ആലപ്പുഴ: കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം പരിശോധിക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ലയിലെ ആറു താലൂക്കുകളിലും സംയുക്ത സ്ക്വാഡുകള്‍ രൂപീകരിച്ച് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ഉത്തരവായി. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡില്‍ റവന്യൂ, പോലീസ്, തദ്ദേശസ്വയം ഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉണ്ടാകും.
മാര്‍ക്കറ്റുകള്‍, വ്യാപാര കേന്ദ്രങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ബാറുകള്‍, ബീച്ചുകള്‍, പ്രധാന ടൂറിസം കേന്ദ്രങ്ങള്‍, മറ്റു പൊതു ഇടങ്ങള്‍, ബാങ്കുകള്‍, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്ക്വാഡുകള്‍ പരിശോധന നടത്തും.
ആളുകള്‍ കൂട്ടം കൂടുന്നില്ലെന്നും സാമൂഹിക അകലം, മാസ്കിന്റെ ശരിയായ ഉപയോഗം, സ്ഥാപനങ്ങളിലെ ബ്രേക് ദ ചെയിന്‍ ക്രമീകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുന്നതിനാണ് പരിശോധന നടത്തുന്നത്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയില്‍ അനുവദനീയമായതിലും കൂടുതല്‍ പേര് പങ്കെടുക്കുന്നുണ്ടോ എന്നതും സ്ക്വാഡുകള്‍ പരിശോധിക്കും.
നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. താലൂക്ക്തല സ്ക്വാഡുകളുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല സബ് കളക്ടര്‍ക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: