ന്യൂദല്‍ഹി: സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുവര്‍ണ അധ്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന് രാജ്യത്തിന്റെ ആദരം. ഇന്ത്യാ ഗേറ്റില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുമെന്നും നേതാജിയുടെ 125-ാം ജന്മവാര്ഷികദിനമായ ജനുവരി 23ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തോട് പങ്കുവച്ചു.
‘രാഷ്ട്രം മുഴുവന്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, ഗ്രാനൈറ്റില്‍ നിര്‍മിച്ച അദ്ദേഹത്തിന്റെ മഹത്തായ പ്രതിമ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹത്തോടുള്ള ഇന്ത്യയുടെ കടപ്പാടിന്റെ പ്രതീകമായിരിക്കും ഇത്. പ്രതിമ പൂര്‍ത്തിയാകുന്നതു വരെ, അദ്ദേഹത്തിന്റെ ഒരു ഹോളോഗ്രാം പ്രതിമ അതേ സ്ഥലത്ത് ഉണ്ടായിരിക്കും.’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
നേതാജിയോടുള്ള ആദര സൂചകമായി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ 23ന് ആരംഭിക്കാന്‍ മോദി സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിമ സ്ഥാപിക്കുന്ന വിവരവും പ്രധാനമന്ത്രി രാഷ്ട്രത്തെ അറിയിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം 2016ല്‍ നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23 പരാക്രം ദിവസമായി ആചരിക്കാന്‍ തുടങ്ങിയതും മോദി സര്‍ക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: