ഹൈദരാബാദ്: മുഖ്യമന്ത്രി പിണറായി വിജയന് തെലുങ്കാനയില്‍ നടത്തിയ നിക്ഷേപ സംഗമം കിറ്റെക്സിന് മറുപടി കൊടുക്കാനുള്ള നീക്കമെന്ന വിമര്‍ശനമുയരുന്നു.
കേരളം വ്യവസായ സൗഹൃദത്തിന് പറ്റിയ ഇടമല്ലെന്ന് ആരോപിച്ച് കിറ്റെക്സ് തെലുങ്കാനയിലേക്ക് പോയപ്പോല്‍, തെലുങ്കാനയില്‍ നിന്നും വ്യവസായികളെ കേരളത്തിലേക്ക് കൊണ്ടുവരിക വഴി ഇവിടെ വ്യവസായ സൗഹൃദാന്തരീക്ഷമുണ്ടെന്ന് സ്ഥാപിക്കലാണ് ലക്ഷ്യം. എന്നാല്‍ ഈ സംഗമത്തില്‍ കേരളത്തിലെ വ്യവസായ മന്ത്രിയായ രാജീവിനെ പങ്കെടുപ്പിക്കാത്തതിന് പിന്നില്‍ മുഖ്യമന്ത്രിക്ക് വ്യവസായമന്ത്രിയോടുള്ള നീരസമാണോ എന്നും ആരോപണവുമുയരുന്നുണ്ട്. കേരളത്തില്‍ വ്യവസായസൗഹൃദാന്തരീക്ഷമുണ്ടെന്ന് വാദിക്കുകയും കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും നിക്ഷേപകരെ എത്തിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന വ്യവസായമന്ത്രിയില്ലാതെ എങ്ങിനെയാണ് കേരളത്തിന്റെ വ്യവസായമേഖലയുമായി ബന്ധപ്പെട്ട ഇത്രയും സുപ്രധാന നിക്ഷേപസംഗമം പിണറായി ഒറ്റയ്ക്ക് നടത്തുന്നതെന്നതും ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നു. പകരം ജോണ്‍ ബ്രിട്ടാസ് എംപിയാണ് തെലുങ്കാനയിലെ നിക്ഷേപകരുടെ സംഗമത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും ആസൂത്രണങ്ങളും നടത്തിയത്. പിണറായി വിജയന്റെ ഏകാധിപത്യസ്വഭാവത്തിന്റെ മറ്റൊരു മുഖമാണ് തെലുങ്കാനയിലെ സമ്മേളനത്തിലും കണ്ടത്.
തെലുങ്കാനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നിക്ഷേപ റോഡ് ഷോയും നടന്നു. കേരളത്തില്‍ വിവിധ വ്യവസായമേഖലകളിലെ നിക്ഷേപസാധ്യതകളാണ് സമ്മേളനത്തില്‍ ചര്‍ച്ചയായത്.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി ഐഐ), ക്രെഡായി എന്നിവരുടെ പ്രതിനിധികളും ഐടി ഫാര്‍മ മേഖലകളിലെ വ്യവസായപ്രമുഖരെയും പങ്കെടുപ്പിച്ചിരുന്നു. ഒരു വ്യവസായിയെയെങ്കിലും തെലുങ്കാനയില്‍ നിന്ന് കേരളത്തിലെത്തിച്ചാല്‍ അതുവഴി കേരളത്തില്‍ വ്യവസായസൗഹൃദാന്തരീക്ഷമില്ലെന്ന കിറ്റെക്സിന്റെ വിമര്‍ശനത്തിന് മറുപടി കൊടുക്കുകയാണ് പിണറായിയുടെ ലക്ഷ്യം. കേരളത്തിലെ ഒരു വ്യവസായിയെ തോല്പിക്കാനുള്ള മുഖ്യമന്ത്രിയുടെ പിടിവാശിയായും ചിലര്‍ ഇതിനെ നോക്കിക്കാണുന്നു. നിക്ഷേപസംഗമത്തില്‍ തെലുങ്കാനയില്‍ നിന്നുള്ള 50 വ്യവസായികള്‍ പങ്കെടുത്തു. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഹൈദരാബാദില്‍ എത്തിയ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് നിക്ഷേപസംഗമം വിളിച്ചത്. തെലുങ്കാനയിലെ വ്യവസായസാധ്യതകള്‍ പഠിക്കാനും അവിടുത്തെ വ്യവസായികളെ കേരളത്തിലേക്ക് എത്തിക്കാനും നീക്കം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: