ന്യൂദല്‍ഹി: ഇന്ത്യയില്‍ കോറോണയുടെ പുതിയ വകഭേദമായ ഒമിക്രോണ്‍ സമൂഹവ്യാപന ഘട്ടത്തിലാണെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര സര്‍ക്കാരിന്റെ ജീനോം സീക്വന്‍സിങ് ലാബ്സ് കണ്‍സോര്‍ഷ്യം. ഇപ്പോള്‍ നടക്കുന്നത് സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി വിലയിരുത്തുന്നത്. ജെനോം സീക്വന്‍സിങ് കണ്‍സോര്‍ശ്യത്തിന്റെ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വൈറസിന്റെ സാമ്പിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ രൂപീകരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ സംഘടനയാണ് ഇന്‍സാകോഗ്. ‘ഇന്ത്യയില്‍ ഒമിക്രോണ്‍ സമൂഹവ്യാപന ഘട്ടത്തിലാണ്. രാജ്യത്തെ പല പ്രധാന നഗരങ്ങളിലും ഒമിക്രോണ്‍ അതിവേഗം പടരുകയാണ്. കൂടാതെ, കോറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതുമെല്ലാം ഒമിക്രോണിന്റെ സ്വാധീനത്താലാണ്’ ഇന്‍സാകോഗ് അറിയിച്ചു.
ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ.2 ലീനിയേജ് രാജ്യത്ത് ഗണ്യമായി കണ്ടെത്തിയിട്ടുണ്ട്. ഭൂരിഭാഗം കേസുകളിലും ആളുകള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമാകാറില്ല. എന്നാല്‍ ഒമിക്രോണ്‍ ബാധ രൂക്ഷമായാല്‍ ആരോഗ്യ സ്ഥിതി വളരെ മോശമാകുന്നു എന്നും ഇന്‍സാകോഗ് മുന്നറിയിപ്പ് നല്കി. അടുത്തിടെ ലോകത്ത് സ്ഥിരീകരിച്ച കോറോണയുടെ മറ്റൊരു വകഭേദം ‘ഇഹു’വിനെ കുറിച്ച് പഠിക്കുകയാണെന്നും, ഇതിന് കാര്യമായ വ്യാപനശേഷി ഇല്ലെന്നും ഇന്‍സാകോഗ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാജ്യത്തെ നാല് പ്രധാന നഗരങ്ങളില്‍ മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നതായാണ് സൂചന. നഗരങ്ങളിലെ പ്രതിദിന രോഗികളുടെ എണ്ണവും കുറഞ്ഞു തുടങ്ങി. മുംബൈ, ദല്ല്ലി, ചെന്നൈ, കൊല്‍ക്കത്ത എന്നീ നാല് നഗരങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം പരമാവധിയില്‍ എത്തി കഴിഞ്ഞു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൂന്നാം തരംഗം ഏറ്റവും രൂക്ഷമായി ബാധിച്ച നഗരമായിരുന്നു മുംബൈ. ഇവിടുത്തെ കഴിഞ്ഞ ഏഴ് ദിവസത്തെ കണക്ക് പരിശോധിച്ചാല്‍ കോവിഡ് വ്യാപനത്തിലെ കുറവ് വ്യക്തമാണ്. ദില്ലിയിലും കൊല്‍ക്കത്തയിലും ചെന്നൈയിലും സ്ഥിതി സമാനം. ബെംഗളൂരു, പുണെ, അഹ്മദാബാദ്, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ കഴിഞ്ഞ ആഴ്ച്ച കൊവിഡ് കണക്ക് കുത്തനെ ഉയര്‍ന്ന ശേഷം വീണ്ടും കുറഞ്ഞു തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: