വനം വളര്‍ത്താറില്ല, അങ്ങനെ വളര്‍ത്തുന്നത് തോട്ടമായി മാറും. വനവും തോട്ടവും തമ്മില്‍ വലിയ അന്തരമുണ്ട്. വനം നശിപ്പിക്കുകയോ നശിക്കുകയോ ചെയ്തപ്പോഴാണ് തോട്ടങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. ചിലപ്പോള്‍ തോട്ടങ്ങള്‍ ഉണ്ടാക്കിയത് വനം നശിപ്പിച്ചുമാണ്.
വനവും തോട്ടവും പരിസ്ഥിതിവാദ വിഷയത്തില്‍, വനവും തോട്ടവും തന്നെയാണ്. അതായത് പ്രകൃതി, അതിന്റെ സൗകര്യത്തില്‍, സൗന്ദര്യത്തില്‍, സംവിധാനക്രമത്തില്‍ സ്വയം രൂപംകൊണ്ട് ഉണ്ടാകുന്നതാണ് വനം. എന്നാല്‍, തോട്ടമാകട്ടെ ഏതെങ്കിലും തരത്തിലുള്ള ആസൂത്രണങ്ങളില്‍ അധിഷ്ഠിതമാണ്. അത് വനത്തിന്റെ ഏതെങ്കിലുമൊക്കെ പ്രത്യേകതകളെ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന പരിശ്രമങ്ങളുടെ ഫലപ്രാപ്തിയായിരിക്കും. തേയിലത്തോട്ടത്തിന്, റബ്ബര്‍തോട്ടത്തിന്, പൂന്തോട്ടത്തിന് എല്ലാം അതതിന്റെ പേരില്‍ കാണുന്ന പ്രത്യേക പരിഗണന ഉണ്ടായിരിക്കും. പക്ഷേ, സമഗ്രത കാണില്ല.
കഴിഞ്ഞ ദിവസം, ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുമ്പോള്‍ കൊളത്തൂര്‍ അദൈ്വതാശ്രമാധിപതി സ്വാമി ചിദാനന്ദപുരി തോട്ടവും വനവും താരതമ്യം ചെയ്തത് സാമൂഹ്യപാഠം പഠിപ്പിക്കാനായിരുന്നു. സാമൂഹ്യപാഠം എന്ന് പറയുമ്പോള്‍, അത് സമൂഹത്തിനാവശ്യമായ, എല്ലാ മേഖലയിലുമുള്ള പൊതുപാഠമായിരുന്നുവെന്നതാണ് പ്രത്യേകത. വനങ്ങള്‍ക്കു പകരം പലരും തോട്ടങ്ങള്‍ നിര്മിക്കുകയാണിന്ന്. തോട്ടങ്ങള്‍ സംരക്ഷിക്കുമ്പോള്‍, അവരവര്‍ക്ക് താല്‍പ്പര്യമുള്ളവ മാത്രം സുരക്ഷിതമാക്കാന്‍ വ്യഗ്രത കൂടും. അതിന് എതിരെന്നോ തടസമെന്നോ തോന്നുന്നവ നശിപ്പിക്കും. അത് സമഗ്രതയുടെ വനസങ്കല്പത്തെ ഇല്ലാതാക്കും. അത്തരം തോട്ടങ്ങള്‍ക്കുപകരം വനം എന്ന സങ്കല്പം സാധ്യമായാല്‍ സമൂഹത്തിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകും എന്നതാണ് ശരിയായ കാഴ്ചപ്പാടെന്ന് അദ്ദേഹം ഹ്രസ്വമായി വിശദീകരിച്ചു. വിഷയം നവോത്ഥാന നായകരെക്കുറിച്ചുള്ള പുസ്തകമായിരുന്നതിനാല്‍ കൂടുതല്‍ വിസ്തരിച്ചതുമില്ല.
വിശാലമായ സാമൂഹ്യപാഠത്തിന്റെ തലക്കെട്ടാണ് അദ്ദേഹം അവതരിപ്പിച്ചത്. മരവും വനവും തോട്ടവും നമുക്ക് എക്കാലത്തും ചര്‍ച്ചാവിഷയമാണ്. ആഗോളതാപനമായാലും ആറ്റില്‍ വെള്ളം കുറഞ്ഞാലും ആദ്യം പറയുന്ന വിഷയം പരിസ്ഥിതിയും വനവും മരവുമാണ്. മരങ്ങളെക്കുറിച്ച് പാടിപ്പാടി നടന്ന സുഗതകുമാരിയും മരങ്ങളെ കെട്ടിപ്പിടിച്ചുനിന്ന് മരംമുറികള്‍ തടഞ്ഞ ബഹുഗുണയും ഒക്കെ നമ്മുടെ ചുറ്റും നിന്നില്ലാതെയായി. പക്ഷേ, അവര്‍ ഉയര്‍ത്തിയ സന്ദേശങ്ങള്‍ നിലനില്ക്കുന്നു. പക്ഷേ പരിസ്ഥിതിക്കുവേണ്ടി തയ്യാറാക്കിയ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും അതിനെ ലഘൂകരിച്ച കസതൂരിരംഗന്‍ റിപ്പോര്‍ട്ടും കടലാസില്‍ ഒതുങ്ങുന്നു; 33% വനിതാ സംവരണ വിഷയം പോലെ.
ഇവിടെ മറ്റൊരു മരവും വനവും ഓര്‍മവരികയാണ്. ദ്വാപരയുഗകാലത്തെ ചരിത്രം. കൗരവരും പാണ്ഡവരും ദ്രോണാചാര്യരുടെ ശിക്ഷണത്തില്‍ ആയുധപരിശീലനത്തിലാണ്. രാജ്യസംരക്ഷണത്തിനാണ് അഭ്യാസം. ശിഷ്യരെ യോഗ്യത പരിശോധിക്കാന്‍ വിളിച്ചു. കാട്ടില്‍, മരത്തില്‍, ശിഖരത്തില്‍ ഇരിക്കുന്ന പല കിളികളില്‍ ഒന്നിനെ അമ്പെയ്ത് വീഴ്ത്താന്‍ വിളിച്ചു. വില്ലില്‍ അമ്പു തൊടുത്തവരോട് ചോദിച്ചു: എന്തു കാണുന്നു? ചിലര്‍ വനം കണ്ടു. ചിലര്‍ വൃക്ഷം. ചിലര്‍ മരക്കൊമ്പ്. ഒരാള്‍ മാത്രമേ പക്ഷിയെ കാണുന്നതായി പറഞ്ഞുള്ളൂ. ബാക്കിചരിത്രം ആര്‍ക്കും അറിയാവുന്നത്. പക്ഷേ കാഴ്ചയും ലക്ഷ്യവുമാണ് മുഖ്യം. ചെയ്യുന്ന പ്രവൃത്തിയിലെ ലക്ഷ്യവും ലക്ഷ്യത്തിന് കാണേണ്ട കാഴ്ചയും മുഖ്യമാണ്. അപ്പോള്‍ വനത്തിലാണ് നില്‍പ്പെങ്കിലും കാണേണ്ടത് വനവുമല്ല. പക്ഷേ, ആ ലക്ഷ്യം വ്യക്തിയുടേതാണ്. അതിനാലാണ് ദ്രോണാചാര്യര്‍ അമ്പെയ്യും മുമ്പ് കാണുന്നതെന്തെന്ന് ചോദിച്ചത്. അമ്പ് പാഴാക്കരുത്, പക്ഷി പറന്നുപോകരുത്.
മറ്റൊരു മഹാമരം, സിദ്ധാര്‍ത്ഥനെ ബുദ്ധനാക്കിയ ബോധിവൃക്ഷമാണ്. സ്വാര്‍ത്ഥതയില്‍ നിന്ന് വിട്ട്, ജീവിതത്തിന്റെ അര്‍ത്ഥം സിദ്ധിച്ച് ബോധമുണ്ടായി ബുദ്ധനായിത്തീര്‍ന്ന ചരിത്രം. വേറൊന്ന് കാളിന്ദിപ്പുഴവക്കിലെ അരയാലാണ്. ലൗകിക-ആത്മീയ ബന്ധത്തിന്റെ ആഴവും ലയവും അര്‍ത്ഥവും അനുഭവിപ്പിച്ച വൃക്ഷം. അതിനെല്ലാം മുമ്പ് ‘ഊര്‍ദ്ധ്വമൂലമധഃ ശാഖം അശ്വത്ഥം’ ഉണ്ട്. വേരുകള്‍ മുകളിലേയ്ക്കും ശാഖകള്‍ താഴേയ്ക്കുമായ, ഇലകള്‍ ഛന്ദസ്സുകളായ അരയാല്‍ വൃക്ഷം. അത് ബ്രഹ്മബോധതത്ത്വവൃക്ഷവുമാണ്. അത് വേദാന്തവൃക്ഷമാണ്. ആ വേദാന്തവൃക്ഷത്തില് നിന്നാവണം വനവും തോട്ടവും എന്ന സാമൂഹ്യപാഠം സ്വാമി ചിദാനന്ദപുരി അവതരിപ്പിച്ചത്. മുകളിലേക്ക് വേരുള്ള, മുകളില്‍നിന്ന് ജീവനം ഉള്‍ക്കൊള്ളുന്ന ആ മരത്തെ തലകീഴാക്കി നട്ടുനനയ്ക്കാന്‍ ശ്രമിക്കുന്ന തോട്ടക്കാരെക്കുറിച്ചുതന്നെയാണ് ആ സാമൂഹ്യപാഠം.
സമൂഹത്തിലെ ഓരോ മേഖലയുടെയും അപഗ്രഥനം നടത്തിയാല്‍ ഇത് വ്യക്തമാകും. ഓരോന്നായി പറയാന്‍ ശ്രമിക്കുന്നില്ല. പക്ഷേ, തോട്ടങ്ങള്‍ ഉണ്ടാക്കുന്ന വിഭജനം, വലിയ വലിയ വിടവുകള്‍ സൃഷ്ടിക്കുകയാണ്. വനമില്ലാതാകുമ്പോള് നഷ്ടമാകുന്ന ഓസോണ്‍ പാളികള്‍ പോലെ, സാമൂഹ്യക്രമത്തിലെ തോട്ടങ്ങള്‍ പൊതുശ്വാസവായുവാണ് ഇല്ലാതാക്കുന്നത്. അത് പൊതുവഴിയിലും മതവഴിയിലുംവരെ പെരുകുകയാണ്. അവര്‍ക്കിടയില്‍ ശ്വാസംമുട്ടുന്നവര്‍ക്ക് ഓക്സിജന്‍ സിലിണ്ടറുമായെന്നപോലെ, വിമ്മിട്ടപ്പെടുന്നവരെ സംരക്ഷിക്കുന്നവരെന്ന മറയില്‍, കുഴപ്പക്കാര്‍ രക്ഷകരായി ചമയുകയാണ്.
തോട്ടങ്ങള്‍ക്ക് സ്വാതന്ത്ര്യം പരിമിതമാണ്, വനത്തില്‍ അങ്ങനെയല്ല. ആചാരവിചാരങ്ങള്‍ക്ക് വനനീതി വേണമെന്ന് വാദിക്കുന്ന ‘പുരോഗമനഭാവികള്’ പോലും അവരവരുടെ തോട്ടങ്ങള്‍ സംരക്ഷിക്കുകയാണ്. മാത്രമല്ല, ആ തോട്ടമാണ് മികച്ചതെന്നു വാദിക്കുകയാണ്. മറ്റ് തോട്ടങ്ങളുടെയിടങ്ങളും വനങ്ങളും ആക്രമിക്കുകയാണ്. അത്, വേദി, രാഷ്ട്രീയമായാലും മതമായാലും സംസ്കാരമായാലും സാഹിത്യമായാലും. വനങ്ങള്‍ വളരട്ടെ, തോട്ടക്കാരില്ലാതെയാവട്ടെയെന്ന കാട്ടുനീതിക്കാണ്, ഇന്നത്തെ നാട്ടുനീതിയേക്കാള് അന്തസ്സെന്ന് ഒരിക്കലെങ്കിലും തോന്നാത്തവര്‍ കുറയും. ദൈവത്തിന്റെ നാടിനേക്കാള്‍ ദൈവത്തിന്റെ കാടേ ഭേദം!
പിന്കുറിപ്പ്: രജതരേഖ (സില്‍വര്‍ലൈന്‍) വരയ്ക്കാന്‍ ഒരു കേരളമുണ്ട്; സുവര്‍ണരേഖയ്ക്ക് കാലമാകുമ്പോള്‍? ആരെന്നുമെന്തെന്നുമാര്‍ക്കറിയാം’ എന്ന് കവി എന്‍.എന്‍. കക്കാട് പാടിയ ഉത്കണ്ഠ മാത്രം. ‘സഫലയാത്ര’കള്‍ക്ക് തോട്ടമല്ല, വനമാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: