കോഴിക്കോട്: 1921 പുഴ മുതല്‍ പുഴ വരെയെന്ന സിനിമ ഹിന്ദിയിലേക്ക് മൊഴിമാറ്റുമെന്ന് സംവിധായകന് രാമസിംഹന്. ഇത് പൂര്‍ത്തിയായാല്‍ ദേശീയതല റിലീസിങ് നടക്കും. ഒട്ടനവധി തടസ്സങ്ങളുണ്ടായ സിനിമ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വാരിയംകുന്നന് കൊല്ലപ്പെട്ട ദിവസം തന്നെ സിനിമ പൂര്‍ത്തിയാക്കി പ്രിവ്യൂ പ്രദര്‍ശനത്തിന് കഴിഞ്ഞൂവെന്നത് തന്റെ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണമാണെന്നും അദ്ദേഹം പറഞ്ഞു.
മാപ്പിള കലാപത്തില്‍ കൊല്ലപ്പെട്ട അറിയപ്പെടാത്ത നൂറുകണക്കിന് നിസ്സഹായരുടെ ജീവിതമാണ് സിനിമയിലൂടെ ആവിഷ്ക്കരിച്ചത്. കൊലയാളികള്‍ക്ക് താമ്രപത്രം നല്കി അവര്‍ക്ക് സ്മാരകം നിര്‍മിച്ച കേരളത്തില്‍ കൊല്ലപ്പെട്ടവരെ വിസ്മരിക്കുകയായിരുന്നു. അവരുടെ ആത്മാക്കള്‍ക്കുള്ള ശ്രദ്ധാഞ്ജലിയാണ് സിനിമ. അവരുടെ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കാനുള്ള സ്മാരകമായി ഈ സിനിമയുണ്ടാകും. ഒട്ടനവധി തടസ്സങ്ങളും വിമര്‍ശനങ്ങളും ഉണ്ടായെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിനിമയെ സഹായിക്കാന്‍ ഏറെ പേര് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ കോഴിക്കോട് കേസരി ഭവനിലെ പരമേശ്വരം ഹാളിലായിരുന്നു പ്രിവ്യൂ പ്രദര്‍ശനം. കുമാരനാശാന്റെ ദുരവസ്ഥയിലുള്ള കഥാപാത്രങ്ങളായ ചാത്തന്റെയും സാവിത്രിയുടെയും ജീവിതത്തിലൂടെയാണ് 1921 ലെ കൂട്ടക്കൊലയുടെ ചരിത്രം സിനിമയിലൂടെ ആവിഷ്ക്കരിക്കപ്പെടുന്നത്. സിനിമയില്‍ വാരിയംകുന്നനായി വേഷമിടുന്നത് തലൈവാസല്‍ വിജയ്യാണ്. ചാത്തനായി ആര്.എല്‍.വി. രാമകൃഷ്ണനും വേഷമിടുന്നു. ജോയ് മാത്യു, ദിനേശ് പണിക്കര്‍, വിജയ് മേനോന്, ഷോബി തിലകന്, ഷിബു തിലകന്, ശ്രീജിത്ത് കൈവേലി, ബാബുസാമി, കോഴിക്കോട് നാരായണന് നായര്‍, അഗ്നസുരേഷ്, കൃഷ്ണപ്രിയ, ജില്‍ഷ എന്നിവരും പ്രധാന റോളുകള്‍ നിര്‍വ്വഹിക്കുന്നു. രണ്ടായിരത്തിലധികം കലാകാരന്മാരാണ് സിനിമയില്‍ വിവിധ രംഗങ്ങളില്‍ വേഷമിട്ടത്. വയനാട്, പാലക്കാട്, കോഴിക്കോട് ജില്ലകളിലായാണ് ചിത്രീകരണം നടന്നത്.
മമധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിങ് എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് ഇക്കഴിഞ്ഞ ഡിസംബറില്‍ രാമസിംഹന് എന്ന പേര് സ്വീകരിച്ച സംവിധായകന് അലി അക്ബറാണ്. ലൂസിയാമ്മ അലി അക്ബറാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പട്ടണം റഷീദാണ് മേക്കപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: