കൊച്ചി: 2017 ല്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇപ്പോള്‍ നടക്കുന്നത് ദിലീപിനെ കുടുക്കാനുള്ള തന്ത്രങ്ങളാണെന്ന് കോടതിയില്‍ ദിലീപിന്റെ അഭിഭാഷകന്. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ വിശ്വാസമില്ല. അത് പോലീസിന്റെ തന്നെ നിയന്ത്രണത്തിലുള്ളതാണ്. ദിലീപിന്റെ സ്വകാര്യതയോ മറ്റ് കാര്യങ്ങളോ അന്വേഷണ സംഘം പരിഗണിക്കുന്നില്ലെന്നും അഭിഭാഷകന് ആരോപിച്ചു.
നാല് ഫോണുകളുടെ കാര്യമാണ് പ്രോസിക്യൂഷന് മുന്നോട്ടുവച്ചത്. എന്നാല്‍ മൂന്ന് ഫോണുകളാണ് ഉള്ളതെന്നും അതില്‍ രണ്ടെണ്ണമാണ് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ 200ലധികം സാക്ഷികളെ വിസ്തരിച്ചതിന് ശേഷവും ദിലീപിനെതിരെ പ്രോസിക്യൂഷന്റെ പക്കല്‍ തെളിവുകളൊന്നുമില്ല, എന്നിട്ടും അയാളെ അറസ്റ്റ് ചെയ്യാനാണ് അവര്‍ ഈ കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്തതെന്ന് ദിലീപിന്റെ അഭിഭാഷകന് രാമന്‍പിള്ള കോടതിയെ അറിയിച്ചു.
എന്നാല്‍, ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ആരോപണം പ്രോസിക്യൂഷന് ആവര്‍ത്തിച്ചു. 2017 ഡിസംബറില്‍ എം ജി റോഡിലെ ഫഌറ്റില്‍ വെച്ചും 2018 മെയില്‍ പോലീസ് ക്ലബ്ബില്‍ വെച്ചും 2019 ല്‍ സുഹൃത്ത് ശരത്തും സിനിമ നിര്‍മാതാവുമായും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഡാലോചന നടത്തിയെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. സ്വന്തം നിലയില്‍ ഫോണ്‍ പരിശോധിക്കാന്‍ കഴിയില്ലെന്നും പ്രിവിലേജ് കമ്മ്യൂണിക്കേഷന്‍ ഉള്ളത് കൊണ്ട് മാത്രം ഫോണ്‍ പരിശോധിക്കാതെ ഇരിക്കാന്‍ ആവില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് (ഡിജിപി) കോടതിയെ അറിയിച്ചു.
ഫോറന്‍സിക് പരിശോധന അംഗീകൃത ഏജന്‍സി വഴി നടത്തണം. ഫോണിലെ വിവരങ്ങള്‍ സ്വന്തമായി പരിശോധിച്ചു എങ്ങനെ അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമുള്ള വിവരങ്ങള്‍ നല്കാന് കഴിയും. കേസില്‍ അന്വേഷണസംഘം വളരെ അധികം മുന്നോട്ട് പോയിരിക്കുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം എല്ലാവരും ഫോണ്‍ മാറ്റി. അങ്ങനെ വിവിധ കാരണങ്ങള്‍ കൊണ്ട് ദിലീപിന് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ല.
ഗുഢാലോചന മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപിന്റെ ഭാഗത്തുനിന്ന് തുടര്‍നീക്കങ്ങള്‍ ഉണ്ടായി എന്നും ഡിജിപി അറിയിച്ചു. പ്രതികളുടെ ചരിത്രം, പെരുമാറ്റം അടക്കം എല്ലാം കോടതി പരിഗണിക്കണം എന്നും ഡിജിപി കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ക്ക് പോകാന്‍ വേറെ ഇടമില്ലെന്നും കോടതി ആണ് ആശ്രയം എന്നും ദിലീപ് വാദിച്ചു. പ്രോസിക്യൂഷന് അനുകൂലം ആയി ആരുമില്ല. അതുകൊണ്ടാണ് പുതിയ കേസുമായി വന്നതെന്നും ദിലീപ് വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: