കഴിഞ്ഞ കുറച്ചു ദിവസമായി ദല്‍ഹിയിലെ മാധ്യമ സുഹൃത്തുക്കള്‍ക്ക് വലിയ ആവേശം പ്രദാനം ചെയ്ത വാര്‍ത്തകളാണ് ഉത്തര്‍പ്രദേശില്‍ നിന്ന് ലഭിച്ചത്. ബിജെപിയിലെ ചില എംഎല്‍എമാര്‍, ചില മന്ത്രിമാര്‍ ഒക്കെ രാജിവെച്ച് മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറിയതാണ് അതിനൊരു കാരണം. ഒബിസി നേതാക്കളാണ് പുറത്തുവന്നതെന്നും അതോടെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ അന്ത്യമായെന്നുമൊക്കെ വിളിച്ചുകൂവിയ മാധ്യമ സുഹൃത്തുക്കളെയും മലയാളം ചാനലുകളില്‍ കണ്ടു. മറ്റു ഭാഷാ പത്രങ്ങളിലും ചാനലുകളിലുമൊക്കെ ഇത്തരത്തിലുള്ള വിശകലനങ്ങള്‍ നടന്നിരിക്കും. ബിജെപിക്ക് എന്തെങ്കിലും ചെറിയ പ്രശ്നമുണ്ടായി എന്ന് തോന്നിയാല്‍ അത്യധികം ആഹഌദിക്കുന്ന കൂട്ടരാണല്ലോ ദല്‍ഹിയിലെ ഒട്ടേറെ മാധ്യമ പ്രവര്‍ത്തകരും. യാഥാര്‍ഥ്യബോധം അവര്‍ക്ക് ഇല്ലാഞ്ഞിട്ടല്ല; സ്വതവേ നല്ല രാഷ്ട്രീയ നിരീക്ഷണ പാടവമുള്ളവരാണ് അവരിലേറെയും. എന്നാല്‍ ഇങ്ങനെയൊക്കെ കള്ളം പറഞ്ഞാലേ മതേതര സ്വഭാവം നിലനിര്‍ത്താനാവൂ എന്ന വികല ചിന്തയാണ് അവരെ അലട്ടുന്നത്. പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കും ജിഹാദികള്‍ക്കും കലാപകാരികള്‍ക്കും വേണ്ടി ചിലരെങ്കിലും നിലകൊള്ളുന്നതും അതൊക്കെക്കൊണ്ടുകൂടിയാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ കൂടുമാറ്റങ്ങള്‍ പുതിയ കാര്യമല്ല. ബിജെപിയിലേക്ക് അനവധിപേര്‍ വരുന്നുണ്ട്, ചിലരൊക്കെ പോകുന്നുമുണ്ട്. മറ്റുപാര്‍ട്ടികളുമായി ബന്ധപ്പെട്ടും ഇതൊക്കെ കാണാനാവുന്നുണ്ട്. പഞ്ചാബില്‍ എത്രയോ കോണ്‍ഗ്രസ്-അകാലി ദള്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി ദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ദിവസേനയെന്നോണം അത്തരത്തിലുള്ള ചടങ്ങുകള്‍ നടക്കുന്നുണ്ട്, മാധ്യമങ്ങള്‍ കാണുന്നുമുണ്ട്. നവജ്യോത് സിങ് സിദ്ദുവും പഞ്ചാബ് മുഖ്യമന്ത്രിയും തമ്മില്‍ പരസ്യമായ വിഴുപ്പലക്കല്‍ നടക്കുന്നു. ഗോവയിലുമുണ്ട് സമാനമായ സ്ഥിതി. എത്രയോ കോണ്ഗ്രസ്സുകാര് എഎപിയിലും തൃണമൂല്‍ കോണ്‍ഗ്രസിലും ചേക്കേറിയിട്ടുണ്ട്. ഇതൊന്നും ദല്‍ഹിയിലെ മലയാളി മാധ്യമ സുഹൃത്തുക്കള്‍ കണ്ടതായി നടിക്കുന്നില്ല.
ഇത് കുറിക്കാനിരിക്കുമ്പോള്‍ യുപിയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നിട്ടില്ല. എന്നാല്‍ ആ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി നാം കണ്ടു. കഴിഞ്ഞ സപ്തംബറില്‍ തന്നെ പാര്‍ട്ടി സംസ്ഥാന നേതൃത്വം ഒരു കാര്യം തീരുമാനിച്ചിരുന്നു; പാര്‍ട്ടി ഭാരവാഹികള്‍ക്ക് സീറ്റ് ലഭിക്കാനിടയില്ല. അങ്ങനെയുള്ളവര്‍ ഇത്തവണ മത്സരിക്കേണ്ടതില്ല എന്ന്. അവരുടെ ദൗത്യം സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേതാക്കള്‍ സ്ഥാനാര്‍ഥി മോഹികളായി രംഗത്ത് വരേണ്ടതില്ല എന്ന് ചുരുക്കം.
മറ്റൊന്നുകൂടി ആ നേതൃയോഗത്തില്‍ വിശദമാക്കപ്പെട്ടു; തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ കൂടി സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പരിഗണിക്കുമെന്ന്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവരവരുടെ മണ്ഡലങ്ങളില്‍ പ്രകടനം മോശമായെങ്കില്‍ വീണ്ടും മത്സരിക്കാന്‍ ആ എംഎല്‍എയ്ക്ക് അവസരമുണ്ടാവില്ല എന്നാണ് സൂചന. അതൊന്നും രഹസ്യമായ കാര്യമല്ല; പാര്‍ട്ടി അംഗീകരിച്ച ചില മാനദണ്ഡങ്ങളാണ്. സ്വാഭാവികമാണ്, ചിലര്‍ക്ക് സീറ്റ് നിഷേധിക്കപ്പെടുമല്ലോ. പിന്നെ ഇതൊക്കെ ബിജെപിയില്‍ പുതിയ കാര്യമല്ല. കഴിഞ്ഞ പല ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയത്തിനുള്ള സാധ്യതയും മുന്‍കാല പ്രവര്‍ത്തനവും വിലയിരുത്തിത്തന്നെയാണ് സ്ഥാനാര്‍ഥികളെ പാര്‍ട്ടി നിശ്ചയിച്ചത്. അതുകൊണ്ട് ചിലരൊക്കെക്കൂടി ഇനിയും കൂറുമാറിയേക്കാം. ബിജെപി നേതൃത്വം അതൊക്കെ പ്രതീക്ഷിച്ചുതന്നെയാണിരിക്കുന്നതും. പിന്നെ, അവര്‍ക്കൊക്കെ പകരം, മെച്ചപ്പെട്ട നേതാക്കളെ കണ്ടിട്ടു തന്നെയാണല്ലോ ഈ തീരുമാനങ്ങള്‍ പാര്‍ട്ടി സ്വീകരിക്കുന്നത്.
2017നേക്കാള്‍ ശക്തം
മുസ്ലിം-യാദവ് കൂട്ടുകെട്ടാണ് മുന്‍കാലങ്ങളില്‍ ബിജെപി വിരുദ്ധ പക്ഷത്തിന് കരുത്തുപകര്‍ന്നത്. ജാട്ട് മേഖലയില്‍ മേല്‍ക്കൈ നേടാന്‍ അവര്‍ പലവട്ടം ശ്രമിച്ചുവെങ്കിലും അതൊന്നും വിജയിച്ചിട്ടുമില്ല. ചരണ്‍ സിങ്ങിനും അജിത് സിങ്ങിനുമൊക്കെ ശേഷം ജാട്ട് ബെല്‍റ്റില്‍ നിന്ന് സമാനനായ നേതാവുണ്ടായിട്ടില്ല എന്നതാണ് അതിനൊരു കാരണം. അവസാനം അവര്‍ കണ്ടെത്തിയത് രാകേഷ് ടിക്കായത്തിനെയാണ്. കര്‍ഷക സമരം അവസാനിച്ചതോടെ അദ്ദേഹവും നിലനില്പില്ലാത്ത നിലയിലാണ്. എന്തിനേറെ ഇത്തവണ വിജയിക്കുക യോഗി ആദിത്യനാഥും ബിജെപിയുമാണ് എന്നുവരെ ടിക്കായത്ത് ഇതിനകം പറഞ്ഞു കഴിഞ്ഞു. പടിഞ്ഞാറന്‍ യുപിയില്‍ നരേന്ദ്ര മോദിയുടെ റാലികള്‍ക്ക് ലഭിച്ച വര്‍ധിച്ച പിന്തുണയും ഈ ‘ദല്‍ഹി നിരീക്ഷകര്‍’ കാണാതെ പോയി. മീററ്റ് റാലി ആര്‍ക്കാണ് കാണാതിരിക്കാനാവുന്നത്?
ഇന്നിപ്പോള്‍ സമാജ്വാദി പാര്‍ട്ടി നടത്തുന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന് ശ്രദ്ധിക്കേണ്ടതാണ്. തങ്ങള്‍ അധികാരത്തിലേറിയാല്‍ രണ്ടായിരം പുതിയ മുസ്ലിം പള്ളികള്‍ നിര്‍മ്മിക്കും; ബാബ്റി മസ്ജിദ് പുനഃസ്ഥാപിക്കാന്‍ ആയിരം കോടി നല്‍കും; മുസ്ലിങ്ങള്‍ക്ക് 30 ശതമാനം ജോലി സംവരണവും. മുസ്ലിം വോട്ട് ലക്ഷ്യമാക്കിയാണ് അതെന്നത് വ്യക്തം. മാനിഫെസ്റ്റോയില്‍ അതൊക്കെയുണ്ടാവുമോ, വ്യക്തമല്ല. എന്നാല്‍ വാട്സ്ആപ്പ് മുഖേനയും മറ്റുമത് വ്യാപകമായി പ്രചരിക്കപ്പെടുന്നു. സ്വാഭാവികമായും ഇതിനോട് ഒരു പ്രതികരണം ഹിന്ദു മനസ്സിലുണ്ടാവുമെന്ന് തീര്‍ച്ചയല്ലേ. പഴയ ജിഹാദി, അധോലോക താരങ്ങള്‍ പലരും സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളായി പ്രത്യക്ഷപ്പെടുന്നതും ഇതോടൊപ്പം വായിക്കേണ്ടതാണ്.
മറ്റൊന്ന് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയാണ്. ജാതികൊണ്ട് ഹിന്ദു സമൂഹത്തെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ബിജെപിക്കും യോഗി ആദിത്യനാഥിനും വേണ്ടി യുപിയിലെ സംന്യാസ സമൂഹം രംഗത്തുവരുന്നുണ്ട്. അവര്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ പര്യടനം നടത്തും. അതിന്റെ ഫലം കപട മതേതരക്കാര്‍ തിരിച്ചറിയണമെന്നില്ല. അയോധ്യ ക്ഷേത്ര നിര്‍മാണം, കാശിയിലുണ്ടായ വലിയ മാറ്റം… വികസന പ്രവര്‍ത്തനങ്ങള്‍ക്കുപരി ഇവയും യുപിയില്‍ സജീവ ചര്‍ച്ചാവിഷയമാണ്. അതിന്റെ ഗുണഭോക്താവ് ബിജെപിയല്ലെങ്കില്‍ പിന്നെയാരാണ്. ബിന്ദ്, ഗഡാരിയ, കുമഹാര്‍, ധിവര്‍, കശ്യപ്, രാജ്ഭര്‍ എന്നീ ചെറു ഒബിസി വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹൈസെദാരി മോര്‍ച്ച ബിജെപിക്കൊപ്പമുണ്ട്. നിഷാന്ത് പാര്‍ട്ടി, കുര്‍മികള്‍ക്ക് സ്വാധീനമുള്ള അപ്നാ ദള്‍ എന്നിവയും ബിജെപിക്കൊപ്പമാണ്. ഖുഷ്വ വിഭാഗവും ബിജെപിയുമായി കൂടിയാലോചനയിലാണ്. പിന്നെയെന്താണ് 2022ല്‍ ബിജെപിക്കുണ്ടായ നഷ്ടം? കൂറുമാറ്റക്കാരനായ നാലുപേര്‍ പോയതോ? യഥാര്‍ത്ഥത്തില്‍ ബിജെപി വിരുദ്ധര്‍ക്ക് അതുമാത്രമേ ഇന്ന് പറഞ്ഞുനടക്കാനുള്ളൂ. അതാണ് ദല്‍ഹി മാധ്യമ സുഹൃത്തുക്കള്‍ ഇടംവലം നോക്കാതെ ഏറ്റുപാടുന്നത്.
കണക്കുകള്‍ കഥ പറയും
അഞ്ചു വര്‍ഷം മുമ്പ് യുപിയിലെ ബിജെപിയുടെ വോട്ട് വിഹിതം 39. 67 ശതമാനമായിരുന്നു; അതായത് ഏറെക്കുറെ 40 ശതമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മായാവതി, കോണ്‍ഗ്രസ് എന്നിവരുമായി ചേര്‍ന്നാണ് സമാജ്വാദി പാര്‍ട്ടി മത്സരിച്ചത്. അഞ്ചുവര്‍ഷം മുമ്പ് സമാജ്വാദി പാര്‍ട്ടിക്ക് ലഭിച്ചത് 21. 82 ശതമാനം വോട്ടാണ്. ഇത് അവരുടെ തനിച്ചുള്ള വോട്ടല്ല, മായാവതിയുമായോ കോണ്‍ഗ്രസുമായോ സഖ്യത്തിലുള്ളപ്പോഴാണ്. ഇത്തവണ അവര്‍ക്ക് പ്രധാനമായി കൂട്ടായുള്ളത് ആര്‍എല്‍ഡി മാത്രമാണ്.
ഇന്നത്തെ സാഹചര്യത്തില്‍ ബിജെപിക്ക് വോട്ട് കൂടില്ല എന്ന് കരുതിയാല്‍ പോലും അഖിലേഷ് യാദവിന് ജയിക്കാന്‍ 18 ശതമാനം വോട്ട് അധികമായി നേടണം. മായാവതിയുടെ വോട്ടില്‍ വലിയ പ്രതീക്ഷവെച്ചിട്ടു കാര്യമില്ലെന്ന് സമാജ്വാദി പാര്‍ട്ടിക്കറിയാം; കാരണം ദളിത് വോട്ട് ഒരിക്കലും യാദവര്‍ക്ക് അനുകൂലമായി യുപിയില്‍ മാറ്റം ചെയ്യപ്പെടാറില്ല. പി
ന്നെ കോണ്‍ഗ്രസ്സാണ്. അവര്‍ക്കാകെയുണ്ടായിരുന്നത് ആറ് ശതമാനത്തോളം വോട്ടാണ്. അത് മുഴുവന്‍ കിട്ടിയാല്‍ പോലും എവിടെയുമെത്താനിടയില്ല. പിന്നെ ബിജെപി വോട്ട് കിട്ടണം; അതിനുതക്ക ബിജെപി വിരുദ്ധ തരംഗം യുപിയിലുണ്ടെന്ന് മത-രാഷ്ട്രീയ തിമിരം ബാധിച്ച മാധ്യമ സുഹൃത്തുക്കള്‍ പോലും പറയുമെന്ന് തോന്നുന്നില്ല.
മറ്റൊന്ന്, പ്രീ-പോള്‍ സര്‍വ്വേകളാണ്. അതില്‍ ഏറ്റവും വിലപ്പെട്ടത് എബിപി ന്യൂസ്-സി വോട്ടര്‍ സര്‍വ്വേയാണ്. ബിജെപിക്ക് 50% വോട്ട് കിട്ടുമെന്നാണ് അവര്‍ പറഞ്ഞത്; സമാജ്വാദി പാര്‍ട്ടിക്ക് 28%, മായാവതിക്ക് 09%, കോണ്‍ഗ്രസിന് 06% എന്നിങ്ങനെയും. എബിപി ന്യൂസിന്റേത് ഏകദേശം വസ്തുതാപരമാണെന്നു വേണം കരുതാന്‍. ടൈംസ് ഗ്രൂപ്പ് നടത്തിയ സര്‍വ്വേയും ബിജെപിക്ക് വലിയ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ചൂണ്ടിക്കാട്ടിയത്. പിന്നെ കഴിഞ്ഞ വെള്ളിയാഴ്ച വന്ന, ‘ജന്‍ കി ബാത്ത്’ സര്‍വ്വേ ബിജെപിക്ക് 226 മുതല്‍ 246 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പ്രവചിക്കുന്നു. അഖിലേഷിന് 144-160, മായാവതിക്ക് 08-12, കോണ്‍ഗ്രസിന് 01-04 വരെ. എന്നിട്ടും മാധ്യമ സുഹൃത്തുക്കള്‍ കോണ്‍ഗ്രസ്സിനുവേണ്ടി നടത്തുന്ന കൂലിയെഴുത്ത് കാണുമ്പോള്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: