ന്യൂദല്‍ഹി: സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷമായ 2047 ന് മുമ്പ് ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യമാണ് നമുക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യാ ഗേറ്റില്‍ സ്ഥാപിച്ച ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഭാരതമാതാവിന്റെ ധീരപുത്രന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാര്ഷികത്തില്, രാജ്യത്തിന് മുഴുവന്‍ വേണ്ടി ഞാന്‍ അദ്ദേഹത്തെ വണങ്ങുന്നു. ഈ ദിവസം ചരിത്രപരമാണ് ഈ കാലഘട്ടവും ഈ സ്ഥലവും ചരിത്രപരമാണ്. സ്വാതന്ത്ര്യവും പരമാധികാരവും ഉള്ള ഇന്ത്യയ്ക്ക് നേതാജി ആത്മവിശ്വാസം നല്കി. ഞാന്‍ സ്വാതന്ത്ര്യത്തിനായി യാചിക്കില്ലെന്നും ഞാന്‍ അത് നേടി എടുക്കുമെന്നും അദ്ദേഹം മഹാവീര്യത്തോടെ ബ്രിട്ടീഷുകാരോട് പറഞ്ഞു. നേതാജിക്ക് ചെയ്യാനാകും, ചെയ്യും എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം.
നേതാജി ഒരിക്കലും ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ തലകുനിച്ചില്ല. സ്വതന്ത്ര ഇന്ത്യ എന്ന സ്വപ്നത്തില്‍ ഒരിക്കലും വിശ്വാസം നഷ്ടപ്പെടുത്തരുതെന്നും ഇന്ത്യയെ വിറപ്പിക്കാന്‍ ലോകത്ത് ഒരു ശക്തിയുമില്ലെന്നും നേതാജി പറയുമായിരുന്നു. ഇന്ത്യാഗേറ്റിലെ നേതാജിയുടെ പ്രതിമ ജനാധിപത്യ മൂല്യങ്ങള്‍ക്കും ഭാവി തലമുറകള്‍ക്കും പ്രചോദനമാകും. താമസിയാതെ ഹോളോഗ്രാം പ്രതിമയ്ക്ക് പകരം ഒരു ഗ്രാനൈറ്റ് പ്രതിമ സ്ഥാപിക്കും. നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വെളിപ്പെടുത്താന്‍ ഈ സര്‍ക്കാരിന് അവസരം ലഭിച്ചത് തന്റെ ഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ അതിന്റെ സ്വത്വവും പ്രചോദനവും പുനരുജ്ജീവിപ്പിക്കുമെന്ന് ആസാദി കാ അമൃത് മഹോത്സവം ദൃഢനിശ്ചയം ചെയ്യുന്നു. ലക്ഷക്കണക്കിന് ദേശവാസികളുടെ തപസ്സും സ്വാതന്ത്ര്യസമരത്തില്‍ ഉള്‍പ്പെട്ടിരുന്നു. സ്വാതന്ത്ര്യാനന്തരം, രാജ്യത്തിന്റെ സംസ്കാരത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കുമൊപ്പം സ്വാതന്ത്ര്യസമരത്തിലെ നിരവധി മഹത് വ്യക്തികളുടെ സംഭാവനകളും തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ ഇന്ന്, സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യം ആ തെറ്റുകള്‍ തിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സര്‍ക്കാര്‍ റിലീഫ്, രക്ഷാപ്രവര്‍ത്തനം, പുനരധിവാസം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതിനൊപ്പം ദേശീയ ദുരന്തനിവാരണസേനയെ നവീകരിക്കുന്നതിനും ഊന്നല്‍ നല്കി. രാജ്യത്തുടനീളം വ്യാപിപ്പിച്ചു. ആസൂത്രണത്തിനും മാനേജ്മെന്റിനുമായി ബഹിരാകാശ സാങ്കേതികവിദ്യയും സാധ്യമായ മറ്റ് മികച്ച രീതികളും സ്വീകരിച്ചു. ദുരന്ത നിവാരണ മേഖലയിലെ സംരംഭങ്ങളെ അന്താരാഷ്ട്ര ഏജന്‍സികള്‍ പ്രശംസിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ സേവിക്കുന്നതിനിടെ ജീവന് നഷ്ടപ്പെട്ട എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് പ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019, 2020, 2021, 2022 വര്‍ഷങ്ങളിലെ സുഭാഷ് ചന്ദ്രബോസ് ആപ്ദ പ്രബന്ധന്‍ പുരസ്കാരങ്ങളും പ്രധാനമന്ത്രി സമ്മാനിച്ചു. ആഭ്യന്തരമന്ത്രി അമിത്ഷാ, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: