രാജീവ് ആലുങ്കല്‍
ഒന്നു കേള്‍ക്കാന്‍ കൊതിച്ചയാളെ അടുത്തുകാണുമ്പോഴുള്ള അത്യപൂര്‍വ്വ വിസ്മയം, യേശുദാസിനെ കാണുമ്പോള്‍ മാത്രമേ തെല്ലും തോര്ന്നുതീരാതെ എന്റെ ആത്മാവ് കൊണ്ടാടുന്നുള്ളൂ. കുട്ടിക്കാലത്ത് ഒരു വാടകസൈക്കിളിന്റെ പിറകിലിരുന്ന് അനുജനോടൊപ്പം ചേര്‍ത്തലയില്‍നിന്നും, ആലപ്പുഴ വരെ യേശുദാസിനെ കാണാന്‍ പോയത് മറക്കാനാകില്ല. എന്താവേശമായിരുന്നു ആ യാത്രയ്ക്ക്. സൈക്കിള്‍ ചവിട്ടുമ്പോള്‍ അനുജന് സജി എന്നോടു പറഞ്ഞു. ”നമുക്കൊരു ഓട്ടോഗ്രാഫ് മേടിക്കണം.”
ഞങ്ങള്‍, കൗമാരത്തിന്റെ കൗതുകപ്പടിയില് കാല്കുത്തി തുടങ്ങിയ കാലമാണത്. ദൂരെ, ഗാനഗന്ധര്വന് ഒരു വെള്ളപ്പൊട്ടുപോലെ പാടിക്കൊണ്ടിരിക്കുന്നു. സൂചികുത്താന്‍ പോലും ഇടമില്ലാതെ നിറഞ്ഞ സദസ്സ്. നിലാവിന്റെ നനവുള്ള രാത്രിയില്‍ ഞങ്ങള്‍ സങ്കടംകൊണ്ട് വിയര്‍ത്തുപോയി. ഒന്നു അടുത്തുകാണാനാവാതെയുള്ള മടക്കയാത്ര. അനുജന് എന്നോട് ഒന്നും മിണ്ടിയില്ല. എന്നേക്കാളും അവനായിരുന്നു ഗാനഗന്ധര്‍വ്വനെ കാണാനുള്ള അതിയായ ആഗ്രഹം. രാത്രി ഏറെ വൈകി കിടന്നുറങ്ങുമ്പോള്‍ വെള്ളിനൂല്‍പോലെ അവന്റെ കവിളത്തെ കണ്ണീരൊഴുക്ക് എന്നെ ഇന്നും വേദനിപ്പിക്കുന്നുണ്ട്. പിന്നീട് കുറച്ചുകാലമേ എന്റെ കുഞ്ഞനുജന് ജീവിച്ചിരുന്നുള്ളൂ. ആ കുഞ്ഞിന് അത്രയേ ദൈവം ആയുസ്സ് നല്കിയുള്ളൂ.
ഗാനഗന്ധര്‍വ്വന്റെ പലവിധ ചിത്രങ്ങള്‍ ഒട്ടിച്ചുവച്ച ഡയറിയിലായിരുന്നു അവന്റെ ആത്മഹത്യാ കുറിപ്പ്. അമ്മയില്ലാത്ത വീട്ടില്‍, അച്ഛന് ഒരു മൂലയില്‍ നിശ്ചലനായി ഇരുന്നു. ഞാന്‍ ഉറക്കെ നിലവിളിച്ചു. ”നമുക്കിനിയും യേശുദാസിനെ കാണാന്‍ പോകേണ്ടേടാ സജിക്കുട്ടാ…” ചെയ്യാത്ത കുറ്റം ചുമത്തി നാട്ടുകാരില്‍ ചിലരുടെ അപഖ്യാതിയില്‍ മനംനൊന്ത്, ഒരു നിസ്സാരകാര്യത്തിന് വീണ്ടുവിചാരമില്ലാതെ ആ കുഞ്ഞു ചെയ്ത കടുംകൈ ഞങ്ങളെ തളര്‍ത്തിക്കളഞ്ഞു. അച്ഛനും ഞാനും പിന്നീട് പാട്ടു കേള്‍ക്കാതെയായി. വീട്ടിലെ ഓമനത്തമുള്ള റേഡിയോ മിണ്ടാതെയായി. കുത്തിക്കുറിക്കുന്ന കവിതകളില്‍ സങ്കടം മാത്രമായി. പിന്നീടത് പാട്ടുകളായി വെട്ടുകൊതിച്ച് പരുവപ്പെട്ടു തുടങ്ങി.
രണ്ടുവര്‍ഷം കഴിഞ്ഞ് ഒരു ജനുവരി സന്ധ്യയില്‍ യേശുദാസ് അദ്ദേഹത്തിന്റെ ആത്മസ്നേഹിതനും, സഹപാഠിയുമായ ചേര്‍ത്തല ഗോവിന്ദന് കുട്ടിസാറിന്റെ വീട്ടില്‍ വരുന്നുണ്ടെന്നറിഞ്ഞ് ഞാന്‍ അയല്‍ക്കാരനായ കൊച്ചുമ്മിണിശേരി ബാബുച്ചേട്ടനുമൊത്ത് അവിടെയെത്തി. സങ്കടങ്ങളുടെ നനവുള്ള പത്ത് കൃഷ്ണകീര്‍ത്തനങ്ങള്‍ കയ്യില്‍ കരുതിയിട്ടുണ്ടായിരുന്നു. അവിടെവച്ച് ഞാന്‍ യേശുദാസിനെ ആദ്യമായി അടുത്തുകണ്ടു. കാല്‍തൊട്ടു വന്ദിച്ചു. കയ്യിലിരിക്കുന്ന പാട്ടു മേടിച്ച്, കാത്തിരിക്കാന്‍ പറഞ്ഞ് അനുഗ്രഹിച്ച് മഹാവിസ്മയം മിഴിതഴുകി. ഞാനപ്പോള്‍ അനുജനെയോര്ത്തു. തൊട്ടടുത്ത് അവനുണ്ടായിരുന്നെങ്കിലെന്നോര്ത്ത് വിതുമ്പിപ്പോയി. പിന്നീട് രണ്ടുവര്‍ഷത്തിനുശേഷം, എന്റെ പത്തൊന്‍പതാമത്തെ വയസ്സില്‍ ഞാനൊരു പ്രൊഫഷണല്‍ നാടകഗാനരചയിതാവായി അരങ്ങേറ്റം കുറിച്ചു. ആ രംഗത്തെ സജീവത എനിക്ക് കാസറ്റ് രംഗത്തെത്താന്‍ സഹായകമായി. എന്നെ കാസറ്റ് ഗാനരചനാരംഗത്ത് അവതരിപ്പിച്ച ജോണിസാഗരിഗയുമൊന്നിച്ച് നിറം എന്ന സിനിമയുടെ വിജയാഘോഷങ്ങള്ക്കിടയ്ക്ക് വീണ്ടും ഞാന്‍ ദാസേട്ടനെ കണ്ടു. ഭയഭക്തിബഹുമാനങ്ങളോടെ സാറെ.. എന്നു വിളിച്ചപ്പോള്‍ ഏതോ ജന്മാന്തരബന്ധങ്ങളുടെ അവകാശങ്ങളോടെ അദ്ദേഹം പറഞ്ഞു, ദാസേട്ടന് എന്നുമതി. എന്നേപ്പോലൊരു മിന്നാമിനുങ്ങിനെ ഒരു വിണ്‍സൂര്യന്‍ ചേര്‍ത്തുപുല്‍കുന്നു. അത്രയൊന്നും പരിചിത വഴികളില്‍ കണ്ടുമുട്ടാത്ത ഒരു പയ്യനോട് എന്തിനാവും മഹാഗായകന് അങ്ങനെ പറഞ്ഞത്? ജീവിച്ചു തീര്‍ക്കാതെ, കൊതിതീരാതെ യാത്ര പോയ അനുജന്റെ ആത്മാവ്, ഒറ്റയ്ക്കായിപ്പോയ അവന്റെ രാജാവിനെ സഹായിച്ചതാകുമോ?
പിന്നെയും വര്‍ഷങ്ങള്‍ പിന്നിട്ടു. തരംഗിണിയുടെ ‘ഓം ഗണനാഥം’ എന്ന വിഖ്യാത ആല്‍ബത്തില്‍ പാട്ടെഴുതാനുള്ള മഹാഭാഗ്യം എനിക്കു ലഭിച്ചു. കലവൂര്‍ ബാലന്റെ ഈണത്തില്‍ ആ ഗാനങ്ങള്‍ ദാസേട്ടന് വെള്ളയമ്പലത്തെ തരംഗിണി സ്റ്റുഡിയോയില്‍ പാടി.
”പഴവങ്ങാടി ഗണേശന്-എന്റെ
പിഴവെല്ലാം പൊറുക്കും ഗജാസ്യന്‍
വഴിമാറിപ്പോയൊരെന് ജന്മം-തിരു
മിഴി കാട്ടി നയിക്കുന്ന ഹേരംബന്‍”
അഷ്ടിപോലും, ഗണപതി മഥുര്‍ ഗണപതി, അറിവിന്റെ കാവേരി പിന്നെയും ഗാനങ്ങള്‍. മറക്കാനാവില്ല ആ ദിവസം. സ്വന്തം കൈപ്പടയില്‍ പകര്‍ത്തിയെടുത്ത്, പാടിക്കഴിഞ്ഞ് ചുരുട്ടിക്കളയുന്ന പാട്ടുകള്‍ ഞാന്‍ അത്ഭുതാവേശങ്ങളോടെ നിവര്‍ത്തിയെടുത്തു. ഗാനഗന്ധര്‍വ്വന്റെ കയ്യക്ഷരം…! പെട്ടെന്ന് അതുകണ്ട് അദ്ദേഹം നീരസം പ്രകടിപ്പിച്ചു. ഞാന്‍ വല്ലാതെ അസ്വസ്ഥനായി. വിഷമത്തോടെ ഇരുന്നു. അല്‍പ്പം കഴിഞ്ഞ് ആ കടലാസുകളില്‍ എന്റെ ഭക്തിസങ്കല്പങ്ങള്ക്കു താഴെ ദാസേട്ടന് ഇങ്ങനെ എഴുതി ഒപ്പിട്ടു തന്നു.
സ്വന്തം സഹോദരന് യേശുദാസ്. ഞാനാ കടലാസുകള്‍ അമൂല്യനിധിയായി സൂക്ഷിച്ചുവച്ചിട്ടുണ്ട്.
തൊട്ടടുത്ത വര്‍ഷം ഞാന്‍ ചലച്ചിത്രഗാനരചയിതാവായി. ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ആദ്യഗാനം തന്നെ ഗന്ധര്‍വ്വ സ്വരത്താല്‍ അനുഗ്രഹീതമായി. ”മുന്തിരിവാവേ എന്തിനീ പിണക്കം…!” പിന്നീട് കനകസിംഹാസനത്തിലെ പ്രിയതമേ ശകുന്തളേ, ഭാര്യ ഒന്ന് മക്കള്‍ മൂന്ന് എന്ന ചിത്രത്തിലെ ഇനിയും കൊതിയോടെ കാത്തിരിക്കാം തുടങ്ങി പതിനഞ്ചോളം സിനിമാപ്പാട്ടുകളില്‍ എന്റെ അക്ഷര സുകൃതങ്ങള്‍ക്കു മേല്‍ ഗന്ധര്‍വ്വ സ്വരം നനഞ്ഞു. ഒരു പൂവു ചോദിച്ചപ്പോള്‍ വസന്തം നല്കിയ കാലത്തോട് കടപ്പെട്ട് കൈകള്‍ കൂപ്പുന്നു ഞാന്‍.
മദിരാശിയിലും കേരളത്തിലുമായി പിന്നെ എത്രയോ ഭാഗ്യകടാക്ഷങ്ങള്. എന്റെ കവിതാസമാഹാരമായ ‘വേരുകളുടെ വേദാന്തം’ മൂന്നാം പതിപ്പ് അദ്ദേഹമാണ് പ്രകാശനം ചെയ്തത്. പുതിയ കവിതാ സമാഹാരത്തിന് അനുഗ്രഹവചനങ്ങളും കുറിച്ചുതന്നു. അപ്പോഴെല്ലാം എന്നേക്കാള്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പേ നടന്നു തുടങ്ങിയ ആ മഹാനുഭാവന് സ്വന്തം സഹോദരന് എന്ന് ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. പൂര്വ്വജന്മ സുകൃതമെന്നോര്ത്ത് എന്റെ മിഴി നനയുന്നു.
പലവട്ടം അടുത്തുചേര്ന്നിരിക്കാന് മഹാഭാഗ്യമുണ്ടായിട്ടും, ഒട്ടും ആരാധന കുറയാതെ നെഞ്ചിലെ ശ്രീലകത്തു സൂക്ഷിക്കുന്ന നാദവിസ്മയമാണ് യേശുദാസ്. ദാസേട്ടന്റെ ശബ്ദം മലയാളികളുടെ സാംസ്കാരിക മൂലധനമായി മാറിയിട്ട് ദശാബ്ദങ്ങള്‍ ഒത്തിരികഴിഞ്ഞു. എല്ലാത്തരം വിഭജനങ്ങളേയും ആലാപനാനുഭൂതിയുടെ ഔഷധം പുരട്ടി അതിജീവിച്ചു ഗാനഗന്ധര്വ്വന് ആ നവോത്ഥാന സാന്നിദ്ധ്യം മലയാളികളുടെ മഹാസുകൃതമാണ്. ആത്മശിക്ഷപോലെയുള്ള അച്ചടക്കത്തില്‍ നിന്നേ, അപൂര്‍വവും അതുല്യവുമായ പ്രതിഭാശക്തിയെ ഊതിക്കാച്ചി എടുക്കാനാകൂ എന്ന മഹത്തായ ജീവിതപാഠം യേശുദാസില്‍നിന്നു നമുക്ക് പഠിക്കാം.
അഞ്ചിലേറെ തലമുറകള്‍ ഒരുപോലെ ആരാധിച്ച ഒരാള്‍ മാത്രമേ മലയാളിയായി ജീവിച്ചിരിപ്പുള്ളൂ. അത് യേശുദാസാണ്. മുടന്തന്‍ ന്യായം പറഞ്ഞ് ഈ വാദത്തെ എതിര്‍ക്കുവാനും, കുറ്റങ്ങളുടെ പല്ലവി പാടാന്‍ സഹജവാസനയുള്ളവരും ഹൃദയംകൊണ്ട് സമ്മതിക്കുന്ന പരമാര്ത്ഥമാണത്. യേശുദാസിന്റെ ശബ്ദസാന്നിധ്യമില്ലാതിരുന്നെങ്കില് ഈ ലോകം ഇത്ര സുന്ദരമാകുമായിരുന്നോ എന്നൊരാള്‍ ചോദിച്ചാല്‍ പാട്ടു കേട്ടു വളര്‍ന്ന, പരുവപ്പെട്ട, ഒരുത്തനും തര്ക്കിച്ചുതുടങ്ങാനിടയില്ല.
നൈസര്‍ഗികമായ പ്രതിഭയും കഠിനമായ അധ്വാനവും സ്വപ്നങ്ങളെ പ്രതികൂലാവസ്ഥകളിലും തളരാതെ താലോലിക്കാനുള്ള കരുത്തുമാണ് യേശുദാസിനെ അമരക്കാരനാക്കിയത്. വമ്പിച്ച ആസ്വാദക വലയത്തിന്റെ കാലാതീതമായ അനുഗ്രഹം ആ കേവല മനുഷ്യപ്രതിഭയെ ഗാനഗന്ധര്‍വ്വനാക്കി. ഗൃഹാങ്കണങ്ങളിലും ദേവാലയങ്ങളിലും വിദ്യാലയങ്ങളിലും വിവാഹ മണ്ഡപങ്ങളിലും ജാഥകളിലും എല്ലാം ആ ശബ്ദം നമ്മുടെ വികാരങ്ങളുടെ വിശ്രുത അടയാളങ്ങളായി!
ഗുരുത്വമുള്ള പ്രതിഭയ്ക്കേ അതിരുകളുടെ പ്രതിബന്ധങ്ങളെ അനായാസമായി ഇല്ലാതാക്കാനാകൂ. ഗുരു സാക്ഷാല്‍ പരബ്രഹ്മമാണെന്ന ഭാരതീയ വിചാരധാരയുടെ നനവ് യേശുദാസ് കാത്തുപോരുന്നു. അതുകൊണ്ടാണ് കേവല മനുഷ്യന്റെ പരാധീനങ്ങളെ അതിലംഘിക്കാന്‍ യേശുദാസിനു കഴിഞ്ഞത്. വിനയപ്പെടേണ്ടിടങ്ങളിലെല്ലാം വിനയപ്പെടാനും നിലപാടുകളില്‍ ഉറച്ചുനിന്ന് വിദ്യയെ പരിപാലിക്കാനും യേശുദാസിനു കഴിഞ്ഞു. ഗുരുവിന്റെ കൈപിടിച്ച് എളിമയോടെ ഉപാസനയിലേര്പ്പെടാനും, ഒരുവേള ഗുരുകരം വിട്ട്, മനോധര്‍മ്മ സംഗീതത്തിന്റെ മഹാനഭസ്സിലേക്കു പറന്നുയരാനും അദ്ദേഹത്തിനായി. മനോധര്‍മം, പ്രതിഭ ഒറ്റയ്ക്കു പറന്നുയരേണ്ട ആകാശമാര്ഗ്ഗമാണെന്ന് യേശുദാസിനു ബോധ്യപ്പെട്ടിടത്താണ് അദ്ദേഹത്തിന്റെ അമരത്വത്തിലേക്കുള്ള തീര്‍ത്ഥയാത്ര ആരംഭിച്ചത്. പല പാട്ടുകളും പാടാന്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോയിലെത്തി. പാടാന്‍ മറന്ന്, ഓരോ കാര്യങ്ങള്‍ പറഞ്ഞു പറഞ്ഞ് മണിക്കൂറുകള്‍ ഒഴുകിപ്പോയത്, യേശുദാസിനുമാത്രം വിവരിക്കാനറിയുന്ന ലളിതമായ മനോധര്‍മ്മ സാധ്യതകള്‍ കാരണമാണ്. പാടാന്‍ മണിക്കൂറുകള്‍ വേണ്ടാത്ത അദ്ദേഹം രാത്രി വൈകിയും ജീവിതം പറഞ്ഞു തന്നത് കേട്ടിരിക്കാനായത് എന്റെയും ജന്മസുകൃതം.
മലയാള സിനിമയെ ജനകീയമാക്കുന്നതിലും, അന്തസാരശൂന്യമായ എത്രയോ ചിത്രങ്ങളെ തകര്‍ച്ചയില്‍നിന്നും കരകയറ്റുന്നതിലും മഹത്തായ പങ്ക് യേശുദാസ് ഗാനങ്ങള്‍ക്കുണ്ട്. അതുല്യമായ സ്വരശുദ്ധി, അത്യാകര്‍ഷകമായ സ്ഫുടത, ശ്രുതിലയങ്ങളോട് ഇഴുകിച്ചേര്‍ന്ന അര്‍പ്പണ മനോഭാവം, അതിധന്യമായ ഉപാസന, ആത്മാര്‍ത്ഥമായ നിര്‍വ്വഹണം ഇതെല്ലാം ഗാനഗന്ധര്‍വ്വ ഗീതങ്ങളെ വറ്റിപ്പോകാതെ അനുഭൂതി രമ്യമായ അനുഭവങ്ങളാക്കി തീര്‍ക്കുന്നു.
യേശുദാസിനെ വരവേല്‍ക്കാന്‍ വളരെക്കാലം മടിച്ചുനിന്നവരോട്, എതിര്‍ത്തു നില്‍ക്കാതെ, പ്രതിഭയുടെ പ്രകാശം ചൊരിഞ്ഞ് മറുപടി നല്‍കാനായതും ഒരു ചെറിയ കാര്യമല്ല. നിരന്തരമായ ശ്രാവ്യസുഖമുള്ള കച്ചേരികളിലൂടെ കാസറ്റ്, റേഡിയോ, വീഡിയോ തുടങ്ങിയ പ്രകാശനോപാധികളിലൂടെ ആ നാദം അപ്രരോധിതമായി സംഗീതവേദികളില്‍ അലയടിച്ചു കയറി. അത്യപൂര്‍വ്വമായ ആ ആരോഹണമാണ് യേശുദാസിനെ കാലാതിവര്‍ത്തിയായ നാദവിസ്മയമാക്കിത്തീര്ത്തത്.
ശെമ്മാങ്കുടിയുടേയും ചെമ്പൈയുടേയും ഈ ശിഷ്യനെ പാദപൂജ ചെയ്ത്, ആചാര്യനായി അവരോധിച്ച് ത്യാഗരാജ കീര്ത്തനോത്സവത്തില് പ്രമുഖ സ്ഥാനം നല്കിയ ചരിത്രമുഹൂര്‍ത്തം ഒരു പ്രതിഭ ഉപാസനയില്‍ കാലത്തില്‍ അടയാളപ്പെടുത്തിയ വിജയസാക്ഷ്യമാണ്. അകറ്റിനിര്ത്തലുകളെ മറികടന്ന്, ആത്മവിശ്വാസത്തോടെ കുതിക്കാനുള്ളവര്ക്ക് പഠിക്കാന്‍ യേശുദാസിനോളം തികവുള്ള അനുഭവവഴികള്‍ നമുക്കിടയില്‍ അധികം പേര്‍ക്കില്ല. എല്ലാ അലങ്കാരങ്ങള്‍ക്കും അപ്പുറം പ്രതിഭയുടെ അഴക്, അറിവിന്റെ ആഴങ്ങളിലാണെന്ന് യേശുദാസ് എന്ന മഹാപ്രതിഭയുടെ നാദജാതകം നമ്മെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കും.
ചെട്ടികുളങ്ങര ദേവിയെ പ്രകീര്‍ത്തിച്ച് ഞാനെഴുതിയ ഗാനങ്ങള്‍ പാടിക്കൊണ്ടിരിക്കേ സംഗീതസംവിധായകനായ ജയവിജയ ജയന്മാഷിനോട് ദാസേട്ടന് പറയുന്നു, ”തുടങ്ങും മുന്‍പ് ഗാനരചയിതാവിനോട് ചോദിച്ചില്ല.” വിസ്മയം തെല്ലുയര്‍ന്ന ഒരു കുട്ടിയെപ്പോലെ ഞാനാ ഗന്ധര്‍വ്വ മുഖത്തേക്ക് നോക്കി നിന്നു. അപ്പോള്‍ അദ്ദേഹം എന്നെ നോക്കി പറഞ്ഞു. ”അതാണ് പതിവ്. എന്നാലേ ശുഭമാകൂ. എഴുത്തുകാരന് അരുകിലുണ്ടെങ്കില്, ആ അക്ഷരോപാസകന്റെ അനുവാദത്തോടെയേ തുടങ്ങാറുള്ളൂ. അത് ആരായാലും. ആദിയില്‍ വചനമാണല്ലോ ഉണ്ടായത്.”
”ഓണാട്ടുകരയുടെ പരദേവതയ്ക്കു ഞാന്‍
ഓമനത്തിങ്കളാകുന്നു
ഓരോ നിമിഷവും ചൂരല്മുറിഞ്ഞു ഞാന്‍
ഓരത്തു ചേര്‍ന്നു നില്ക്കുന്നു.”
പാട്ടു തറവാട്ടിലെ കാരണവര്‍ പല്ലവി പാടുമ്പോള്‍ ഞാനാ പ്രാണസംഗീത ദേവതയുടെ ഓരം ചേര്‍ന്ന്, മിഴിനനഞ്ഞ് കേട്ടിരുന്നു. പിന്നീട് ‘അമ്മത്തമ്പുരാട്ടി’ എന്ന ചെട്ടികുളങ്ങര ദേവീഗീതങ്ങളുടെ പ്രകാശനത്തിന് ഞങ്ങളൊന്നിച്ച് ഓണാട്ടുകരയില്‍ പോയി. ജയവിജയ ജയന്, കൈരളി രവി, എ.വി.വാസുദേവന്‍ പോറ്റി. രാവുതീരും വരെ പിന്നെ പാട്ടും പൊരുളും. ദൈവമേ… എത്ര സുകൃതകരം അനുഭവങ്ങള്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: