എരുമേലി: ശബരിമല തീര്‍ഥാടനത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ പേട്ടതുള്ളല്‍ ആഘോഷങ്ങള്‍ക്കായി എരുമേലി ഒരുങ്ങി. ആചാര പെരുമയില്‍ നടക്കുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളലിനായി വലിയ ക്രമീകരണങ്ങളാണ് എരുമേലിയില്‍ ഒരുക്കിയിരിക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എരുമേലിയില്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ഉച്ചയോടെ അമ്പലപ്പുഴ സംഘം ആദ്യം പേട്ടതുള്ളി എരുമേലി വാവര് പള്ളിയെ വലംവെച്ച് ക്ഷേത്രത്തിലേക്ക് പോകും. ഇതിന് പിന്നാലെ ആലങ്ങാട്ട് സംഘവും പേട്ടതുള്ളാൻ ആരംഭിക്കും. ഇത് കഴിഞ്ഞാണ് ഇരു സംഘങ്ങളും സന്നിധാനത്തേക്ക് യാത്ര തിരിക്കുക.
പരമ്പരാഗത കാനന പാത വഴിയാണ് ഇവർ സന്നിധാനത്തേക്ക് പോകുക. പമ്പയിലെ പമ്പാസദ്യയും പമ്പവിളക്കും കഴിഞ്ഞാണ് പേട്ടതുള്ളൽ സംഘങ്ങൾ മലകയറുക. അതേസമയം പരമ്പരാഗത കാനന പാതയിലും അഴുതയിലും തിരക്കേറിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് കാനനപാത വഴി പോകുന്ന തീർത്ഥാടകരെ കടത്തിവിടുന്ന സമയം പകൽ മൂന്ന് മണിവരെ നീട്ടി.
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സര്‍ക്കാര്‍ കഴിഞ്ഞ രണ്ടുവര്‍ഷം അടച്ചിട്ട പാതയാണ് കഴിഞ്ഞ മാസം 31ന് തുറന്നത്. കോയിക്കക്കാവിലും കാളകെട്ടിയിലും കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് അയ്യപ്പഭക്തരെ കടത്തിവിടുന്നത്. കാനന പാത തുറന്നതോടെ ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി അയ്യപ്പദര്‍ശനം സാധ്യമാക്കാന്‍ കഴിയുന്ന സന്തോഷത്തിലാണ് തീര്‍ഥാടകര്‍. അഴുതയില്‍ നിന്നും കല്ലെടുത്ത് കല്ലിടാന്‍ കുന്നില്‍ നിക്ഷേപിക്കുന്ന ആചാരം ഇതില്‍ പ്രധാനപ്പെട്ടതാണ്.
കഴിഞ്ഞ രണ്ടു വര്‍ഷം നിലച്ച ശരണമന്ത്രങ്ങള്‍ വീണ്ടും മുഴങ്ങിയതോടെ കാളകെട്ടിയും അഴുതയുമെല്ലാം സജീവമായി. വനം വകുപ്പിന്റേയും പോലീസിന്റേയും അന്നദാനം നല്കുന്ന സന്നദ്ധ സംഘടനകളുടെയും വ്യാപാരികളുടെയും സഹകരണത്തോടെയാണ് അയ്യപ്പഭക്തരുടെ യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: