കോഴിക്കോട്് : വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തല്‍. സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്താക്കുന്നത്. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് ഇന്ന് കമ്മിഷണര്‍ക്ക് കൈമാറും.
അതിനിടെ കാണാതായി പിന്നീട് കണ്ടെത്തിയ പെണ്‍കുട്ടികളില്‍ ഒരാളെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് രക്ഷിതാവ് രംഗത്തെത്തി. തന്റെ മകളെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ കളക്ടര്‍ക്ക് അപേക്ഷ നല്കി. കാണാതായ പെണ്‍കുട്ടികളെയെല്ലാം കണ്ടെത്തി നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ചില്‍ഡ്രണ്‍സ് ഹോമില്‍ തിരിച്ചെത്തിച്ചിരുന്നു. അതിനു പിന്നാലെയാണ് അമ്മ ആവശ്യവുമായി രംഗത്ത് എത്തിയത്.
ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടി സുരക്ഷിതല്ല. അതിനാല്‍ തന്റെ മകളെ വിട്ടുനല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അപേക്ഷ വനിത – ശിശു സംരക്ഷണ ഓഫീസര്‍ക്ക് കൈമാറിയതായി കളക്ടറുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ചില്‍ഡ്രന്‍സ് ഹോമിലെ ആറ് പെണ്‍കുട്ടികളെ കാണാതായത്. കാണാതായ ആറു പേരില്‍ രണ്ടു കുട്ടികളെ ബെംഗളൂരുവില്‍ നിന്നും നാലു പേരെ മലപ്പുറം എടക്കരയില്‍ നിന്നും പോലീസ് കണ്ടെത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
ബാലാവകാശ കമ്മീഷന് കുട്ടികളില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. കോടതിയില്‍ രഹസ്യമൊഴി നല്കിയ പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസിന് മുമ്പാകെ ഹാജരാക്കി. അതിന് ശേഷം ഇവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
അതിനിടെ പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യാ ശ്രമം നടത്തി. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. പെണ്‍കുട്ടികളില്‍ ഒരാള്‍ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരികെ ചില്‍ഡ്രണ്‍സ് ഹോമിലാക്കി.
പെണ്‍കുട്ടികളെ മദ്യം നല്കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന് കേസില്‍ പിടിയിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന് റാഫി ശനിയാഴ്ച പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയെങ്കിലും ഇയാളെ ഉടന്‍ തന്നെ പിടികൂടി. ഇയാള്‍ക്ക് ഒപ്പം കൊല്ലം സ്വദേശി ടോം തോമസും അറസ്റ്റിലായിരുന്നു. രണ്ട് പേരേയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവര്‍ക്കെതിരെ പൊക്സോ 7,8 വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേര്‍ത്തുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: