ന്യൂദല്‍ഹി: ദല്‍ഹി യൂണിവേഴ്സിറ്റിയുടെ(ഡിയു) കീഴിലുള്ള കോളെജുകളെല്ലാം ഇന്ത്യയിലെ പേരുകേട്ട കോളെജുകളാണ്. പഠിപ്പിലും കരിയറിലും മികവ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ പഠിക്കാന്‍ ഇഷ്ടപ്പെടുന്ന 91 കോളെജുകളാണ് ദല്‍ഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ളത്. ഇതില്‍ ലേഡി ശ്രീം കോളെജും സെന്റ് സ്റ്റീഫന്‍സ് കോളെജും ദല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സും മിറാന്‍ഡ ഹൗസും എല്ലാം ഉള്‍പ്പെടുന്നു.
തീവ്രകമ്മ്യൂണിസ്റ്റ് ചിന്താധാരകളും അനാര്‍ക്കിസവും ഡിബേറ്റുകളും പഠനമികവും കൊണ്ടു തിളയ്ക്കുന്ന അന്തരീക്ഷമുള്ള ഈ കോളെജുകളില്‍ രണ്ടെണ്ണത്തില്‍ ഇപ്പോള്‍ ഗോശാലയും വേദമന്ത്രങ്ങളും എത്തുകയാണ്. ഹന്‍സ് രാജ് കോളെജിലും ലക്ഷ്മീബായി കോളെജിലുമാണ് ഈ മാറ്റത്തിന്റെ കാറ്റ്.
ഹന്‍സ് രാജ് കോളെജില്‍ ഈയിടെ സ്വാമി ദയാനന്ദ് സരസ്വതി ഗോ സംവര്‍ധന്‍ ഏവം അനുസന്ധാന്‍ കേന്ദ്ര എന്ന പേരില്‍ ഒരു ഗോശാല ആരംഭിച്ചു. ‘ഇത് ഒരു തരത്തില്‍ ഒരു ഗവേഷണ കേന്ദ്രം തന്നെയാണ്. ഒരു പശുവിനെയും അക്കാദമിക ലക്ഷ്യത്തോടെത്തന്നെയാണ് ഇവിടെ സംരക്ഷിക്കുന്നത്,’- പ്രിന്‍സിപ്പല്‍ രമാ ശര്‍മ്മ പറയുന്നു.
ഗോശാല തുറന്ന മറ്റൊരു കോളെജ് ദല്‍ഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ലക്ഷ്മീബായി കോളെജിലാണ്. ‘ഇവിടെ ഗോശാല വ്യത്യസ്തമായ ലക്ഷ്യത്തോടെയാണ് ഉപയോഗിക്കുന്നത്. ചലപ്പോള്‍ പശുക്കളെ ആരാധിച്ചുകൊണ്ട് മൃത്യുഞ്ജയ ജപവും രാമായണത്തിലെ സുന്ദര കാണ്ഡ പാരായണവും കാലാകാലങ്ങളില്‍ ഭൂമി പൂജയും നടക്കും,’ – പേര് പറയാനാഗ്രിക്കാത്ത ഒരു ഫാക്കല്‍റ്റി പറയുന്നു.
ഹന്‍സ് രാജ് കോളെജിലെ ഇടനാഴികളില്‍ ലൗഡ് സ്പീക്കര്‍ വഴി ഇടയ്ക്കിടെ മൃത്യുഞ്ജയമന്ത്രജപം അലയടിക്കും. മാസംതോറും പോസിറ്റീവ് എനര്‍ജി സൃഷ്ടിക്കാന്‍ രാവിലെയും വൈകുന്നേരവും കോളെജില്‍ നടത്തുന്ന പ്രാര്‍ത്ഥന ചടങ്ങിന്റെ (ഹവനം) ഭാഗമായാണ് മൃത്യുഞ്ജയമന്ത്രം കേള്‍പ്പിക്കുന്നത്.
‘പശുക്കളെ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിന്റെ ഭാഗമായി ഗോശാലയില്‍ ശുദ്ധമായ പാലും നെയ്യും നിര്‍മ്മിക്കും. അത് മാസംതോറും നടത്തുന്ന പ്രാര്‍ത്ഥനാ പൂജകള്‍ക്കും (ഹവനം) അതുപോലെ വിദ്യാര്‍ത്ഥികള്‍ക്കും ഉപയോഗിക്കാനാവും,’- പ്രിന്‍സിപ്പല്‍ പറയുന്നു.
‘ഈ കോളെജ് ദയാനന്ദ ആംഗ്ലോ വേദിക് ട്രസ്റ്റിന്റെ (ഡിഎവി ട്രസ്റ്റ്)കീഴിലുള്ള കോളെജാണ്. ഡിഎവി ട്രസ്റ്റിന്റെ അടിത്തറ ആര്യസമാജമാണ്. പാരമ്പര്യമനുസരിച്ചാണ് ഓരോ മാസത്തേയും ആദ്യദിനം ഞങ്ങള്‍ ഹവനം നടത്തുന്നത്. ചിലപ്പോള്‍ ഇതില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. അധ്യാപകരും അനധ്യാപകരും പങ്കെടുക്കും. ഇതിന് ആദ്യമൊക്കെ നെയ്യ് കടയില്‍ നിന്നും വാങ്ങുമായിരുന്നു. ഇപ്പോള്‍ ഗോശാല ആരംഭിച്ച ശേഷം കോളെജ് ഇക്കാര്യത്തില്‍ സ്വയം പര്യാപ്തത നേടി,’ ഹന്‍സ് രാജ് കോളെജ് പ്രിന്‍സിപ്പല്‍ പറയുന്നു. വൈകാതെ ചാണകത്തെ അടിസ്ഥാനമാക്കി ഗോബര്‍ ഗ്യാസ് പ്ലാന്റ് ആരംഭിക്കാനും പദ്ധതിയുണ്ട്.
പശുവുമായി ബന്ധപ്പെട്ട ഉല്പന്നങ്ങളായ ഗോമൂത്രം, ചാണകം, പാല് എന്നിവയില്‍ ഗവേഷണം നടത്തേണ്ടത് ആവശ്യമാണെന്ന് ഗോശാലയുടെ കണ്‍വീനര്‍ ഗൗരവ് കുമാര്‍ പറയുന്നു.
ലക്ഷ്മീബായി കോളെജിലെ ഗോശാലയായ ഗോകുലത്തില്‍ ഗോബര്‍ ഗ്യാസ് പ്ലാന്റ് ഉണ്ട്. 2020ലേ ഇവിടെ ഗോശാല തുടങ്ങി. അവിടെ ഗോബര്‍ അഗര്ബത്തിക്കളും ധൂപബത്തികളും വളവും കോളെജ് തോട്ടക്കാര്‍ നിര്‍മ്മിക്കുന്നു. മേര ഗാവ് (ഇക്കോ ഗ്രാമം എന്ന സങ്കല്പം) എന്ന കോളെജിനുള്ളിലെ പ്രകൃതി സൗഹൃദ ഗ്രാമത്തില്‍ കൂണുകളും പച്ചക്കറികളും കൃഷിചെയ്യുന്നു. ഹിന്ദു മതവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുക. അതിന്റെ ഭാഗമായി മൃത്യുഞ്ജയ ജപവും രാമായണത്തിന്റെ സുന്ദര കാണ്ഡ പാരായണവും സമയാസമയങ്ങളില്‍ ഭൂമി, ഗോമാത പൂജകളും നടക്കുന്നു.
എന്നാല്‍ ഈ രണ്ട് കോളെജുകളും കാവിവല്‍ക്കരിക്കപ്പെടുന്നു എന്നാണ് ഇടത് ലിബറല്‍ മാധ്യമ വിചാരണക്കാര്‍ ആരോപിക്കുന്നത്. ദി വൈര്‍ ഉള്‍പ്പെടെയുള്ള വാര്‍ത്താപോര്‍ട്ടലിന്റെ ജേണലിസ്റ്റുകള്‍ തീവ്രമായ വിമര്‍ശനങ്ങളാണ് ഈ രണ്ടു കോളെജുകള്ക്കുമെതിരെ ഉയര്‍ത്തുന്നത്. ഹന്‍സ് രാജ് കോളെജില്‍ എബിവിപി ശക്തമായതിനാല്‍ എതിര്‍പ്രചാരവേലകള്‍ വിലപ്പോകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: