തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് സമയത്ത് നല്കിയ വാക്ക് പാലിച്ച് സുരേഷ് ഗോപി. തൃശ്ശൂര്‍ ശക്തന് മാര്‍ക്കറ്റിന്റെ നവീകരണത്തിന് ഒരു കോടി നല്‍കിയതിന് പുറമേ ദുബായ് മോഡല്‍ ഹൈടെക് മത്സ്യ – മാംസ മാര്ക്കറ്റുകളാക്കുന്നതിന് ഒരു കോടി കൂടി അനുവദിക്കുമെന്ന് സുരേഷ്ഗോപി. പദ്ധതിക്കായി കൂടുതല്‍ കേന്ദ്ര ഫണ്ടിന് ശ്രമിക്കാമെന്നും സുരേഷ്ഗോപി എംപി മേയര്‍ എം.കെ. വര്‍ഗീസിനെ അറിയിച്ചു.
എംപി ഫണ്ടില്‍ നിന്ന് മാര്‍ക്കറ്റ് നവീകരണത്തിനായി ഒരു കോടി രൂപ നല്‍കിയതിന്റെ ഭാഗമായി കോര്പ്പറേഷന് തയ്യാറാക്കിയ പദ്ധതി നടപ്പിലാക്കുന്ന സ്ഥലം മേയറോടൊപ്പം അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. തുടര്‍ നടപടികള്‍ക്കായി ശനിയാഴ്ച മേയറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ ഉറപ്പ് നല്‍കിയത്.
എം.പി നല്കിയ ഒരു കോടി ശക്തന് മാര്‍ക്കറ്റിലെ കുടിവെള്ള സ്രോതസ്സ് അത്യാധുനിക രീതിയില്‍ ശുദ്ധീകരിച്ച് സംരക്ഷിക്കുന്നതിനും മാര്‍ക്കറ്റിന്റെ വികസനത്തിനും ഉപയോഗിക്കുമെന്ന് മേയര്‍ അറിയിച്ചു. നിര്‍മ്മാണം ആരംഭിക്കുന്നതോടെ ദുബായ് മാതൃകയില്‍ മാര്‍ക്കറ്റ് നവീകരണത്തിനായി ഒരു കോടി രൂപ കൂടി അനുവദിക്കുമെന്ന് സുരേഷ്ഗോപി അറിയിച്ചു. ഇതോടെ ശക്തന് മാര്‍ക്കറ്റ് നവീകരണത്തിന് സുരേഷ് ഗോപിയുടെ എംപി ഫണ്ടില്‍ നിന്ന് രണ്ട് കോടി രൂപ ലഭ്യമാകും.
മേയര്‍ എം.കെ. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്, ഉദ്യോഗസ്ഥര്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍, മറ്റ് നേതാക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: