ മാനുവലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എസ്എസ്എല്‍സി പരീക്ഷക്ക് ഒരു റൂമില്‍ 16 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. എന്നാല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഇത് 30 ആക്കിമാറ്റി. ഒരു ഇന്‍വിജിലേറ്ററുടെ നിരീക്ഷണത്തില്‍ ഇത്രയും കുട്ടികള്‍ വരുമ്പോള്‍ പലപ്പോഴും നോട്ടമെത്തുവാന്‍ പാടാകും. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ 10 ബെഞ്ചിലായി 20 പേരും അവര്‍ക്കിടയില്‍ ഓരോ ബെഞ്ചിലും 10 ഒന്നാം വര്‍ഷക്കാരുമാണ് ഇരിക്കേണ്ടത്.
ചോദ്യപേപ്പര്‍ നല്കി 15 മിനിട്ട് കൂള്‍ ഓഫ് ടൈമില്‍ അദ്ധ്യാപകന് 30 കുട്ടികളുടേയും ഉത്തരക്കടലാസിന്റെ ആദ്യ പേജ് വെരിഫൈ ചെയ്യേണ്ടതുണ്ട്. ഈ സമയത്ത് ഉത്തരങ്ങള്‍ പരസ്പരം കൈമാറാന്‍ കുട്ടികള്‍ക്ക് സാധിക്കും.
പരീക്ഷ മൂല്യനിര്‍ണയത്തിലും വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഒരു ചീഫിനു കീഴില്‍ 5 അദ്ധ്യാപകരാണ് മൂല്യനിര്‍ണയം നടത്തേണ്ടത്. കേന്ദ്രീകൃത വാലുവേഷന് ശരിയായ അര്‍ത്ഥത്തില്‍ നടക്കുന്നത് 20% പേപ്പറുകള്‍ ചീഫ് പുനര്‍മൂല്യനിര്‍ണയം നടത്തുന്നത് കൊണ്ടാണ്. എല്ലാ വിഷയങ്ങള്‍ക്കും രാവിലെ 13 പേപ്പറും ഉച്ചയ്ക്ക് ശേഷം 13 പേപ്പറും മൂല്യനിര്‍ണയം നടത്തുന്നതാണ് നിലവിലെ രീതി. ബോട്ടണി, സുവോളജി എന്നീ വിഭാഗങ്ങള്‍ക്ക് 20 എണ്ണം വീതവും.
അതായത് ഒരു ഗ്രൂപ്പില്‍ 65 പേപ്പര്‍, 13 പേപ്പര്‍ ചീഫ് നിര്‍ബന്ധമായും പുനര്‍മൂല്യനിര്‍ണയം നടത്തും. കൂടാതെ 85% മാര്‍ക്കിന് മുകളില്‍ കിട്ടിയ ഉത്തരക്കടലാസുകളും. ചീഫ് ഇത്തരത്തില്‍ പുനര്‍മൂല്യനിര്‍ണയം നടത്തുന്നതാണ് മൂല്യനിര്‍ണയം കുറ്റമറ്റ രീതിയില്‍ നടക്കാന്‍ മുഖ്യകാരണം.
പുതുക്കിയ പരീക്ഷാ മാനുവല്‍ പ്രകാരം ഒരു അദ്ധ്യാപകന് 17 പേപ്പര്‍ വീതം മൂല്യനിര്‍ണയം നടത്തണം. ബോട്ടണി, സുവോളജി വിഭാഗങ്ങളിലാണെങ്കില്‍ 25 എണ്ണവും. ചീഫ് ഉത്തരക്കടലാസ് വിതരണം ചെയ്യുകയും, രജിസ്റ്ററുകള്‍ തയ്യാറാക്കുകയും മാര്‍ക്ക് ലിസ്റ്റ് ചെക്ക് ചെയ്യുകയും വേണം. ഇതിനൊപ്പം 17 പേപ്പറും, 85% മാര്‍ക്കിന് മുകളിലുള്ള പേപ്പറുകളും പുനര്‍മൂല്യനിര്‍ണയം നടത്തണം, ഇത് പലപ്പോഴും ചീഫിന് സാധിക്കാതെ വരും. ഇത് മൂല്യനിര്‍ണയത്തിന്റെ കൃത്യതയേയും ബാധിക്കും.
പ്രതീക്ഷിച്ചതിലും മാര്‍ക്ക് കുറഞ്ഞാല്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കൂ എന്നതുകൊണ്ട് ശരിയായി ഉത്തരം വായിക്കാതെ മാര്‍ക്കിടുന്ന അദ്ധ്യാപകരുണ്ടെന്ന ആക്ഷേപവുമുണ്ട്. ഇത് കുറച്ചൊക്കെ നിയന്ത്രിക്കാന്‍ പറ്റുന്നത് ചീഫിന്റെ ഇടപെടല്‍ കൊണ്ടാണ്.
ഒരു പേപ്പര്‍ നോക്കിയാല്‍ 8 രൂപയാണ് ലഭിക്കുന്നത്, എണ്ണം കൂടുമ്പോള്‍ ലഭിക്കുന്ന തുക കൂടുമെന്നതാണ് ഇതിനെ അനുകൂലിയിച്ച് ഭരണകക്ഷി അദ്ധ്യാപക സംഘടന ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍ പരമാവധി പേപ്പര്‍ മൂല്യനിര്‍ണയം നടത്തി ഇതിനാവശ്യമായ ദിനങ്ങള്‍ കുറയുമ്പോള്‍ കിട്ടുന്ന ഡിഎ ലാഭത്തിലാണ് സര്‍ക്കാരിന്റെ കണ്ണ്.
ദിനം പ്രതി താഴേക്ക് പോകുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ നിലവാരം വീണ്ടും കുറയാനേ ഈ നടപടി മൂലം സാധിക്കൂവെന്ന ആരോപണമാണ് ഉയരുന്നത്. കൊവിഡ് സാഹചര്യത്തില്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ഇരട്ടിയാക്കിയപ്പോള്‍ തന്നെ ഒരു പേപ്പര്‍ മൂല്യനിര്‍ണയം നടത്താന്‍ കൂടുതല്‍ സമയം വേണ്ടിവരും, ഈ സാഹചര്യത്തിലാണ് ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള പുതിയ പരിഷ്ക്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: