ജെറുസലെം: ഇന്ത്യയുമായുള്ള 30 വര്‍ഷം നീണ്ട നയതന്ത്രബന്ധത്തെ പുകഴ്ത്തി ട്വിറ്ററില്‍ കുറിപ്പ് പങ്കുവെച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ്. ഇന്ത്യയുമായി ഉണ്ടായിരുന്നത് ആഴത്തിലുള്ള സൗഹൃദമാണെന്നും ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ നഫ്താലി ബെന്നെറ്റ് പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിബദ്ധതയെയും ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള കരുത്തുറ്റതും സമ്പന്നവുമായ ബന്ധത്തെയും നഫ്താലി ബെന്നെറ്റ് വാഴ്ത്തി. ഈ പങ്കാളത്തത്തിന്റെ സാധ്യതകള്‍ അനന്തമാണെന്നും മാത്രമല്ല ഈ ബന്ധം കരുത്തില്‍ നിന്നും കൂടുതല്‍ കരുത്തിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ന് ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള 30 വര്‍ഷത്തെ നയതന്ത്ര ബന്ധങ്ങളെ ആഘോഷിക്കുകയാണ്. കരുത്തുറ്റ പങ്കാളത്തിത്തെയും ആഴത്തിലുള്ള അവിസ്മരണീയ സൗഹൃദത്തെയും ഭാവിയിലേക്കുള്ള ശുഭാപ്തിവിശ്വാസത്തെയും ഞങ്ങള്‍ ആഘോഷിക്കുന്നു,’- ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു.
മോദിയെ പരാമര്‍ശിച്ചുകൊണ്ട് ‘ഞങ്ങള്‍ വീണ്ടും ഗണ്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ തുടര്‍ന്നും മുന്നോട്ട് പോകുമെന്നും’ നഫ്താലി ബെന്നെറ്റ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സൗഹൃദത്തെ ആദരിച്ച് ഇസ്രയേലിലെ മസദ കോട്ട ദീപം കൊണ്ട് അലങ്കരിച്ചിരുന്നു. ഇതിന്റെ വീഡിയോ ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡറായ നോര് ഗിലോണ്‍ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരുന്നു. ദീപലംകൃതമായ മസദ കോട്ടയ്ക്ക് മുന്പില് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക ലയിച്ചുചേരുമ്പോള്‍ 30 വര്‍ഷത്തെ നയതന്ത്രബന്ധത്തെക്കുറിച്ചുള്ള ഗ്രാഫിക്സും ചേര്‍ന്നുള്ളതാണ് ഈ വീഡിയോ സന്ദേശം.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രത്യേക വീഡിയോ സന്ദേശത്തില്‍ ഇന്ത്യ-ഇസ്രയേല്‍ നയതന്ത്രബന്ധത്തെ ശ്ലാഘിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: