കുണ്ടറ: ബാറിലെ അടിപിടി ഉണ്ടാക്കിയ പ്രതിയെതേടി വീട്ടിലെത്തിയ പോലീസുകാരെ പ്രതിയും വീട്ടുകാരും ചേർന്ന് മർദ്ദിച്ചുവെന്ന് പോലീസ്. കിഴക്കേ കല്ലട എസ്. ഐ അനീഷ്, സി.പി.ഒ വിവേക് എന്നിവർക്കാണ് മർദ്ദനം ഏറ്റതെന്ന് സി.ഐ പറഞ്ഞു. സംഭവത്തിൽ കിഴക്കേ കല്ലട ഓണമ്പലം തെക്കനഴികത്ത് വീട്ടിൽ അനന്തു (26), ആകാശ് (22) എന്നിവരെ ബാർ മാനേജരെ മർദിച്ചകേസിലും പോലീസുകാരെ മർദിച്ച കേസിലും അറസ്റ്റ് ചെയ്തു. പോലീസിനെ ആക്രമിച്ച കേസിൽ ഇവരുടെ പിതാവ് ശശിയെ മൂന്നാം പ്രതിയാക്കിയിട്ടുണ്ട്.
സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ. ശനിയാഴ്ച രാത്രി വൈകി കിഴക്കേകല്ലട ബാറിലെത്തിയ ആകാശിനും സംഘത്തിനും മദ്യം നൽകാത്തതിനെ തുടർന്ന് ഇവർ അക്രമം നടത്തുകയും ബാർ മാനേജരെ മർദ്ദിക്കുകയും ചെയ്തു. അവിടെ നിന്നും പോയതിന് ശേഷം മൂന്ന് മുക്കിൽ ആയുധങ്ങളുമായി എത്തി ബാർ ജീവനക്കാരെ മർദ്ദിക്കാനായി കാത്തു നിന്നു. ഈ സമയം അതുവഴി വന്ന എല്ലാ വാഹനങ്ങളും ഇവർ തടഞ്ഞു പരിശോധിച്ച് ഭീഷണിപെടുത്തി നാടിനെ ഭീതിയിലാക്കി. സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും അക്രമി സംഘം രക്ഷപ്പെട്ടു.
ബാറിൽ നിന്നും ലഭിച്ച പരാതിയിൽ എസ്.ഐയും സംഘവും ബാറിലെ സി.സി ടി.വിയിൽ നിന്നും ലഭിച്ച ബൈക്കിന്റെ ഉടമയെ അന്വേഷിച്ച് ഇവരുടെ വീട്ടിലെത്തിയത്. ആകാശിന്റെ സഹോദരൻ അനന്തുവിന്റേതായിരുന്നു ബൈക്ക്. അനന്തുവോ അവിടെയുണ്ടായിരുന്ന ആകാശോ സ്റ്റേഷനിലേക്ക് വരാൻ തയ്യാറാകാതെ വരുകയും തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘർഷത്തിലും എത്തി. അനന്തു വിവകിനേയും ശശിമോഹൻ അനീഷിനെയും മർദ്ദിച്ചു. പിന്നീട് സി.ഐ സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു.
എന്നാൽ തങ്ങൾക്കാണ് പോലീസുകാരിൽ നിന്നും മർദ്ദനമേറ്റതെന്ന് വീട്ടുകാർ പറയുന്നു. എസ്.ഐ അനീഷ്, സി.പി.ഒ വിവേക് എന്നിവർ കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് മർദ്ദിച്ചുവെന്ന ആരോപണത്തിൽ ശശിയും ഭാര്യ പ്രസന്നയും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പോലീസിനെതിരെ ഇവർ പരാതി നൽകിയിട്ടുമുണ്ട്. അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു. മറ്റു പ്രതികളെ കണ്ടത്താനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: