1966 ജനുവരി 11ന് പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ഭൗതിക ശരീരം താഷ്കന്റില്‍ നിന്നും ദില്ലിയിലെ പാലം വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ തടിച്ചുകൂടിയ പുരഷാരത്തിന് സംശയങ്ങളൊന്നുമില്ലായിരുന്നു. അവര്‍ വിങ്ങുന്ന ഹൃദയവുമായി ലോകത്തോട് വിളിച്ചു പറഞ്ഞു: ‘ശാസ്ത്രി ജി അമര്‍ രഹേ! അജാതശത്രു അമര്‍ രഹേ!’. അതിനിടയിലാണ് ശരീരം അടുത്തു കാണാന്‍ കഴിഞ്ഞവരില്‍ നിന്ന് ഞെട്ടിക്കുന്ന നിരീക്ഷണങ്ങള്‍ പുറത്തു വന്നതും കാട്ടുതീ പോലെ പടര്‍ന്നു പിടിച്ചതും. അവര്‍ ലോകത്തോട് വിളിച്ചറിയിച്ചു: ‘ശാസ്ത്രി ജി കോ മാര്‍ ഡാലാ’. (‘ശാസ്ത്രിജിയെ കൊന്നതാണ്’).
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ പത്ത്, ജന്‍പഥിലേക്ക് ഭൗതികശരീരം കൊണ്ടുവന്നപ്പോള്‍ ശിരസിലിരുന്ന തൊപ്പിയിലാകെ കഴുത്തില്‍ നിന്ന് പ്രവഹിച്ച രക്തം പടര്‍ന്നിരുന്നു. അണിഞ്ഞിരുന്ന വസ്ത്രങ്ങള്‍ മാറ്റിയപ്പോള്‍ അദ്ദേഹത്തിന്റെ അമ്മ പൊട്ടിക്കരഞ്ഞു: ‘ബബുവാ കോ മാര്‍ ഡാലാ’ (‘അവര്‍ എന്റെ മകനെ കൊന്നുകളഞ്ഞു’). വയറിലും കഴുത്തിലും പല മുറിവികള്‍, അവയില്‍ നിന്ന് അപ്പോഴും പുറത്തേക്കിറ്റുവരുന്ന ചോര. ശരീരമാകെ നീര്. നിറം കറുപ്പു കലര്‍ന്ന നീല. മുഖത്ത് കറുത്ത പാടുകള്‍. എന്തുകൊണ്ട് പോസ്റ്റുമാര്‍ട്ടം ചെയ്തില്ലായെന്ന് പത്നി ലളിതാ ശാസ്ത്രി ചോദിച്ച ചോദ്യത്തിന് പക്ഷേ ആരും ഉത്തരം പറഞ്ഞില്ല.
അദ്ദേഹം മരിക്കുന്നതിന് തൊട്ടുതലേന്ന്, താഷ്കന്റ് ഉടമ്പടി ഒപ്പിട്ട്, തിരക്കേറിയ മറ്റു ചടങ്ങുകളും പൂര്‍ത്തിയാക്കി അത്താഴത്തിന് ശേഷം ശാസ്ത്രി, ദല്‍ഹയിലെ തന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞ് ഒരു മണി ആയിരുന്നു. മകള്‍ സുമ, അദ്ദേഹത്തോട് പറഞ്ഞു: ‘അമ്മ ചോദിക്കുന്നു അച്ഛന്റെ ആരോഗ്യം എങ്ങനെയുണ്ടെന്ന്’. ‘അവളോട് പറയൂ എന്നത്തേക്കാളും നന്നായിരിക്കുന്നെന്ന്’: അദ്ദേഹത്തിന്റെ മറുപടി. പിടിച്ചെടുത്ത ഭൂ ഭാഗം തിരിച്ചു കൊടുക്കുകയാണെന്ന് പറഞ്ഞ് നാട്ടിലെല്ലാവരും ദേഷ്യപ്പെട്ടിരിക്കയാണെന്നു അങ്ങോട്ട് പറഞ്ഞപ്പോള്‍ ഭാര്യ ലളിതയ്ക്ക് ഫോണ്‍ കൈമാറാന്‍ പറഞ്ഞിട്ട് ഭാരതത്തിലുളള എല്ലാവരെയും സന്തോഷിപ്പിക്കുമെന്നുറപ്പുള്ള ഒരു വാര്‍ത്തയുമായിട്ടായിരിക്കും മടങ്ങി വരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനു ശേഷം ഒരു ഗ്ലാസ്സ് പാലും കുടിച്ചിട്ട് ഉറങ്ങാന്‍ പോകുന്നുവെന്നും പറഞ്ഞാണ് ഫോണ്‍ സംഭാഷണം നിര്‍ത്തിയത്. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ മകള്‍ ഒന്നു കൂടി അച്ഛനെ ഫോണ്‍ ചെയ്തപ്പോള്‍ അങ്ങേ തലയ്ക്കല്‍ ഫോണെടുത്തയാള്‍ പറഞ്ഞത് ശാസ്ത്രിജി മരിച്ചുവെന്നാണ്. ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യം ഉയരുക സ്വാഭാവികമല്ലേ?
ഉറങ്ങും മുമ്പ് ശാസ്ത്രി ~ാസ്കില് നിന്ന് പാലെടുത്ത് കുടിച്ചതായി രേഖകളുണ്ട്. കഴിച്ച ഭക്ഷണത്തിലോ പാലിലോ ചേര്‍ത്തന്ന വിഷമാണ് മരണകാരണമെന്ന് കരുതി പോസ്റ്റുമാര്‍ട്ടം നടത്തി അന്വേഷണം ആരംഭിക്കേണ്ടതായിരുന്നു. അതൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, മൊറാര്‍ജി ദേശായ് പ്രധാനമന്ത്രി ആയപ്പോള്‍ രൂപീകരിച്ച ഒരു പാര്‍ലമെന്റെറി കമ്മിറ്റിയില്‍ മൊഴി നല്കാന്, 11 വര്‍ഷങ്ങള്‍ക്കു ശേഷം, 1977ല്‍, ദല്‍ഹിയിലേക്ക് പോകുകയായിയുന്ന ഡോ.ആര്.എന്‍. ചൂഗ് (മരണസമയത്ത് ശാസ്ത്രിജിയോടൊപ്പമുണ്ടായിരുന്ന ഡോക്ടര്‍) ഒരു ട്രക്ക് ഇടിച്ച് ഒരു കുട്ടിയൊഴികെ അദ്ദേഹത്തിന്റെ കുടുംബം മൊത്തം കൊല്ലപ്പെട്ടു.
ശാസ്ത്രിയുടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്ന പരിചാരകന് രാംനാഥ് മൊഴി കൊടുക്കാന്‍ ദല്‍ഹിയില്‍ വന്നു. അദ്ദേഹം ആദ്യം ലളിതാ ശാസ്ത്രിയെ വീട്ടില്‍ ചെന്ന് കണ്ട് പറഞ്ഞു: വളരെ നാളുകളായി കൊണ്ടു നടക്കുന്ന ഭാരമാണമ്മേ, ഇന്നെല്ലാം തുറന്നു പറയുമെന്ന്. പിന്നീട് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മൊഴികൊടുക്കാന്‍ നടന്നു. ഒരു സര്‍ക്കാര്‍ വാഹനം അദ്ദേഹത്തെ ഇടിച്ചിട്ടു. കാലുകള്‍ തകര്‍ന്നതിനാല്‍ മുറിച്ചു മാറ്റേണ്ടി വന്നു; കോമയിലായി. ഓര്‍മ്മ നഷ്ടപ്പെട്ടു. മാസങ്ങള്‍ക്കുള്ളില്‍ മരണത്തിന് കീഴടങ്ങി.
അന്വേഷണം വേണ്ടതു പോലെ നടന്നില്ല. ഉണ്ടായതും അട്ടിമറിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ദില്ലിയില്‍ നിന്ന് ദൂരെ അലഹബാദിലെങ്ങാനും സംസകാരിച്ചാല് മതിയെന്നായിരുന്നു ഇന്ദിര പറഞ്ഞത്. ലളിതാ ശാസ്ത്രി സമ്മതിച്ചില്ല. അന്ത്യ വിശ്രമസ്ഥലം ദില്ലിയില്‍ ഗാന്ധി സമാധിയോടും നെഹ്രു സമാധിയോടും ചേര്ന്നുവേണമെന്നും ശാസ്ത്രിയുടെ സമാധിയില്‍ ‘ജയ് ജവാന്’ ‘ജയ് കിസാന്‍’ എന്നെഴുതണമെന്നും ആവശ്യപ്പെട്ടു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്ന ഇന്ദിരാ ഗാന്ധി, ലളിതാ ശാസ്ത്രി നിരാഹാരം ഇരുന്ന് പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പു നല്‍കിയപ്പോഴാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണത്തിലൂടെ ഭാരതത്തിനല്ലേ തീരാനഷ്ടം സംഭവിച്ചത്?.
പാക്കിസ്ഥാനെതിരെ യുദ്ധം ജയിച്ച് ഭാരതത്തിന്റെ യശസ്സുയര്‍ത്തിയ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്ക് മാതൃരാജ്യത്തിനു വേണ്ടി വീണ്ടും പലതും ചെയ്യുവാനുണ്ടായിരുന്നു. ഭാരതത്തിനെന്തു സംഭവിച്ചാലും തന്റെ ആഗോളയശസ്സ് വര്‍ദ്ധിക്കണമെന്ന നെഹ്റുവിന്റെ ലക്ഷ്യമായിരുന്നില്ല ശാസ്ത്രിയുടേത്. പ്രതിരോധം കരുത്തുള്ളതാക്കുവാനുള്ള പദ്ധതികള്‍ ആ മനസ്സിലുണ്ടായിരുന്നു. ഹരിത വിപ്ലവവും ധവള വിപ്ലവവും വഴി കാര്‍ഷികരംഗത്തും പാലുല്‍പ്പാദനത്തിലും പുതിയ ഉയരങ്ങള്‍ എത്തിപ്പിടിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു. അമേരിക്കയെ ഭയപ്പെടാതെ ആണവോര്‍ജ്ജ രംഗത്ത് പരിശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അമേരിക്ക വയറ്റ്നാമില്‍ ബോംബു വര്‍ഷിച്ചപ്പോള്‍ ആദ്യം വിമര്‍ശിച്ച രാജ്യങ്ങളിലൊന്നായിരുന്നു ശാസ്ത്രിയുടെ ഭാരതം. ശാസ്ത്രിയെന്ന രാഷ്ട്രീയ വ്യക്തിത്വത്തിന്റെ മുഖമുദ്ര നിര്‍ഭയത്വവും ദൃഢനിശ്ചവുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: