മല്ലപ്പള്ളി: കഴിഞ്ഞ പ്രളയത്തില്‍ അപ്രോച്ച് റോഡ് ഒലിച്ചുപോയതിനെത്തുടര്‍ന്ന് വേര്‍പെട്ട കരകളെ സേവാഭാരതി ഒന്നിപ്പിച്ചു. മണിമലയാറിന്റെ അക്കരയിക്കരെയുള്ള പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കോമളം കടവിലെ പാലത്തിന്റെ അപ്രോച്ച് റോഡാണ് പ്രളയത്തില്‍ തകര്‍ന്നത്. ഇതോടെ ഒറ്റപ്പെട്ട ആയിരങ്ങള്‍ക്കായി താല്‍ക്കാലിക പാലം സജ്ജമാക്കിയാണ് സേവാഭാരതി നാടിന്റെ ദുരിതത്തിന് പരിഹാരമുണ്ടാക്കിയത്. പാലം തകര്‍ന്ന് നാല് മാസമായിട്ടും താല്‍ക്കാലിക പാലമോ, ബെയ്‌ലി പാലമോ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനെത്തുടര്‍ന്നാണ് സേവാഭാരതി മുന്‍കൈയെടുത്ത് താല്‍ക്കാലിക പാലം നിര്‍മിച്ചത്. നടപ്പാലം ഇന്ന് രാവിലെ 11ന് നാടിന് സമര്‍പ്പിച്ചു.
മുളയും പലകകളും ഉപയോഗിച്ച് മണിമലയാറിനു കുറുകെ നിര്‍മിക്കുന്ന 50 മീറ്റര്‍ നീളവും 5 മീറ്റര്‍ വീതിയുമുള്ള നടപ്പാലത്തിന്റെ പണി കഴിഞ്ഞ ഞായറാഴ്ചയാണ് ആരംഭിച്ചത്. ദിവസേന നാല്‍പ്പതോളം പേരുടെ കഠിനാദ്ധ്വാനമാണ് പ്രളയത്തില്‍ വേര്‍പെട്ടുപോയ പ്രദേശങ്ങളെ വീണ്ടും കൂട്ടിമുട്ടിക്കുന്നത്. ആദ്യം ഇരുകരകളേയും തമ്മില്‍ ബന്ധിപ്പിച്ച് ഒരു ചങ്ങാട സര്‍വ്വീസ് കോമളം കടവില്‍ സജ്ജീകരിച്ചു.
സ്ത്രീകളും കുട്ടികളുമടക്കം ദിവസേന നൂറു കണക്കിന് ആളുകളാണ് ഈ ചങ്ങാടം ഉപയോഗിച്ച് അക്കരെ ഇക്കരെ കടക്കുന്നത്. എന്നാല്‍ കൊച്ചു കുട്ടികള്‍ക്കും സ്ത്രീക്കള്‍ക്കും പരസഹായമില്ലാതെ ഈ സേവനം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കിയാണ് താല്‍ക്കാലിക പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിനു നാട്ടുകാരുടെ പിന്തുണകൂടി ലഭിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ഉത്സാഹമായി.
പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ മുതിര്‍ന്നവര്‍ക്കൊപ്പം പാലം നിര്‍മാണത്തിന് അണിചേര്‍ന്നപ്പോള്‍ വേര്‍പെട്ട കരകള്‍ ഒന്നായി. ആറിനു കുറുകെ കുറ്റികള്‍ അടിച്ച് അവയില്‍ മുളകള്‍ നിരത്തി കയര്‍ ഉപയോഗിച്ച് ബന്ധിച്ച് മുകളില്‍ മഹാഗണി, ആറ്റുവഞ്ചി എന്നിവയുടെ പലകനിരത്തി ആണിയടിച്ച് ഉറപ്പിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. മണിമലയാറ്റില്‍ ജലനിരപ്പു താഴ്ന്ന് ഇരിക്കുന്നതു വരെ ജനങ്ങളുടെ ദുരിതമകറ്റാന്‍ ഈ താല്ക്കാലിക പാലം ഉപകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: