മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ ആഷ്ലി ബാര്‍ട്ടിക്ക് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം. കലാശക്കളിയില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് അമേരിക്കയുടെ ഡാനിലി കോളിന്‍സിനെ പരാജയപ്പെടുത്തി. സ് കോര്‍: 6-3, 7-6 (2).
ബാര്‍ട്ടിയുടെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. നാല്‍പ്പത്തിനാലു വര്‍ഷത്തിനുശേഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ വനിതാ താരമായി ബാര്‍ട്ടി. 1978 ല്‍ ക്രിസ് ഓനീലാണ് ബാര്‍ട്ടിക്ക് മുമ്പ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയ ഓസ്ട്രേലിയന്‍ വനിതാ താരം.
രണ്ടാം സെറ്റില്‍ 1-5 ന് പന്നില്‍ നിന്ന ബാര്‍ട്ടി ശക്തമായ പോരാട്ടത്തിലൂടെയാണ് കിരീടത്തിലേക്ക് പൊരുതിക്കയറിയത്. ടോപ്പ് സീഡായ ബാര്‍ട്ടി ആദ്യ സെറ്റില്‍ അനായാസം വിജയം സ്വന്തമാക്കി. മൂന്ന് ഗെയിം മാത്രമാണ് കോളിന്‍സിന് വിട്ടുകൊടുത്തത്.
1980 ല്‍ വെന്‍ഡി ടേണ്ബുള്ളിനുശേഷം ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലെത്തുന്ന ആദ്യ ഓസ്ട്രേലിയന്‍ വനിതാ താരമാണ് ബാര്‍ട്ടി. 1978 ല്‍ ക്രിസ് ഓനീലിനുശേഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടുന്ന ആദ്യ ഓസ്ട്രേലിയന്‍ വനിതാ താരവും.
ഇരുപത്തിയഞ്ചുകാരിയായ ബാര്‍ട്ടിയുടെ മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഹാര്‍ഡ്കോര്‍ട്ടിലെ ടൂര്‍ണമെന്റായ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ചാമ്പ്യനായതോടെ ബാര്‍ട്ടിക്ക് മൂന്ന്് വ്യത്യസ്ഥ പ്രതലങ്ങളിലെ ടൂര്‍ണമെന്റുകളിലും ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളായി. ബാര്‍ട്ടി പോയവര്‍ഷം പുല്‍ക്കോര്‍ട്ടില്‍ നടക്കുന്ന വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയിരുന്നു. 2019 ല്‍ കളിമണ്‍ കോര്‍ട്ടിലെ ഫ്രഞ്ച് ഓപ്പണിലും കിരീടം നേടിയിരുന്നു.
നിലവില്‍ ടെന്നീസ് കളിക്കുന്ന വനിതാ താരങ്ങളില്‍ മൂന്ന് വ്യത്യസ്ഥ പ്രതലങ്ങളില്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടുന്ന രണ്ടാമത്തെ താരമാണ് ബാര്‍ട്ടി. അമേരിക്കയുടെ സെറീന വില്യംസാണ് ഈ നേട്ടം കൈവരിച്ച സജീവ ടെന്നീസിലെ ആദ്യ വനിതാ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: