രോഗാണുക്കളെ കൊല്ലാനാണ് നാം മരുന്നുകളെ ഉപയോഗിക്കുക. എന്നാല്‍ രോഗാണുക്കള്‍ മരുന്നുകളെ കൊല്ലാന്‍ തുടങ്ങിയാലോ? വല്ലാത്ത കുഴപ്പം തന്നെ. പക്ഷേ ലോകമെങ്ങുമുള്ള മിക്ക ബാക്ടീരിയകളും അഹങ്കാരികളായിരിക്കുന്നു. അവ ആന്റിബയോട്ടിക് മരുന്നുകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. മരുന്നു കഴിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരാണ് അണുക്കളുടെ മുഖ്യശത്രുക്കള്‍.
ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കുന്ന അണുക്കള്‍ താണ്ഡവം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. അവ പ്രതിവര്‍ഷം 12 ലക്ഷം പേരെയാണ് കൊന്നൊടുക്കുന്നത്. ‘ആന്റി മൈക്രോബിയില്‍ റസിസ്റ്റന്‍സ്'(എഎംആര്‍) എന്നറിയപ്പെടുന്ന ഈ പ്രതിമാസം 2050 ആകുമ്പോഴേക്കും പ്രതിവര്‍ഷം 100 ലക്ഷം പേരെയെങ്കിലും കൊന്നൊടുക്കുമെന്നാണ് പ്രവചനം. അതിന് ലിംഗഭേദമോ പ്രായഭേദമോ ബാധകമല്ലെന്നും…
പുതിയ ആന്റിബയോട്ടിക്കുകള്‍ വിപണിയിലെത്തുമ്പോള്‍ ബാക്ടീരിയ-ഫംഗസ് തുടങ്ങിയവയെ തോല്‍പ്പിച്ച് ഓടിക്കാന്‍ നല്ല കരുത്തുണ്ടാവും. പക്ഷേ ആ ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്ന അണുക്കള്‍ കരുത്തു നേടും. അവയുടെ പരമ്പരകള്‍ മരുന്നിനെ വകവയ്ക്കാതാവും. രോഗാതുരരാകുന്ന വ്യക്തികള്‍ കൃത്യസമയത്ത് കിറുകൃത്യമായ അളവില്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കാത്തതും സ്വയം രോഗ നിര്‍ണയം നടത്തി തോന്നുംപടി മരുന്നുകള്‍ കഴിക്കുന്നതും മിച്ചമുള്ളത് വലിച്ചെറിയുന്നതും സസ്യങ്ങളിലും മൃഗങ്ങളിലും ആന്റിബയോട്ടിക്കുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതും ‘അണു’ ശക്തിയും പ്രതിരോധവും വര്‍ധിപ്പിക്കാന്‍ അവസരമൊരുക്കും. അതിനൊപ്പം പരിണാമത്തിന്റെ വിവിധദശകളിലുണ്ടാകുന്ന പലതരം സമ്മര്‍ദ്ദങ്ങളും. അങ്ങനെ വരുമ്പോള്‍ എന്താണ് സംഭവിക്കുക? മരുന്നു കഴിച്ചാല്‍ പിന്നെ രോഗം സുഖപ്പെടുകയില്ല. ഈ ഭീകര ബാക്ടീരിയകളുടെ രോമത്തില്‍ തൊടാന്‍ പോലും മരുന്ന് കണികകള്‍ക്ക് സാധിക്കാനാവാത്ത അവസ്ഥ. അതിനെ ചെറുക്കണമെങ്കില്‍ പുതുപുത്തന്‍ ആന്റിബയോട്ടിക്കുകള്‍ അതിവേഗം ജനിക്കണം. പക്ഷേ അതിനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍. പഴയ ആന്റിബയോട്ടിക്കുകള്‍ പരിഷ്കരിച്ച് നിര്‍മിച്ചുവരുന്ന 43 ഇനം ആന്റിബയോട്ടിക്കുകളും (വേരിയന്റുകള്‍) ബാക്ടീരിയകള്‍ക്കു മുന്നില്‍ നിഷ്പ്രഭമാവുമെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ ഭയപ്പെടുന്നത്.
ബാക്ടീരിയകളുടെ മരുന്ന് പ്രതിരോധത്തെപ്പറ്റി ആഗോളതലത്തില്‍ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്ര മാസികയായ ‘ലാന്‍സെറ്റ്’ പുറത്തുവിട്ട കണക്കുകളും ഞെട്ടിപ്പിക്കുന്നതാണ്. 2019 ല്‍ 1.27 ലക്ഷം പേരെ ആന്റിബയോട്ടിക്ക് ബാക്ടീരിയകള്‍ കൊന്നൊടുക്കിയെന്നാണ് ‘ലാന്‍സെറ്റ്’ പറയുന്നത്. മരണക്കണക്കില്‍ മലേറിയ-എയിഡ്സ് രോഗികളെക്കാളും ഒരുപാട് അധികം. ദക്ഷിണേഷ്യയിലും ആഫ്രിക്കയിലെ സഹാറമേഖലയിലുമാണ് ഏറ്റവുമധികം രോഗബാധ ഉണ്ടാവുകയെന്നും അതിനിരയാവുക ഏറെയും കുട്ടികളായിരിക്കുമെന്നും പഠനം മുന്നറിയിപ്പ് നല്കുന്നു.
ആന്റിബയോട്ടിക് പ്രതിരോധശേഷി കൈവരിച്ച തെമ്മാടി ബാക്ടീരിയകളെ വൈറസുകളുടെ സഹായത്തോടെ ചെറുക്കാനാവുമോ എന്ന ശ്രമവും നടക്കുന്നുണ്ട്. ബാക്ടീരിയകളെ ഭക്ഷിക്കുന്ന ബാക്ടീരിയോ ഫേജുകളും ആന്റിബയോട്ടിക്കുകളും ചേര്‍ന്നുള്ള ഒരു മിശ്രിതമാണ് ബല്‍ജിയത്തിലെ ഇറാസ്മസ് ആശുപത്രിയിലെ ഗവേഷകര്‍ പരീക്ഷിച്ചുവരുന്നത്.
ഇനി പറയുന്നത് കുത്തിവയ്പ്പിനെ പേടിപ്പിക്കുന്നവര്ക്കുള്ള ആശ്വാസവാര്‍ത്തയാണ് സിറിഞ്ചിനെയും സൂചിയെയും പേടിക്കുന്നവര്‍ക്ക് പക്ഷേ കൊവിഡ് വാക്സിനില്‍നിന്ന് രക്ഷപ്പെടാന്‍ നിവൃത്തിയില്ല. ഒന്നാം കുത്തും രണ്ടാം കുത്തും ബൂസ്റ്റര്കുത്തുമൊക്കെയായി, കുത്തോടു കുത്തു തന്നെ. കുത്തിനെ പേടിക്കുന്നവര്‍ക്കായി ആസ്ട്രേലിയയിലെ ക്യൂന്‍സ് ലാന്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് ശ്രമം നടത്തുന്നത്.
തൊലിയില്‍ ചേര്‍ത്ത് ഒട്ടിക്കാവുന്ന ‘സ്കിന്‍ പാച്ച്’ വാക്സിനാണ് ഗവേഷകര്‍ രൂപപ്പെടുത്തുന്നത്. വിരലിലെ നഖത്തെക്കാളും ചെറുത്. ഏഴ് മില്ലിമീറ്റര്‍ നീളവും അത്രതന്നെ വീതിയും. അതില്‍ സൂചിപോലെയുള്ള 5000 ചെറുമുള്ളുകള്‍. ചെറിയൊരു ഉപകരണത്തിന്റെ സഹായത്തോടെയാണ് ഈ ‘ഒട്ടിപ്പോ സ്റ്റിക്കര്‍’ തൊലിപ്പുറത്ത് പതിക്കുന്നത്. അവയ്ക്കുള്ളിലെ ചെറുമുള്ളുകള്‍ തൊലിയുടെ ഉള്ളിലേക്ക് തള്ളിക്കയറി വാക്സിനെ ത്വക്കിന്റെ ബാഹ്യപാളികളില്‍ നിക്ഷേപിക്കും.
ഈ ഒട്ടിപ്പോ സൂത്രത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. വേദന പേടിക്കേണ്ട. തുള്ളി ചോര പോലും പൊടിക്കില്ല. കുത്തിവയ്പ്പിനെക്കാളും ഫലപ്രദമായി വാക്സിന് പ്രവര്‍ത്തിക്കുകയും ചെയ്യും. ‘മൈക്രോ നീഡില്‍ പാച്ച്’ എന്നറിയപ്പെടുന്ന ഈ സൂത്രം ഇന്‍സുലിനും നിക്കോട്ടിനുമൊക്കെ കയറ്റാന്‍ പ്രയോഗിച്ചുവരുന്നുണ്ട്. പക്ഷേ വാക്സിന്റെ കാര്യത്തില്‍ ഇനിയും ഗവേഷണങ്ങള്‍ വേണം. പരീക്ഷണം എലികളില്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്ന് ‘സയന്റിഫിക് അഡ്വാന്‍സസ്’ മാസിക പറയുന്നു.
ഈ വാക്സിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സാധാരണ ചൂടില്‍ ഒരു മാസം വരെ കേട് കൂടാതെയിരിക്കും. ഊഷ്മാവ് 40 ഡിഗ്രി സെന്റിഗ്രേഡ് ആയാല്‍ ഒരാഴ്ചയും. ഏഷ്യയിലെയും ആഫ്രിക്കയിലെയും വൈദ്യുതി കടന്നെത്താത്ത വിദൂര ഗ്രാമങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈ ‘ഒട്ടിപ്പോ’ സൂത്രം വലിയൊരനുഗ്രഹമാവും. വല്ലപ്പോഴും കറന്റ് കിട്ടിയാല്‍ത്തന്നെ ഫ്രിഡ്ജും കോള്‍ഡ് സ്റ്റോറേജുമൊന്നുമില്ലാത്ത അവികസിത മേഖലകള്‍ക്കും.
അതിനിടെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയും നോര്‍ത്ത് കരോലിന സര്‍വകലാശാലയും ചേര്‍ന്ന് മറ്റൊരു ‘ഒട്ടിപ്പോ’ വാക്സിന് രൂപപ്പെടുത്താന്‍ നടത്തുന്ന ശ്രമം അവസാനഘട്ടത്തിലെത്തിയതായി പറയുന്നു. ഒരുതരം ‘ത്രി-ഡി പ്രിന്റഡ് വാക്സിന്- സ്കിന്‍ പാച്ച്’ തൊലിയില്‍ കുത്തുന്ന വാക്സിനെക്കാള്‍ 50 ഇരട്ടി ഫലപ്രദമാണിതെന്നാണ് അവകാശവാദം. പക്ഷേ ഈ തൊലിപ്പുറ വാക്സിന്റെ പരീക്ഷണവും എലിപ്പുറം വരെ മാത്രമേ ആയിട്ടുള്ളൂ.
കൊവിഡ് പരിശോധന അതിവേഗത്തിലാക്കുന്നതിനുള്ള യന്ത്ര സംവിധാനങ്ങളും അണിയറയില്‍ ഒരുങ്ങിവരുകയാണ്. കൊവിഡ് പരിശോധനാ ഡിറ്റക്ടറും സ്മാര്‍ട്ട് ഫോണും ഉപയോഗിച്ച് 20 മിനിട്ടുകൊണ്ട് രോഗം കണ്ടെത്താനുള്ള സംവിധാനം. യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നത് കയ്യിലുള്ള സ്മാര്‍ട്ട് ഫോണ്‍. ഫലം വരുന്നതും അതില്‍ത്തന്നെ. പക്ഷേ തൊണ്ടയിലും മൂക്കിലുമൊക്കെ നിന്ന് സാമ്പിള്‍ ശേഖരിക്കുന്ന കാര്യത്തില്‍ ഒരു ഇളവുമില്ല. വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ സ്മാര്‍ട്ട്ഫോണ്‍ കൊവിഡ് പരിശോധനാ സൂത്രത്തിനു പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: