തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ നിന്നു ഫയലുകള്‍ കാണാതായ സംഭവത്തില്‍ ദുരൂഹതയേറുന്നു. നഷ്ടപ്പെട്ടത് സുരക്ഷാ ഉദ്യോഗസ്ഥരും സിസിടിവി ക്യാമറകളുമുള്ള ആരോഗ്യവകുപ്പ് ഓഫീസ് സ്റ്റോറേജ് സ്പേസിലെ അലമാരയില്‍ നിന്ന്. നഷ്ടപ്പെട്ട ഫയലുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാതെ ആരോഗ്യ വകുപ്പ്.
നഷ്ടപ്പെട്ട ഫയലുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാതെ അന്വേഷിക്കാനാവില്ലെന്ന് കന്റോണ്‍മെന്റ് പോലീസ് ആരോഗ്യവകുപ്പിന് മറുപടി നല്‍കിയതോടെയാണ് ഫയലുകള്‍ കാണാതായത് പുറത്തറിയുന്നത്. ഒരു മാസം മുമ്പാണ് പര്‍ച്ചേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫയലുകള്‍ നഷ്ടപ്പെട്ടുവെന്നും അവ കണ്ടെത്തിത്തരണമെന്നും ആവശ്യപ്പെട്ട് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് ആരോഗ്യവകുപ്പ് കത്ത് നല്‍കിയത്. അഞ്ഞൂറിലധികം ഫയലുകള്‍ കാണാതായി എന്ന് പറയുന്നുണ്ടെങ്കിലും ഏതെല്ലാം ഫയലുകളാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതാണ് ദുരൂഹത ഉയര്‍ത്തുന്നത്. കൊവിഡ് കാലത്ത് പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ളവ വാങ്ങിയതില്‍ വന്‍ അഴിമതി നടന്നത് അടുത്തിടെ പുറത്തുവന്നിരുന്നു. അഴിമതി മറയ്ക്കാനായി ഫയലുകള്‍ മനപ്പൂര്‍വം മാറ്റിയതാകാമെന്ന സംശയമാണുയരുന്നത്.
ഇത്രയും ഫയലുകള്‍ ആരുടെയും കണ്ണില്‍പ്പെടാതെ പുറത്തെത്തിക്കുക പ്രയാസമാണ്. അതിനാല്‍ത്തന്നെ ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഫയല്‍ കടത്താനാകില്ല. ഏത് കാലത്തെ, ഏതൊക്കെ ഫയലുകളാണ് കാണാതായതെന്ന് പോലീസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടില്ല. എല്ലാം ഇ ഫയല്‍ സംവിധാനത്തിലേക്ക് മാറ്റി എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ പേപ്പര്‍ ഫയലുകള്‍ നഷ്ടമായാലും ഡിജിറ്റല്‍ ഫയലുകള്‍ ഉണ്ടാകേണ്ടതാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രോട്ടോകോള്‍ ഓഫീസില്‍ തീപ്പിടിത്തം ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ തന്നെയാണ് എല്ലാം ഇ ഫയലിലേക്ക് മാറ്റി എന്ന് അവകാശപ്പെട്ടത്. അതീവ രഹസ്യ സ്വഭാവത്തിലുള്ളവ മാത്രമാണ് ഇ ഫയലിലേക്ക് മാറ്റാത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ നഷ്ടപ്പെട്ടതില്‍ രഹസ്യസ്വഭാവമുള്ള ഫയലുകളും ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
കൊവിഡ് കാലത്ത് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങിയതിലെ 1600 കോടിയുടെ അഴിമതി ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പുറത്ത് വന്നിരുന്നു. എന്നാല്‍ കാണാതായ ഫയലുകള്‍ കൊവിഡ്കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്നും കെഎംഎസ്സിഎല് രൂപീകൃതമായതിന് മുമ്പുള്ളവയാണെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ വിശദീകരണം. സംഭവത്തില്‍ ജോയിന്റ് ഡയറക്ടറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: