വാഷിങ്ടണ്‍: അമേരിക്കയില്‍ കൂടുതലിടങ്ങില് അതിശൈത്യത്തെ തുടര്‍ന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. വെര്‍ജിനീയ, നോര്‍ത്ത് കാരോലിന, സൗത്ത് കരോലിന സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഉറഞ്ഞ ഹിമക്കാറ്റും ശക്തമായ ഹിമപ്പേമാരിയും കിഴക്കന്‍ മേഖലകളില്‍ ആഞ്ഞടിക്കുമെന്ന കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിപ്പിനെ തുടര്‍ന്നാണ് ഇത്.
വൈദ്യുതി മുടക്കവും ഗതാഗത തടസ്സവും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് കോടിയോളം ആളുകള്‍ ഹിമപ്പേമാരിയുടെ ഭീഷണിയിലാണ്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്ററോളം വേഗമുള്ള മഞ്ഞ്കാറ്റ് മേഖലയില്‍ ആഞ്ഞടിക്കും. അതിശൈത്യത്തെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ഒരടിയോളം മഞ്ഞുകട്ടകള്‍ രൂപപ്പെട്ടതായി യുഎസ് നാഷണല്‍ വെതര്‍ സര്‍വീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം, യുഎസ് കാനഡ അതിര്‍ത്തിയില്‍ മഞ്ഞിലകപ്പെട്ട് നാല് ഇന്ത്യക്കാര്‍ മരിച്ചിരുന്നു. കൈക്കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരാണ് അപകടത്തില്‍പ്പെട്ടത്. അനധികൃതമായി കാനഡ വഴി അമേരിക്കന്‍ അതിര്‍ത്തി കടക്കാനുള്ള ശ്രമത്തില്‍ കൊടുംതണുപ്പില്പെട്ട് മരണമടഞ്ഞതാണെന്ന് കരുതുന്നതായി അമേരിക്കന്‍ അധികൃതര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: