ചെറുതുരുത്തി: പ്രളയത്തില്‍ ഭാരതപ്പുഴയില്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാനെന്ന വ്യാജേന നടത്തിവന്ന മണലെടുപ്പ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് തടഞ്ഞു. ഷൊര്‍ണൂര്‍ – ചെറുതുരുത്തി തടയണ പരിസരത്ത് നിന്നും, ചെങ്ങണാംകുന്ന് റെഗുലേറ്റര്‍ പരിസരത്ത് നിന്നുമുള്ള മണലെടുപ്പിനെതിരെ, പരിസ്ഥിതി പ്രവര്‍ത്തകനും, പുതുശ്ശേരി കരുവാമ്പടി കൂട്ടുകൃഷി സംഘം പ്രസിഡന്റുമായ കെ.കെ. ദേവദാസ് നല്കിയ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ്, ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഷൊര്‍ണൂര്‍ തടയണ പരിസരത്ത് നിന്നെടുക്കുന്ന മണല്‍, പുഴയില്‍ നിന്ന് ടിപ്പര്‍ ലോറികളില്‍ കയറ്റി സമീപത്തെ തെക്കെ റോഡിലെ യാര്‍ഡില്‍ സംഭരിച്ച ശേഷം ടോറസ് പോലുള്ള വലിയ ലോറികളില്‍ കയറ്റി തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുകയായിരുന്നു. ചെങ്ങണാംകുന്ന് റെഗുലേറ്റര്‍ പരിസരത്ത് നിന്നെടുക്കുന്ന മണല്‍ സംഭരിക്കാന്‍ ദേശമംഗലത്താണ് യാര്‍ഡ് ഒരുക്കിയിരുന്നത്.
ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് നിരവധിതവണ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ദേവദാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. പുഴയിലെ മാലിന്യം നീക്കം ചെയ്യുന്നതിനെ കോടതി തടഞ്ഞിട്ടില്ലെന്ന പേരിലായിരുന്നു മണല്‍ കടത്ത്. കോടതി ഉത്തരവ് നിലനില്‍ക്കെ വീണ്ടും മണലെടുപ്പിനുള്ള ശ്രമം ആരംഭിച്ചതായി ദേവദാസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: