തൊടുപുഴ: ജില്ലാ ആശുപത്രിയില്‍ കൊവിഡ് പരിശോധന ആഴ്ചയില്‍ മൂന്ന് ദിവസമാക്കിയതോടെ അനുഭവപ്പെടുന്നത് വലിയ തിരക്ക്. വന്‍ ലാഭം കൊയ്ത് സ്വകാര്യ ലാബുകള്‍, സാധാരണക്കാരന് തിരിച്ചടി. പരിശോധനകള്‍ നടത്താതെ ആളുകള്‍ മടങ്ങുന്നതും പതിവ്.
ആരോഗ്യപ്രവര്‍ത്തകരില്‍ വ്യാപകമായി കൊവിഡ് പടര്‍ന്നതോടെ ആളില്ലെന്ന് കാട്ടിയാണ് തൊടുപുഴ കാരിക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയിലെ കൊവിഡ് പരിശോധന കുറച്ചത്. നിലവില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഒരു മണി വരെ മാത്രമാണ് പരിശോധനയുള്ളത്. ഈ സമയങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പരിശോധനക്കൊപ്പം ഫലം വരാനും ഏറെ സമയമെടുക്കുന്നുണ്ട്. നിലവില്‍ ആന്റിജന്‍ പരിശോധനക്ക് 300 രൂപയും ആര്‍ടിപിസിആറിന് 500 രൂപയുമാണ് സ്വകാര്യ ലാബുകളും ആശുപത്രികളും ഈടാക്കുന്നത്.
ഒമിക്രോണ്‍ വ്യാപനം ഏറിയതോടെ ഒരു കുടുംബത്തിലെ അംഗങ്ങളെയെല്ലാം പരിശോധിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ നിലവില്‍ ഏറെയാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യമായി പരിശോധിക്കുമ്പോള്‍ മറ്റിടങ്ങളില്‍ പോയാല്‍ പരിശോധന ഫലത്തിലടക്കം സംശയങ്ങളേറെയാണ്. മനപൂര്‍വം ഫലം പോസിറ്റീവാക്കുന്നതായുള്ള പരാതികളും ഉയരുന്നുണ്ട്.
വലിയ തുക മുടക്കേണ്ടി വരുന്നതിനാല്‍ സാധാരണക്കാരില്‍ പലരും ഇപ്പോള്‍ പരിശോധന നടത്താതെ വീടുകളില്‍ തന്നെ കഴിയുകയാണ്. ഇത്തരത്തിലുള്ള കണക്ക് കൂടി വന്നാല്‍ രോഗികളുടെ എണ്ണം ഇനിയും ഏറെ കൂടും.
അതേ സമയം ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പരിശോധന കുറയ്ക്കാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ശേഖരിക്കുന്ന സാമ്പിളുകള്‍ 3 മണിയോടെ ഇടുക്കി മെഡിക്കല്‍ കോളേജിലെ പരിശോധന കേന്ദ്രത്തിലെത്തിക്കേണ്ടതുണ്ട്. ഇതടക്കം നിരവധി ജീവനക്കാരുടെ സേവനം ഉണ്ടെങ്കില്‍ മാത്രമേ പരിശോധന നടത്താനാകൂ. പുതിയ ജീവനക്കാരെ നിയമിച്ച് പ്രശ്നം പരിഹരിക്കാന്‍ ശ്രമം ആരംഭിച്ച് കഴിഞ്ഞതായും അധികൃതര്‍ പറഞ്ഞു. ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെല്ലാം ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണം കുറയുന്നതൊഴിച്ചാല് മൂന്നാം തരംഗം ആരോഗ്യമേഖലയെയാണ് സാരമായി ബാധിച്ചത്.
കൊവിഡ് പരിശോധനാ ഫലം വൈകുന്നതായി വ്യാപക പരാതി ഉയരുന്നു. ഇടുക്കി ജില്ലയില്‍ ഇടുക്കി മെഡിക്കല്‍ കോളേജിലാണ് പരിശോധനാ സൗകര്യം ഉള്ളത്. എന്നാല്‍ ഇവിടെ ലഭിക്കുന്ന സാമ്പിളുകള്‍ പരിശോധന നടത്തി കൃത്യ സമയത്ത് ഫലം പുറത്ത് വിടാന്‍ കഴിയാറില്ല.
ജീവനക്കാരുടെ കുറവും സൗകര്യങ്ങളുടെ പരിമിതിയും പ്രശ്നമാകാറുണ്ട്. പലരുടേയും റിസല്‍ട്ട് 4 ദിവസം വരെ താമസിക്കുന്നതായി ആക്ഷേപം ഉണ്ട്. ഇത് കൊവിഡ് രോഗികളെ കണ്ടെത്തുന്നതിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനും കാലതാമസം ഉണ്ടാകുന്നു. ജീവനക്കാര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയാല്‍ പരിശോധനയ്ക്ക് ആവശ്യത്തിന് ജീവനക്കാരെ കിട്ടാതെ വരുന്നു.
കൊവിഡ് വ്യാപകമായതോടെ പരിശോധനയ്ക്ക് എത്തുന്ന സാമ്പിളുകളുടെ എണ്ണവും വര്‍ദ്ധിച്ചു. ഇതും കാലതാമസത്തിന് കാരണമാകുന്നുണ്ട്. കൃത്യ സമയത്ത് പരിശോധനാ ഫലം കിട്ടാതെ വരുന്നത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: