ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയ 30 പേരെ രക്ഷപെടുത്തി ഇന്ത്യന്‍ സൈന്യം. ചൗക്കിബാല്‍ താങ്ധര്‍ എന്‍എച്ച് 701 റോഡിലാണ് ആളുകള്‍ കുടുങ്ങിയത്. അപകട വിവരം അറിഞ്ഞ ഉടന്‍ തന്നെ ജനറല്‍ റിസര്‍വ്വ് എന്‍ജിനീയര്‍ ഫോഴ്സിലെയും സൈന്യത്തിലെയും രണ്ട് ടീമുകളെ രക്ഷാദൗത്യത്തിനായി അയച്ചിരുന്നു
ഖൂണി നാല, എസ്എം ഹില്‍ മേഖലയ്ക്ക് സമീപമായിരുന്നു ആളുകള്‍ കുടുങ്ങിയത്. മഞ്ഞുവീഴ്ചയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വിദഗ്ധരായ സംഘത്തെയാണ് അയച്ചതെന്നും സൈന്യം വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥ പോലും കണക്കിലെടുക്കാതെയാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് ശ്രീനഗര്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ അറിയിച്ചു. രക്ഷപ്പെടുത്തിയവരില്‍ 14 പേരെ നീലം മേഖലയിലേക്കും 16 പേരെ സുരക്ഷിതമായി സാധനാ പാസിലേക്കും എത്തിച്ചു. രക്ഷപെടുത്തിയവര്‍ക്ക് രാത്രി തങ്ങാനുളള സൗകര്യവും, ഭക്ഷണവും, മരുന്നും സൈന്യം ഏര്‍പ്പെടുത്തിയതായി അറിയിച്ചു.
വഴിയില്‍ കുടുങ്ങിയ 12 ഓളം വാഹനങ്ങളും പിന്നീട് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് എത്തിച്ചതായി സൈന്യം അറിയിച്ചു. വാഹനങ്ങള്‍ക്ക് മുകളിലേക്ക് മഞ്ഞ് വീണ് മൂടിയ നിലയിലായിരുന്നു. ഏറെ നേരം പണിപ്പെട്ട ശേഷമാണ് മഞ്ഞ് നീക്കി വാഹനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: