ബെയ്ജിംഗ്: തിബത്തുകാര്‍ ആരാധിച്ചുകൊണ്ടിരുന്ന സിചുവാന്‍ പ്രവിശ്യയിലെ രണ്ടാമത്തെ ബുദ്ധപ്രതിമയെക്കൂടി തകര്‍ത്ത് ചൈന. തിബത്തുകാരുടെ വിശ്വാസത്തെ കുഴിച്ചുമൂടാനുള്ള ശ്രമത്തിലാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍.
വ്യത്യസ്ത സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും വച്ചുപൊറുപ്പിക്കേണ്ടെന്നും, ഒരൊറ്റ ചൈനാ സംസ്കാരം മാത്രം നിലനിന്നാല്‍ മതിയെന്ന കമ്മ്യൂണിസ്റ്റ് ചൈനയുടെ നയത്തിന്റെ ഭാഗമായാണ് ബുദ്ധപ്രതിമ തകര്‍ത്തത്. ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ച തിബത്തുകാര്‍ക്ക് ചൈനീസ് പൊലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റു. ചൈനീസ് പൊലീസിന്റെ നേതൃത്വത്തില്‍ ബുദ്ധപ്രതിമ തകര്‍ക്കുമ്പോള്‍ ഡ്രാഗോ കൗണ്ടിയുടെ തലവന്‍ വാങ് ഡോങ്ഷെങും ഹാജരായിരുന്നു.
ഉപഗ്രഹ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റേഡിയോ ഏഷ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് നിലകളിലായി നിലനില്‍ക്കുന്ന മൈത്രേയ ബുദ്ധ എന്ന പ്രതിമയാണ് തകര്‍ത്തത്. ഡ്രാഗോയിലെ ഗാഡെന്‍ നംയാല് ലിങ് മൊണാസ്റ്ററിയിലായിരുന്നു ഈ മൈത്രേയ ബുദ്ധപ്രതിമ സ്ഥിതിചെയ്തിരുന്നത്.
ഇക്കഴിഞ്ഞ ഡിസംബറില്‍ ഇവിടുത്തെ തിബത്തുകാര്‍ ആരാധിച്ചിരുന്ന മറ്റൊരു ബുദ്ധപ്രതിമ കൂടി തകര്‍ത്തിരുന്നു. 99 അടി പൊക്കമുള്ള ഈ ബുദ്ധപ്രതിമ തകര്‍ത്തപ്പോഴും ഡ്രാഗോ കൗണ്ടി മേധാവി വാങ് ഡൊങ്ഷെങ് അതിന് മേല്‍നോട്ടം വഹിച്ച് ഹാജരായിരുന്നു.
ഇനി സിചുവാന്‍ പ്രവിശ്യയിലെ വിശാലമായ ലാറുംഗ് ഗര്‍ ബുദ്ധിസ്റ്റ് അക്കാദമിയെക്കൂടി തകര്‍ക്കാനുള്ള പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കുകയാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഉദ്യോഗസ്ഥര്‍. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് സന്യാസിമാരെയും സന്യാസിനികളെയും പുറത്താക്കി. ഇവരുടെ വീടുകള്‍ നശിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: