കോട്ടയം: കോട്ടയം ടെക്സ്റ്റൈല്‍സ് മാനേജ്മെന്റ് നടപടികള്‍ക്കെതിരെ എഐടിയുസി സമരത്തിന്. സ്ത്രീകളുള്‍പ്പെടെയുള്ള തൊഴിലാളികളോട് മാനേജ്മെന്റ് സ്വീകരിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് ഫെബ്രുവരി രണ്ടിന് കമ്പനിയിലേക്ക് മാര്‍ച്ച് നടത്താനാണ് യൂണിയന്റെ തീരുമാനം.
സീസണ്‍സമയത്ത് പഞ്ഞി വാങ്ങിക്കാത്തതും ഉല്പാദിപ്പിക്കുന്ന നൂല് കൃത്യസമയത്ത് വില്ക്കാന് സാധിക്കാത്തതും മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതകൊണ്ടാണെന്ന് എഐടിയുസി ആരോപിക്കുന്നു. മാനേജ്മെന്റിന്റെ ഇത്തരം നടപടിമൂലം 2007 മുതല്‍ കമ്പനി നടഷ്ടത്തിലായെന്നും വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കാനാവാത്ത സാഹചര്യം ഉണ്ടാക്കിയെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.
2020 ഫെബ്രുവരി ഏഴിന് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചതിനാല്‍ കമ്പനി ലേഓഫ് ചെയ്തു. ലേഓഫില്‍ പകുതി വേതനം നല്‍കണമെന്ന നിയമം പാലിക്കപ്പെട്ടില്ല. ഫാക്ടറീസ് ആക്ട് അനുസരിച്ച് സ്ത്രീ തൊഴിലാളികളെ രാത്രി പത്തുമണിക്ക് ശേഷം ജോലി ചെയ്യിക്കാന്‍ പാടില്ലെന്നാണ് നിയമം. 2015ല്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഫാക്ടറി ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്ത്രീ തൊഴിലാളികളെ രാത്രി പത്തുമണിക്ക് ബലമായി ഇറക്കിവിട്ടു. ഇതുമൂലം രണ്ട് മണിക്കൂര്‍ മില്ല് പ്രവര്‍ത്തിപ്പിക്കാതെ ഉത്പാദനം കുറഞ്ഞത് നഷ്ടത്തിന് ആക്കം കൂട്ടിയെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.
കോര്‍പ്പറേഷന്റെ മറ്റു മില്ലുകളില്‍ എട്ടിന് തുടങ്ങുന്ന ഷിഫ്റ്റ് ആറുമണിക്കാക്കി നോട്ടീസിട്ടു. കോട്ടയം ടെക്സ്റ്റൈല്‍സ് മാനേജ്മെന്റ് എട്ട് മണി ഷിഫ്റ്റ് ആറ് മണിക്ക് തുടങ്ങാന്‍ നോട്ടീസിട്ടെങ്കിലും സിഐടിയു യൂണിയന് ഹൈക്കോടതിയില്‍ കേസ് നല്കി. ഇതുമൂലം ഷിഫ്റ്റ് മാറ്റുവാന്‍ സാധിക്കാതെ ഉത്പാദന നഷ്ടം തുടര്‍ന്നത് സ്ത്രീ തൊഴിലാളികളെ കൂടുതല്‍ ദുരിതത്തിലാക്കിയതായും എഐടിയുസി ആരോപിക്കുന്നു.
വ്യവസായ മന്ത്രിയുടെ നിര്‍ദേശ പ്രകാരം രണ്ട് തവണ എഐടിയുസി നേതാക്കള്‍ സിഐടിയു കോട്ടയം ഡിസി ഓഫീസില്‍ ചര്‍ച്ച നടത്തി. കമ്പനി മാനേജ്മെന്റ്, ബോര്‍ഡ് ചെയര്മാന്, ഡയറക്ടേഴ്സ് മുഴുവന്‍ യൂണിയനുകളുടെയും നേതാക്കള്‍ എന്നിവരെ പങ്കെടുപ്പിച്ച് ചേര്‍ന്ന യോഗത്തില്‍ കമ്പനി തുറക്കുന്നതിന് തീരുമാനം ഉണ്ടായി. ഈ തീരുമാനവും അട്ടിമറിക്കപ്പെട്ടു. തുടര്‍ന്ന് വ്യവസായ മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കമ്പനി തുറക്കുന്നതിനും സ്ത്രീകളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കുമെന്നും ഉറപ്പു നല്കി. എന്നാല്‍ കമ്പനി തുറന്നപ്പോള്‍ എഐടിയുസി യൂണിയനിലെ 17 സ്ത്രീ തൊഴിലാളികളെ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലേക്ക് സ്ഥലം മാറ്റി.
യൂണിയന് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് സ്ത്രീകളെ സസ്പെന്റ് ചെയ്തു. സ്ഥലം മാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് തിരികെ ജോലിയില്‍ കയറിയവരോട് ക്രൂരമായ നടപടികളാണ് മാനേജ്മെന്റ് കൈക്കൊള്ളുന്നതെന്നും എഐടിയുസി നേതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: