പാലക്കാട്: വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത പന്നിയങ്കരയില്‍ ടോള്‍ പിരിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലായി. ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ ടോള്‍ പിരിക്കാനാണ് സാധ്യത. എന്നാല്‍ കരാര്‍ കമ്പനിയുടെ ദ്രുത നീക്കത്തിനെതിരെ വ്യാപാരികള്‍ തിങ്കളാഴ്ച ടോള്‍പ്ലാസയില്‍ സമരം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
ദേശീയപാതയുടെ പണി 90 ശതമാനം പൂര്‍ത്തിയായതായി ചൂണ്ടിക്കാട്ടി കരാര്‍ കമ്പനി ദേശീയപാത അതോറിറ്റിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര ഏജന്‍സിയായ ഐസിടി പരിശോധന നടത്തി ദേശീയപാത അതോറിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് ദേശീയപാത അതോറിറ്റിയുടെ തിരുവനന്തപുരം റീജണല്‍ ഓഫീസര്‍ പരിശോധിച്ചതിന് ശേഷം പിസിഒഡി സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിനുശേഷം മാത്രമേ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുകയുള്ളു.
ദേശീയപാത അതോറിറ്റിയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം മതിയെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. അതിനാല്‍ ടോള്‍ പിരിവ് ഏത് സമയത്തും ആരംഭിക്കുമെന്നാണ് വിലയിരുത്തല്‍. ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെ ചൊവ്വാഴ്ച മുതല്‍ ടോള്‍ പിരിവ് തുടങ്ങിയിട്ടില്ല.
ഇതിനിടെ ദേശീയപാതയുടെ പണി പൂര്‍ണമായും പൂര്‍ത്തീകരിക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശവാസികള്‍ക്ക് സൗജന്യ പാസ് നല്‍കണമെന്ന ആവശ്യവും അവര്‍ ഉന്നയിക്കുന്നുണ്ട്. ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ദേശീയപാതയുടെയും, സര്‍വീസ് റോഡിന്റെയും പണികള്‍ പൂര്‍ണമായി തീര്‍ക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ട്.
ദേശീയപാതയുടെ പണി പൂര്‍ത്തിയായില്ലെങ്കില്‍ പൂര്‍ത്തിയായ ഭാഗത്തിന് മാത്രം തുക കണക്കാക്കി ടോള്‍ പിരിവ് തുടങ്ങാനും കരാര്‍ കമ്പനിക്ക് ഉദ്ദേശമുണ്ട്. പിന്നീട് പണികള്‍ പൂര്‍ത്തിയായതിന് ശേഷം ടോള്‍ നിരക്ക് കൂട്ടാനും പദ്ധതിയുണ്ട്. ടോള്‍ പിരിവിന് മുന്നോടിയായി പന്നിയങ്കരയിലെ ടോള്‍ പ്ലാസ പൂര്‍ണ സജ്ജമായിട്ടുണ്ട്. കരാര്‍ കമ്പനിയായ കെഎംസി ടോള്‍ പിരിക്കാന്‍ മാത്രം മറ്റൊരു കമ്പനിക്ക് ഉപകരാര്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തോളമായി ടോള്‍ പ്ലാസയില്‍ ജീവനക്കാരും, സിഗ്നല്‍ സംവിധാനങ്ങളുമെല്ലാം സജ്ജമാക്കി. ദേശീയപാത അതോറിറ്റിയുടെ അനുമതി കിട്ടിയാല്‍ എതുസമയത്തും ടോള്‍ പിരിവ് ആരംഭിക്കും.
എന്നാല്‍ പ്രദേശവാസികളെയും നാട്ടുകാരുടെയും ന്യായമായ ആവശ്യങ്ങള്‍ നടത്താതെ കരാര്‍ കമ്പനി ടോള്‍ പിരിവ് നടത്താനാണ് നീക്കമെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് വ്യാപാര സംഘടനകള്‍ അറിയിച്ചു. ഇതിനു മുന്നോടിയായി പന്നിയങ്കര ടോള്‍പ്ലാസയില്‍ തിങ്കളാഴ്ച സമരം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബോബന് ജോര്‍ജ്, ജന.സെക്രട്ടറി ബാലമുരളി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: