മണി എടപ്പാള്‍
ഞാനൊരുവട്ടംകുളത്തുകാരന് എന്നാല്‍ എനിക്കല്പം വട്ടുണ്ടോ എന്നൊരു സംശയം.സംശയം തീര്ക്കാനാശുപത്രിയിലെത്തിയപ്പോളത്ഭുതം! ഡോക്ടറും വട്ടംകുളത്തുകാരന്‍ തന്നെ. പിന്നെ ഞാന്‍ നിന്നില്ല.
(സംശയം)
ഇതാണ് കവിയായ വട്ടംകുളം ശങ്കുണ്ണിമാസ്റ്റര്. മഹാകവി അക്കിത്തത്തിനും കവി കുഞ്ഞുണ്ണി മാഷിനും ഏറ്റവും പ്രിയപ്പെട്ട ജൂനിയര്‍ കുഞ്ഞുണ്ണി മാഷ്. ഈ ജനുവരി 26-ന് ശങ്കുണ്ണി മാഷിന് ശതാഭിഷേകം. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സമൂഹത്തില്‍ അംഗീകാരം നേടിയ വ്യക്തിത്വം. അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് എടപ്പാള്‍ ശുകപുരം ശ്രീ കുളങ്കര ഭഗവതി ക്ഷേത്രത്തിനു സമീപം നിലകൊള്ളുന്ന തപസ്യ സാംസ്കാരിക കേന്ദ്രം. അതില്‍ അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികളും പന്ത്രണ്ടോളം അധ്യാപകരുമായി ഇരുപത്തിഅഞ്ചു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ഒരു സംഗീതവിദ്യാലയമുണ്ട്. നാലര പതിറ്റാണ്ടായി കേരളത്തിലെ കലാ സാഹിത്യ സാംസ്കാരിക മണ്ഡലത്തില്‍ വളരെ സക്രിയമായി പ്രവര്‍ത്തിച്ചുവരുന്ന തപസ്യ കലാ സാഹിത്യവേദിക്ക് സംസ്ഥാനത്ത് സ്വന്തമായി നിര്‍മ്മിച്ച ആദ്യത്തെ കെട്ടിടം (എടപ്പാള്‍ യൂണിറ്റ്). മാത്രമല്ല, ഇരുപത്തിയെട്ട് വര്‍ഷമായി കേരളത്തിലെ ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ച തപസ്യ എടപ്പാള്‍ യൂണിറ്റിന്റെ നവരാത്രി സംഗീതോത്സത്തിന് നേതൃത്വം നല്‍കുന്നതും വട്ടംകുളം ശങ്കുണ്ണി മാഷാണ്. അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും സത്യസന്ധതയും ഏതൊരാളെയും ആകര്‍ഷിക്കത്തക്കതാണ്.
മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി, കേസരി തുടങ്ങി ഒട്ടേറെ പ്രമുഖ ആനുകാലികങ്ങളില്‍ എഴുതാറുണ്ടെങ്കിലും ഭക്തപ്രിയ മാസികയിലെ സ്ഥിരം എഴുത്തുകാരനാണ് കൃഷ്ണഭക്തനായ ശങ്കുണ്ണി മാഷ്.
‘നാരായണീയം സമ്പൂര്‍ണ്ണ
നാരായണ രസായനം
തല്സേവകൊണ്ടുമാറാത്ത-
രോഗമുണ്ടോ മനുഷ്യരില്‍?’
(നാരായണീയം)
‘കണ്ണാ!നിന്നെക്കൊണ്ടുഞാന്‍ തോറ്റു’
അമ്മ യശോദ മനസ്സുമുട്ടി,
തിണ്ണം പലനാളും ചൊന്നതു കേട്ടല്ലോ
ഉണ്ണി ഒരുനാള്‍ തിരിച്ചു ചൊല്ലി.
”അമ്മേ! അമ്മയുടെയുണ്ണിക്കുവേണ്ടി-
ഹെന്നമ്മ ഇന്നോളംതോറ്റല്ലോ
ഇന്നു മുതല്‍ക്കിനി കണ്ണന് തോറ്റോളാം
അമ്മ ജയിച്ചു നിന്നോളൂ.”
നിന്നു ചിരിച്ചേ കണ്ണന് പിന്നെ
അമ്മയും ഊറിച്ചിരിച്ചല്ലോ
അച്ചിരിതന്നിലലിയാതായി-
ട്ടിപ്പാരില് സങ്കടമെന്തള്ളൂ?
(കണ്ണന്റെ ചിരി)
ഇത്രയും ഭക്തിയും ശക്തിയും നിറഞ്ഞ ധാരാളം ഈരടികള്‍ എഴുതി കാവ്യലോകത്ത് നിറഞ്ഞു നില്ക്കുന്ന ഭക്തകവിയാണ് ശങ്കുണ്ണി മാഷ്. കാല്‍നൂറ്റാണ്ടിലേറെക്കാലമായി രാമായണമാസത്തില്‍(കര്‍ക്കടക മാസം) കാടാമ്പുഴ ഭഗവതിക്ഷേത്രം, കുളങ്കര ശ്രീഭഗവതി ക്ഷേത്രം, ഉദിയന്നൂര്‍ അയ്യപ്പ ക്ഷേത്രം എന്നിവിടങ്ങളില്‍ അദ്ദേഹം രാമായണ പാരായണവും ഭക്തിപ്രഭാഷണങ്ങളും നടത്തിവരുന്നു.
ശങ്കുണ്ണി മാഷിന്റെ ഇത്തരം രചനകളെ വിലയിരുത്തിയ പണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായ ഡോ.ചാത്തനാത്ത് അച്യുതനുണ്ണി ഇങ്ങനെ എഴുതി: ”ലഘുവിനെ ഉള്‍ക്കനം കൊണ്ടു ഗുരുവാക്കുന്ന നിര്‍മ്മാണചാതുര്യം ശങ്കുണ്ണി മാഷിന്റെ എല്ലാ കവിതകളിലുമുണ്ട്. ആഴമുള്ള നര്‍മ്മബോധം കൊണ്ട് ഒരേസമയം ചിരിയും ചിന്തയും സമ്മാനിക്കുന്നവ. അമിട്ടുപോലെ നമ്മുടെയുള്ളില്‍ പൊട്ടിവിരിയുന്ന രചനകള്‍.”
സാധാരണക്കാരന് വായിച്ചാല്‍ എളുപ്പം മനസ്സിലാകുന്ന തരത്തില്‍ വളരെ ലളിതവും കഥാംശം തീരെ വിട്ടുപോകാത്തതുമായ രാമായണത്തിന്റെ അഞ്ചു വ്യത്യസ്ത ശൈലിയിലുള്ള രചനകള്‍ (രാമായണയാത്ര, രാമായണമുത്തുകള്‍, ആറിന് വഴി, ഒരു പോക്കറ്റു രാമായണം, നാടോടിരാമായണം(കേരള ഫോക്ലോര് അക്കാദമി പ്രസിദ്ധീകരിച്ചത്), രാമായണ കഥകള്‍) ശങ്കുണ്ണി മാഷിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടാതെ മഹാകവി അക്കിത്തത്തിന്റെ പ്രേരണയാലും പ്രമുഖ എഴുത്തുകാരനായ സി.രാധാകൃഷ്ണന്റെ വിശിഷ്ടമായ അവതാരികയിലും പുറത്തിറങ്ങിയ ഗീതാപരിഭാഷയായ സാധാരണക്കാരന്റെ ഭഗവദ് ഗീത എന്ന പുസ്തകം വളരെയധികം പ്രചാരം നേടിയെടുത്തിട്ടുണ്ട്.
ഭക്തകവിയായിരുന്ന എസ്. രമേശന്നായരുടേയും ഈ ലേഖകന്റേയും സ്നേഹപൂര്‍വ്വമായ നിര്‍ദ്ദേശത്താല്‍ 31 ദിവസം(ചിങ്ങമാസം) വായിക്കത്തക്ക രീതിയില്‍ കൃഷ്ണഗാഥയുടെ വളരെ ലളിതമായ പരിഭാഷ നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍ ശങ്കുണ്ണി മാഷ്. ഏകദേശം പതിനഞ്ചോളം അധ്യായം എഴുതി തീര്‍ന്നിരിക്കുന്നതായി മാഷ് പറഞ്ഞു. ചെണ്ട(കുട്ടിക്കവിതകള്‍), കുറ്റിപ്പുറംപാലത്തിനു മുമ്പില്‍(കവിതകള്‍), വലുപ്പത്തിന്റെചെറുപ്പം(കവിതകള്‍), അച്ചടിയിലിരിക്കുന്ന രണ്ടുകവിതാസമാഹാരങ്ങള്‍ എന്നിവയാണ് ശങ്കുണ്ണി മാഷിന്റെ മറ്റു പുസ്തകങ്ങള്‍.
മഹാകവി അക്കിത്തം, എസ്. രമേശന് നായര്‍, പി.എം. പള്ളിപ്പാട്, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, സി. രാധാകൃഷ്ണന്, ആര്. സഞ്ജയന്, ഡോ.എന്‍.ആര്. മധു, കെ.വി. രാമകൃഷ്ണന്, ആലംകോട് ലീലാകൃഷ്ണന്, പി. സുരേന്ദ്രന്, പി.പി. രാമചന്ദ്രന് തുടങ്ങി ഒട്ടേറെ പ്രമുഖരുമായി അടുത്ത ആത്മബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ശങ്കുണ്ണി മാഷ്. സനാതനധര്‍മ്മത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന തപസ്യ കലാ സാഹിത്യ വേദിയുടെ എടപ്പാള്‍ യൂണിറ്റിന്റെ അധ്യക്ഷനായി മൂന്നു പതിറ്റാണ്ടായി നിസ്വാര്‍ത്ഥ സേവനം നടത്തിക്കൊണ്ടിരിക്കുന്ന വട്ടംകുളം ശങ്കുണ്ണി മാഷിന് ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ ദര്‍ശിക്കാന്‍ ഭാഗ്യം സിദ്ധിച്ചെങ്കിലും മലയാള സാഹിത്യ സാംസ്കാരിക രംഗത്തുനിന്ന് കാര്യമായൊരു അംഗീകാരം ലഭിച്ചിട്ടില്ല എന്നത് വളരെ ദുഃഖകരമായൊരു സംഗതിയാണ്.
മഹാകവി അക്കിത്തത്തിനും കവി കുഞ്ഞുണ്ണി മാഷിനും പ്രിയപ്പെട്ട കവിയായ വട്ടംകുളം ശങ്കുണ്ണി മാഷിന് ജനുവരി 26ന് ശതാഭിഷേകം
പ്രതികരിക്കാൻ ഇവിടെ എഴുതുക: