പി.ജി. ഗോപാലകൃഷ്ണന്‍
(തപസ്യ സംസ്ഥാന സമിതി അംഗമാണ് ലേഖകന്‍)
ഭക്തിയും ജ്ഞാനവും സമന്വയിച്ച ഗാന രചയിതാവ്. സംഗീതത്തിന്റെ ആഴവും പരപ്പുമറിഞ്ഞ സംഗീത സംവിധായകന്‍, മികച്ച സംഗീത അധ്യാപകന്‍… അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭയായിരുന്നു ആലപ്പി രംഗനാഥ് എന്ന വാഗേയകാരന്‍.
ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും നാടകഗാനങ്ങളും തുടങ്ങി അദ്ദേഹം കൈവെക്കാത്ത മേഖലകള്‍ ചുരുക്കം. തൊട്ടതെല്ലാം പൊന്നാക്കി. ഭക്തിഗാനങ്ങള്‍ക്കപ്പുറം, പച്ചപ്പനം കിളി തത്തേ നിന്റെ ചിത്തത്തിലാരാണു പെണ്ണേ, ശാലീന സൗന്ദര്യമേ, നിറയോ നിറ നിറയോ, ഓര്‍മ്മയില്‍ പോലും പൊന്നോണമെപ്പോഴും, നാലുമണിപ്പൂവേ…നാലുമണിപ്പൂവേ നാടുണര്‍ന്നു…തുടങ്ങിയ ഗാനങ്ങളും അദ്ദേഹത്തിന്റെയാണ്.
സ്‌നേഹസ്വരൂപനായ ആ വ്യക്തിയെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രസംഗങ്ങളില്‍, തനത് ശൈലിയില്‍, സ്ഫടികമണികള്‍ ഉതിരുംപോലെ വ്യക്തതയോടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് കേള്‍ക്കാന്‍ തന്നെ ഒരു സുഖമായിരുന്നു. ഏതു വിഷയമായാലും മാസ്റ്ററുടെ അഭിപ്രായത്തില്‍ എപ്പോഴും ആധികാരികത നിറഞ്ഞിരുന്നു. പാട്ടെഴുത്തിന്റെ കാര്യത്തിലും അത് ദര്‍ശിക്കാം. അറിവും ഭാഷാ ചാതുര്യവും സമഞ്ജസമായി സമ്മേളിക്കുന്ന സരസ്വതീകടാക്ഷം അദ്ദേഹത്തിന്റെ കൂടെയുണ്ട്. ഒരു മൂളലില്‍, ഒന്ന് കണ്ണ് ചിമ്മുന്നതിനിടയില്‍ സംഭവിക്കുന്ന എഴുത്തും സംഗീതവും അപാരമാണ്.
1949 മാര്‍ച്ച് 9ന് ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി. ദേവമ്മാളുടെയും മകനായി ജനിച്ചു. 14 വയസ്സുവരെ ആലപ്പുഴയില്‍ തന്നെയായിരുന്നു താമസം. രാഘവന്‍ മാഷിന്റെ ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു’ എന്ന ഗാനത്തിന് സംഗീതോപകരണവാദകന്‍ ആയിട്ടാണ് സിനിമാ രംഗത്ത് വന്നത്. പിന്നീട് എം.എസ്. വിശ്വനാഥന്റെ സഹായിയായി, ജോസഫ് കൃഷ്ണയുടെ ശിഷ്യനായി. 1973ല്‍ സ്വതന്ത്രമായി സംഗീതം നല്‍കി. ജീസസ് എന്ന സിനിമയ്‌ക്ക് വേണ്ടി. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, ആരാന്റെ മുല്ല കൊച്ചുമുല്ല, മടക്കയാത്ര, മാമലകള്‍ക്കപ്പുറത്ത് തുടങ്ങിയ പ്രധാന സിനിമകള്‍. പൂച്ചയ്‌ക്കൊരു മൂക്കുത്തി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. അമ്പാടിതന്നിലൊരുണ്ണി, ധനുര്‍വേദം എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.
സംഗീത അധ്യാപകനായും പ്രവര്‍ത്തിച്ചു. പിന്നീട് ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയില്‍ ഉദ്യോഗസ്ഥനായി. യേശുദാസ്-ആലപ്പി കൂട്ടുകെട്ടില്‍ അനേകം പാട്ടുകളാണ് ഉണ്ടായിട്ടുള്ളത്. ത്യാഗരാജ സ്വാമികളെ പറ്റി ദൂരദര്‍ശനില്‍ 17 എപ്പിസോഡുള്ള പരമ്പര അദ്ദേഹം ചെയ്തിട്ടുണ്ട്. ത്യാഗരാജസ്വാമികളുടെ പഞ്ചരത്‌ന കീര്‍ത്തനങ്ങളുടെ ചുവടുപിടിച്ച് രചിച്ച ‘ഗുരുരത്‌നം പഞ്ചകം’ സംഗീത ലോകത്ത് ആദ്യമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്.
72 മേളകര്‍ത്താരാഗങ്ങള്‍ക്കും കീര്‍ത്തനം രചിച്ച് സംഗീതം നല്‍കി പിന്നണിഗായകന്‍ ബിനു ആനന്ദ് പാടി റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞു. ഇതെല്ലാം കേരള സര്‍ക്കാരിന് നല്‍കുകയും ചെയ്തു. തപസ്യ മധ്യമേഖല പ്രസിഡന്റും കലാഭാരതി പ്രസിഡന്റുമായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം, ഇപ്പോള്‍ ലഭിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം ഉള്‍പ്പെടെ ലഭിച്ച അവാര്‍ഡുകളുടെ വലിയ നിരതന്നെ അദ്ദേഹത്തിന്റെ സ്വീകരണമുറിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: