ന്യൂദല്‍ഹി: എസ്പിയിലായിരിക്കെ തന്നെ ദേശീയ താല്പര്യം മുന്‍നിര്‍ത്തിയുള്ള ബിജെപിയുടെ നിലപാടുകളെ പരസ്യമായി പിന്തുണച്ചയാളാണ് 32 കാരിയായ അപര്‍ണ യാദവ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യോഗി ആദിത്യനാഥിന്റെയും നടപടികളെ പരസ്യമായി പിന്തുണച്ച അപര്‍ണ അയോധ്യ രാമക്ഷേത്രനിര്‍മ്മാണം, ദേശീയ പൗരത്വനിയമം എന്നിവയില്‍ ബിജെപിയെ അനുകൂലിച്ച് രംഗത്ത് എത്തിയിരുന്നു.
എക്കാലവും ദേശീയതയുടെ പക്ഷം പിടിച്ച അപര്‍ണ രാമക്ഷേത്രനിര്‍മ്മാണത്തിന് 11 ലക്ഷം രൂപ സംഭാവനയും നല്‍കിയിരുന്നു. ഇന്ത്യയുടെ സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും കേന്ദ്രമാണ് രാമനെന്നായിരുന്നു സംഭാവന നല്‍കിയശേഷമുള്ള പ്രതികരണം. കുടുംബം മുന്‍കാലങ്ങളില്‍ ചെയ്ത പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തനിക്കാവില്ലെന്നും കര്‍സേവകര്‍ക്കെതിരെ വെടിവെക്കാന്‍ യുപി പോലീസിന് ഉത്തരവ് നല്കിയ മുഖ്യമന്ത്രി മുലായംസിങ്ങ് യാദവിന്റെ നടപടിയെ വിമര്‍ശിച്ച് അപര്‍ണ വ്യക്തമാക്കിയിരുന്നു.
മുന്‍ മാധ്യമപ്രവര്‍ത്തകനും യുപി വിവരാവകാശ കമ്മീഷണറുമായ അരവിന്ദ് സിങ് ബിഷ്ടിന്റെയും അംബി ബിഷ്ടിന്റെയും മകളായ അപര്‍ണ 2011ലാണ് അഖിലേഷ് യാദവിന്റെ ഇളയ സഹോദരനായ പ്രതീക് യാദവിനെ വിവാഹം കഴിക്കുന്നത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ഇന്റര്‍നാഷണല്‍ റിലേഷന്‍സിലും പൊളിറ്റിക്സിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സ്ത്രീകളെ ബോധവല്‍ക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ബി അവയര്‍ എന്ന സംഘടനയ്ക്ക് നേതൃത്വം നല്കുന്നു. ലഖ്നൗവില്‍ പശുക്കള്‍ക്കായി ഒരു ഷെല്‍ട്ടറും നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: