ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് ഇടത് സര്‍ക്കാര്‍ ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്റെ സ്മാരകമായി സമരനായകനായിരുന്ന കേളപ്പജിയുടെ പ്രതിമയ്ക്ക് പകരം എകെജിയുടെ പ്രതിമ സ്ഥാപിച്ചത് ചരിത്രത്തെ മാനഭംഗപ്പെടുത്തലാണെന്ന് ടി. പദ്മനാഭന്. മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണത്തിന്റെ തൊണ്ണൂറാം വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക പതിപ്പില്‍ (ജനുവരി 23-29) ‘കേളപ്പന് എന്ന അനുഭവം’ എന്ന ശീര്‍ഷകത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം കേളപ്പജിയോടുള്ള അവഗണനയ്ക്കെതിരെ ശക്തമായി പ്രതികരിച്ചത്.
കേരളം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയായ എ.കെ.ജി. ഇന്നുണ്ടായിരുന്നെങ്കില്‍ ആദ്യം ചെയ്യുക ആ സ്മാരകം ഇടിച്ചുനിരത്തുകയായിരിക്കും ചെയ്യുക എന്നും പദ്മനാഭന് പറയുന്നു. കേരളത്തിലെ സ്വാതന്ത്ര്യസമര പോരാട്ടത്തിനും സര്‍വ്വോദയ പ്രസ്ഥാനത്തിനും വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം തുടങ്ങിയ സാമൂഹ്യവിപഌവങ്ങള്‍ക്കും നേതൃത്വം നല്കിയ കെ. കേളപ്പന്റെ വേര്പാടിന് അരനൂറ്റാണ്ട് കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി കേരളത്തില്‍ മാറിമാറി ഭരിച്ചവരാരും തയ്യാറായില്ല. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് കേളപ്പജി ജനിച്ച പ്രദേശത്തും അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന മലപ്പുറത്തെ തവന്നൂരിലും ഒരു സ്മാരകം ഉണ്ടായില്ല. തവന്നൂരില്‍ ഈയിടെയാണ് ദേശസ്നേഹികളായ കുറച്ചുപേര്‍ ചേര്‍ന്ന് ഒരു സമാധിമണ്ഡപം നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രമായ കോഴിക്കോട്, മലപ്പുറം ജില്ലകളിലെവിടെയും കേളപ്പന്റെ ഓര്‍മ്മകള്‍ അടയാളപ്പെടുത്തുന്ന ഒന്നും തന്നെ അദ്ദേഹം നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് പാര്‍ട്ടി പല തവണ കേരളം ഭരിച്ചിട്ടും സ്ഥാപിച്ചിട്ടില്ല. ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ സ്മാരകം ക്ഷേത്രപരിസരത്ത് ഉണ്ടാക്കിയപ്പോഴും സമരത്തിന് നേതൃത്വം നല്കിയ കേളപ്പജിയെ ഒഴിവാക്കി, പകരം വളന്റിയര്‍ ക്യാപ്റ്റനായിരുന്ന എ.കെ. ഗോപാലന്റെ പ്രതിമ മാത്രം സ്ഥാപിച്ചു.
‘കേളപ്പന് കഥാവശേഷനായിട്ട് കാലമേറെയായി. ഇതുവരെയായിട്ടും പിറന്ന നാടിനുവേണ്ടി തന്റെ സര്‍വ്വസ്വവും സമര്‍പ്പിച്ച ആ നിസ്വാര്‍ത്ഥ സേവകന് സമുചിതമായ ഒരു സ്മാരകം ഉയര്‍ന്നുവന്നിട്ടില്ല. ഒരു സ്മാരകം ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതിന് ഏറ്റവും ഉചിതമായ സ്ഥലം ഗുരുവായൂരാണെന്ന് ഏത് നിഷ്പക്ഷമതിയും സമ്മതിക്കാതിരിക്കില്ല. മഹത്തായ ക്ഷേത്രപ്രവേശന സമരത്താല് അദ്ദേഹം ചരിത്രം സൃഷ്ടിച്ചത് ഗുരുവായൂരാണല്ലോ. ഈ അടുത്തകാലത്ത് ഗുരുവായൂരമ്പലത്തിന്റെ കിഴക്കേ നടയില്‍ സത്യഗ്രഹസമരനായകന് ഒരു സ്മാരകം ഉയര്‍ന്നുവന്നിട്ടുണ്ട്. പക്ഷേ, അത് കേളപ്പനുള്ളതല്ല. സമരകാലം മുഴുവന്‍ കേളപ്പന്റെ സഹായിയും പ്രിയശിഷ്യനുമായ എകെജിയുടെ പേരിലാണ്!
കേരളം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ് എകെജി. അദ്ദേഹമിന്നുണ്ടായിരുന്നെങ്കില്‍ ആദ്യം ചെയ്യുക ആ സ്മാരകം ഇടിച്ചുനിരത്തുകയായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. കല്ലിലും ലോഹത്തിലും തീര്‍ത്ത സ്മാരകങ്ങളില്ലെങ്കിലും ജനഹൃദയങ്ങളില്‍ കേളപ്പന് എന്നും ജീവിക്കും. പക്ഷെ, അതല്ലല്ലോ കാര്യം. ഗുരുവായൂരെ ഈ സത്യഗ്രഹ സ്മാരകത്തിന്റെ പിറകിലത്തെ ബുദ്ധി ആരുടെതാണെന്നറിയില്ല. പക്ഷെ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയുന്നു. ഇത് ചരിത്രത്തെ തമസ്കരിക്കലാണ്. ചരിത്രത്തെ മാനഭംഗപ്പെടുത്തലാണ്. ഇതുചെയ്തവര്‍ക്ക് കാലം മാപ്പുകൊടുക്കില്ല.’
കേളപ്പജി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളാല്‍ വിസ്മൃതനാകേണ്ടി വന്നതിന്റെ കാരണത്തെ കുറിച്ചും പദ്മനാഭന് ചില സൂചനകള്‍ നല്കുന്നു. അവസാനകാലത്ത്, 1968ല്‍ തളിക്ഷേത്ര സമുദ്ധരണത്തിനായി നടന്ന പ്രക്ഷോഭത്തിന്റെ നായകത്വം കേളപ്പജി ഏറ്റെടുത്തതാണ് ചരിത്രത്തില്‍ നിന്നുതന്നെ അദ്ദേഹത്തെ ഉന്മൂലനം ചെയ്യത്തക്കവിധത്തില്‍ ഇടത്-വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ അകറ്റിനിര്‍ത്താന്‍ കാരണമെന്ന സൂചനയാണ് പദ്മനാഭന് ലേഖനത്തില്‍ നല്‍കുന്നത്. ബ്രിട്ടീഷുകാരാല്‍ നിരവധി തവണ അറസ്റ്റും ജയില്‍ശിക്ഷയും നേരിട്ട കേളപ്പന് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി അറസ്റ്റുവരിക്കേണ്ടി വന്നത് തളി ക്ഷേത്ര സമരത്തിലായിരുന്നു എന്ന് അദ്ദേഹം പറയുന്നു. കേളപ്പന് മുസഌം വിരോധിയാണ്, കേളപ്പന് സംഘിയാണ് തുടങ്ങിയ അപവാദ പ്രചാരണങ്ങളും ഉണ്ടായെന്ന് പദ്മനാഭന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: