പുതുക്കാട് : യദുകൃഷ്ണയുടെ ചിത്രം വര കണ്ടാൽ ആരും ആശ്ചര്യപ്പെട്ടു പോകും. രണ്ട് കൈകളും രണ്ട് കാലുകളും ഉപയോഗിച്ച് ഒരേ സമയം നാല് ചിത്രങ്ങളാണ് ഈ മിടുക്കൻ വരക്കുന്നത്. വേറിട്ട ഈ ചിത്രരചനാ രീതി കാണാൻ നിരവധി പേരാണ് യദുകൃഷ്ണയുടെ വീട്ടിലെത്തുന്നത്.
ചുവരുകളിൽ നാല് എ ഫോർ ഷീറ്റുകൾ ആദ്യം ഒട്ടിച്ചു വക്കും. തുടർന്ന് കാൽ വിരലുകളിൽ പേനകൾ ടേപ്പ് കൊണ്ട് ഒട്ടിച്ചു വച്ചും, രണ്ട് കൈകളിൽ പേനകൾ പിടിച്ചുമാണ് യദുവിന്റെ ചിത്രരചന. മൂന്ന് മണിക്കൂറോളം സമയമെടുക്കും ചിത്രം പൂർത്തിയാകാൻ. യദുവിന്റെ ഭാവനയിൽ വിടരുന്ന നാല് വ്യതസ്ത ചിത്രങ്ങളാണ് ഒരേ സമയം പൂർത്തിയാകുന്നത്. ആറാം ക്ലാസ് മുതൽ യദു ചിത്രം വരക്കുന്നുണ്ട്. കൊവിഡ് കാലത്തെ വിരസതയാണ് ഇത്തരത്തിൽ ഒരു പുതുമ പരീക്ഷിക്കാൻ യദുവിന് പ്രേരണയായത്.
വീട്ടുകാരുടെ പ്രചോദനവും സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിച്ച അറിവുമാണ് യദുവിന്റെ ഉള്ളിലെ കലാവൈഭവത്തെ പുറം ലോകത്തെത്തിച്ചത്. ഒരു വടിയിൽ മൂന്ന് പേനകൾ വച്ചു കെട്ടി ഒരേ സമയം 3 പേപ്പറിൽ 3 വ്യതസ്ത ചിത്രം വരക്കാനും യദുകൃഷ്ണ വിദഗ്ധനാണ്. പെയിന്റിങ്ങ് തൊഴിലാളിയായ ചെങ്ങാലൂർ രണ്ടാംകല്ല് താപ്പാട്ട് സത്യൻ – രമ ദമ്പതികളുടെ മകനാണ് യദുകൃഷ്ണ. സഹോദരി കൃഷ്ണേന്ദു. പുതുക്കാട് സെന്റ് ആന്റണീസ് എച്ച്.എസ്.എസ് ലെ പ്ലസ് ടു വിദ്യാർത്ഥിയായ യദുകൃഷ്ണക്ക് അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പിന്തുണയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: