കഴിഞ്ഞ എഴുപത്തഞ്ചു വര്‍ഷങ്ങളില്‍ നമ്മുടെ രാജ്യത്തിന്റെ വികസന-യാത്രയ്ക്ക് നല്കിയ സംഭാവനകള്‍ക്ക് എല്ലാ മഹാരഥന്മാരെയും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നിന്ന് ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഗുരു തേജ് ബഹാദൂര്‍ജിയുടെ നാനൂറാം പ്രകാശ് പര്‍വ്, ശ്രീഅരബിന്ദോയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികം, വി.ഒ.ചിദംബരം പിള്ളയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികം, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നൂറ്റിയിരുപത്തഞ്ചാം ജന്മവാര്‍ഷികം എന്നിവ കേന്ദ്ര സര്‍ക്കാര്‍ ഗംഭീരമായി ആഘോഷിക്കുകയാണ്. ഈ വര്‍ഷം മുതല്‍ നേതാജിയുടെ ജന്മദിനമായ ജനുവരി 23 മുതലാണ് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ആരംഭിച്ചത്. ആസാദി കാ അമൃത് മഹോത്സവം അടുത്ത 25 വര്‍ഷത്തേക്കുള്ള ആശയങ്ങള്‍ക്ക് മൂര്‍ത്തമായ രൂപം നല്‍കാനുള്ള അവസരമാണ്.
ഡോ. അംബേദ്കറിന്റെ ആദര്ശങ്ങളെയാണ് ഈ സര്‍ക്കാര്‍ മുദ്രാവാക്യമായി കണക്കാക്കുന്നത്. ഗ്രാമങ്ങള്‍, ദരിദ്രര്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, പിന്നാക്ക സമുദായങ്ങള്‍ എന്നിവര്‍ക്ക് നയരൂപീകരണത്തില്‍ മുന്‍ഗണന നല്കുന്നു. സമീപ വര്‍ഷങ്ങളിലെ പദ്മ പുരസ്കാരങ്ങള്‍ക്കുള്ള തെരഞ്ഞെടുപ്പില്‍ ഈ നയം വ്യക്തമായി പ്രതിഫലിക്കുന്നു.
കൊവിഡ് പ്രതിരോധം
കൊവിഡിന്റെ വെല്ലുവിളി നിറഞ്ഞ കാലഘട്ടം സാധ്യമായ വേഗത്തില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നമ്മെ പ്രചോദിപ്പിച്ചിരിക്കുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യപ്രവര്‍ത്തകരും ശാസ്ത്രജ്ഞരും സംരംഭകരുമെല്ലാം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. എല്ലാവരേയും അഭിനന്ദിക്കുന്നു. ഇന്ത്യയുടെ മികവ് വാക്സിനേഷന് യജ്ഞത്തിന്റെ വിജയത്തില്‍ നിന്നു തന്നെ വ്യക്തമാണ്. ഇന്ത്യയില്‍ നിര്‍മിക്കുന്ന മൂന്ന് വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ലഭിച്ചു. ലോകത്തെ മുഴുവന്‍ മഹാമാരിയില്‍ നിന്ന് മുക്തമാക്കുന്നതില്‍ ഈ വാക്സിനുകള്‍ പ്രധാന പങ്ക് വഹിക്കുന്നു.
ദൂരവ്യാപകമായ പരിഹാരങ്ങള്‍ക്കും ഈ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നു. 64,000 കോടി രൂപ മുതല്‍മുടക്കില്‍ പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യം ആരംഭിച്ചത് പ്രശംസനീയമായ ഉദാഹരണമാണ്. എണ്പതിനായിരത്തിലധകം ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങളും കോടിക്കണക്കിന് ആയുഷ്മാന്‍ ഭാരത് കാര്‍ഡുകളും പാവപ്പെട്ടവര്‍ക്ക് ചികിത്സ ലഭിക്കുന്നതിന് വളരെയധികം സഹായിച്ചിട്ടുണ്ട്. എണ്ണായിരത്തിലധികം ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി മിതമായ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കി. ആരോഗ്യസേവനങ്ങള്‍ വേഗത്തിലും എളുപ്പവും നല്‍കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ‘ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്’. ഔഷധ നിര്‍മ്മാണ മേഖലയും കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫാര്‍മ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ നൂറ്റെണ്‍പതിലധികം രാജ്യങ്ങളില്‍ എത്തുന്നുണ്ട്. 2014ല്‍ 6,600 കോടി രൂപയുടെ ആയുഷ് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നത്, ഇപ്പോള്‍ 11,000 കോടിയിലധികമായി വര്‍ധിച്ചിരിക്കുന്നു. ലോകത്തിലെ ആദ്യത്തെ ആഗോള പാരമ്പര്യ ഔഷധ കേന്ദ്രം ഇന്ത്യ സ്ഥാപിക്കാന്‍ പോകുന്നു.
ആരും പട്ടിണി കിടക്കില്ല
മഹാമാരിക്കിടയിലും രാജ്യത്തെ ഒരു വ്യക്തി പോലും പട്ടിണി കിടക്കുന്നില്ല എന്നത് ഉറപ്പാക്കി. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന പദ്ധതിക്ക് കീഴില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്കായി എല്ലാ മാസവും സൗജന്യ റേഷന്‍ നല്കുന്നു. 2,60,000 കോടി രൂപ അടങ്കലുള്ള ഈ പദ്ധതി ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ വിതരണ പരിപാടിയാണ്. 28 ലക്ഷം വഴിയോരക്കച്ചവടക്കാര്‍ക്കായി 2,900 കോടി രൂപയിലേറെ നല്കി. തൊഴിലാളികളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നത് ലക്ഷ്യമിട്ട് തുടക്കം കുറിച്ച ഇ ശ്രം പോര്‍ട്ടലില്‍ ഇതുവരെ 23 കോടിയിലേറെ തൊഴിലാളികളാണ് ഭാഗമായത്. നാല്‍പ്പത്തിനാലു കോടിയിലേറെ പാവപ്പെട്ട ജനങ്ങള്‍ ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമായതോടെ, മഹാമാരി കാലത്ത് നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നതിന്റെ പ്രയോജനം കോടിക്കണക്കിന്ജനങ്ങള്ക്കാണ് ലഭിച്ചത്. മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും ആറ് കോടിയോളം ഗ്രാമീണ വീടുകളില്‍ ജല്‍ ജീവന് മിഷനിലൂടെ പൈപ്പ് വെള്ള കണക്ഷന് ലഭ്യമാക്കി. സ്വമിത്വ പദ്ധതിയും അസാധാരണമായ ഒരു മുന്നേറ്റമാണ്. ഇതിന്റെ ഭാഗമായി 27,000 ഗ്രാമങ്ങളില്‍ 40 ലക്ഷത്തിലേറെ പ്രോപ്പര്‍ട്ടി കാര്‍ഡുകളാണ് വിതരണം ചെയ്തത്.
കാര്‍ഷിക മുന്നേറ്റം
ഈ കാലയളവില്‍ 30 കോടിയിലേറെ ടണ്‍ ഭക്ഷ്യധാന്യങ്ങളും, 33 കോടി ടണ്‍ പഴം പച്ചക്കറികളും ഉത്പാദിപ്പിക്കാന്‍ നമ്മുടെ കര്‍ഷകര്‍ക്ക് സാധിച്ചു. ഗോതമ്പിന്റേയും നെല്ലിന്റെയും ഫലപ്രദമായ സംഭരണത്തിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഒരു കോടി 30 ലക്ഷത്തോളം കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്തു. 2020 -21 കാലയളവില്‍ 25 ശതമാനം വളര്‍ച്ചയാണ് കാര്‍ഷികോത്പന്ന കയറ്റുമതിയില്‍ ദൃശ്യമായത്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ഉചിതമായി വിപണിയില്‍ എത്തിക്കാന്‍ റെയില്‍വേ തുടക്കം കുറിച്ച കിസാന്‍ റെയില്‍ ആയിരത്തിത്തൊള്ളായിരത്തിലേറെ സര്‍വീസുകളാണ് നടത്തിയത്.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ 11 കോടിയിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് ഒരു ലക്ഷത്തി 80,000 കോടി രൂപ ലഭ്യമാക്കിക്കഴിഞ്ഞു. വിള ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ഏകദേശം എട്ടു കോടി കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടിയിലധികം രൂപ നഷ്ടപരിഹാരമായി നല്കിയി. 2021-22 ല്‍ 28 ലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങള്‍ക്ക് 65,000 കോടി രൂപയുടെ സാമ്പത്തിക സഹായം ബാങ്കുകള്‍ നല്‍കിയിട്ടുണ്ട്. 2014-15ല്‍ നല്കിയ തുകയുടെ നാലിരട്ടിയാണിത്.
സ്ത്രീ ശാക്തീകരണം
വനിതാ സ്വയം സഹായ സംഘങ്ങളിലെ ആയിരക്കണക്കിന് അംഗങ്ങള്‍ക്ക് പരിശീലനം നല്കി അവരെ ‘ബാങ്കിങ് സഖി’ പങ്കാളികളാക്കുകയും ചെയ്തു. സ്ത്രീശാക്തീകരണം ഈ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട മുന്‍ഗണനകളിലൊന്നാണ്. ഉജ്ജ്വല യോജനയുടെ വിജയത്തിന് നാമെല്ലാവരും സാക്ഷികളാണ്. ആണ്മക്കളേയും പെണ്മക്കളേയും തുല്യരായി പരിഗണിച്ച് സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുരുഷന്മാര്ക്ക് തുല്യമായി 18 വയസില്‍ നിന്ന് 21 വയസായി ഉയര്‍ത്തുന്നതിനുള്ള ബില്ലും അവതരിപ്പിച്ചു.
ഏകപക്ഷീയമായ ആചാരത്തില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കാന്‍ മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കിയാണ് തുടക്കം കുറിച്ചത്. മുസ്ലീം സ്ത്രീകള്‍ക്ക് മെഹ്റമിനൊപ്പം മാത്രം ഹജ്ജ് നിര്‍വഹിക്കാനുള്ള നിയന്ത്രണവും നീക്കി. 2014-ന് മുമ്പ് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള മൂന്ന് കോടിയോളം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്കിയിരുന്നെങ്കില്, 2014 മുതല്‍ 4.5 കോടി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. ഇത് മുസ്ലീം പെണ്‍കുട്ടികളുടെ സ്കൂകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറച്ചു. 33 സൈനികസ്കൂളുകളിലും പെണ്‍കുട്ടികളെ പ്രവേശിപ്പിച്ചു തുടങ്ങിയത് സന്തോഷകരമായ കാര്യമാണ്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ വനിതാ കേഡറ്റുകളുടെ പ്രവേശനത്തിനും അനുമതി നല്‍കിയിട്ടുണ്ട്.
യുവശക്തിയുടെ മുന്നേറ്റം
സ്കില്‍ ഇന്ത്യ മിഷന്റെ കീഴില്‍, രാജ്യത്തുടനീളമുള്ള രണ്ടു കോടി ഇരുപത്തഞ്ച് ലക്ഷത്തിലധികം യുവജനങ്ങളെ വിദഗ്ധരാക്കി. ഗോത്രവര്‍ഗ്ഗ യുവജനങ്ങളുടെ വിദ്യാഭ്യാസത്തിനായി എല്ലാ ഗോത്രവര്‍ഗ്ഗ ഭൂരിപക്ഷ ബ്ലോക്കുകളിലേക്കും ഏകലവ്യ റസിഡന്‍ഷ്യല്‍ മോഡല്‍ സ്കൂളുകള്‍ വികസിപ്പിക്കുന്നുണ്ട്.
ടോക്കിയോ ഒളിമ്പിക്സില്‍ യുവശക്തിയുടെ സാധ്യതകള്‍ കണ്ടതാണ്. യുവാക്കളുടെ നേതൃപാടവത്തിന്റെ അനന്തമായ പുതിയ സാധ്യതകളുടെ ഉദാഹരണമാണ് സ്റ്റാര്‍ട്ടപ്പ് വ്യവസായം. 2016 മുതല്‍, നമ്മുടെ രാജ്യത്ത് 56 വ്യത്യസ്ത മേഖലകളിലായി അറുപതിനായിരം പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിച്ചു. ഈ സ്റ്റാര്‍ട്ടപ്പുകള്‍ വഴി ആറ് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് നാല്‍പ്പതിലധികം യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്, ഓരോന്നിനും ഏറ്റവും കുറഞ്ഞ വിപണി മൂല്യം 7,400 കോടി രൂപയാണ്.
കുതിക്കുന്ന സമ്പദ് വ്യവസ്ഥ
ഇന്ത്യ വീണ്ടും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഉയര്‍ന്നു. കുറേ മാസങ്ങളായി ജിഎസ്ടി വരുമാനം സ്ഥിരമായി ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ഒരു ലക്ഷത്തി 97,000 കോടി രൂപയിലധികം അടങ്കലുള്ള 14 പ്രധാന പിഎല്‍ഐ (ഉല്‍പ്പാദന ബന്ധിത ആനുകൂല്യം) പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. പിഎല്‍ഐ പദ്ധതിയുടെ വിജയത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ് ആഭ്യന്തര മൊബൈല്‍ നിര്‍മാണ മേഖല. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവായി ഇന്ത്യ ഉയര്‍ന്നു. ഖാദിയുടെ വിജയവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. 2014 മുതല്‍ ഖാദി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന മൂന്നിരട്ടിയായി വര്‍ദ്ധിച്ചു.
ഗതിശക്തിയുടെ കര്‍മപദ്ധതി
അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തുന്നതിന് പ്രധാന്‍മന്ത്രി ഗതിശക്തി ദേശീയ കര്‍മപദ്ധതിക്കു കീഴില്‍ വിവിധ മന്ത്രാലയങ്ങളെ സംയോജിപ്പിച്ചിരിക്കുന്നു. നമുക്ക് ഒരുലക്ഷത്തി 40,000 കിലോമീറ്ററിലധികം ദേശീയപാതകളുണ്ട്. ഭാരത്മാല പദ്ധതിക്ക് കീഴില്‍ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേ പൂര്‍ത്തിയായി വരുന്നു. ഇന്ത്യയിലെ ഏറ്റവും നീളമേറിയതും വേഗതയേറിയതുമായ അതിവേഗ പാതയായിരിക്കും ഇത്. ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് ലഡാക്കിലെ ഉംലിംഗ് ലാ പാസില്‍ 19,000 അടി ഉയരത്തില്‍ ഗതാഗതയോഗ്യമായ ഒരു റോഡ് നിര്‍മ്മിച്ചു.
എട്ടു സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രയോജനം കിട്ടുന്ന പതിനൊന്ന് പുതിയ മെട്രോ റൂട്ടുകള്‍ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവറില്ലാ ട്രെയിന്‍ ശൃംഖലയുള്ള നാല് രാജ്യങ്ങളില്‍ ഇന്ത്യയും ഇപ്പോള്‍ ഉള്‍പ്പെടുന്നു.
മെയ്ക്ക് ഇന്‍ ഇന്ത്യ
സമീപകാലത്ത് ആത്മനിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ട പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു നാം സാക്ഷികളായിരിക്കുന്നു. അനന്തമായി സാധ്യതകള്‍ തുറന്നു നല്കി ബഹിരാകാശരംഗത്തു സ്വകാര്യമേഖലയ്ക്കുകൂടി അവസരം നല്കിയിരിക്കുന്നു. കഴിഞ്ഞവര്‍ഷം രൂപം നല്കിയ ഇന്‍-സ്പെയ്സ് ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാനപ്പെട്ട നടപടിയായിരുന്നു. പ്രതിരോധ സാമഗ്രി നിര്‍മാണത്തിലെ നയങ്ങളുടെ ഭാഗമായി രാജ്യം കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ്. 2020-21ലെ സായുധസേന നവീകരണവുമായി ബന്ധപ്പെട്ട് അംഗീകരിച്ച നിര്‍ദ്ദേശങ്ങളുടെ 87 ശതമാനവും ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ വിഭാഗത്തില്‍ നിന്നായിരുന്നു. ആയുധ നിര്‍മാണവുമായി ബന്ധപ്പെട്ട 98 ശതമാനം കരാറുകളും ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ വിഭാഗത്തിലായിരുന്നു. നയതന്ത്ര ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിലൂടെ ആഗോള തലത്തില്‍ ഇന്ത്യ സ്ഥാനം ശക്തമാക്കിയിരിക്കുന്നു. 2021 ഓഗസ്റ്റില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ അധ്യക്ഷത വഹിച്ച ഇന്ത്യ പല നിര്‍ണായക തീരുമാനങ്ങളുമെടുത്തു.
പൗരാണികതയും പാരമ്പര്യവും സംരക്ഷിക്കുകയും സമ്പന്നമാക്കുകയും ചെയ്യുക കടമയാണെന്ന് ഈ സര്‍ക്കാര്‍ വിശ്വസിക്കുന്നു. തീര്‍ഥാടന കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതില്‍ സ്വദേശ് ദര്ശന്, പ്രസാദ് പദ്ധതികള്‍ ഇക്കാര്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
ജമ്മു കശ്മീരിലെയും ലഡാക്ക് മേഖലയിലെയും വികസനത്തില്‍ നവയുഗം പിറന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സുസ്ഥിരവികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത്, ‘ഏക ഭാരതം, ശ്രേഷ്ഠഭാരതം’ എന്ന നമ്മുടെ പ്രതിജ്ഞ, ജനാധിപത്യമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ വികസനത്തിന്റെ ഒരു പുത്തന്‍ അധ്യായം രചിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: