പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. അര മണിക്കൂറോളം സംസാരിച്ചു. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനെയും കണ്ട് പഞ്ചാബിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് ധരിപ്പിച്ചു. പഞ്ചാബ് സന്ദര്‍ശനത്തിനിടെ അപായപ്പെടുത്താനുള്ള ശ്രമമുണ്ടായോ എന്നാണ് പ്രധാനമന്ത്രിയുടെ സംശയം. സുരക്ഷാ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ശ്രദ്ധിച്ചില്ലെന്ന പരാതിയാണ് ഉയര്‍ന്നത്. രാഷ്ട്രപതി സംഭവത്തില്‍ ശക്തമായ ആശങ്ക പ്രകടിപ്പിച്ചത് നിസ്സാരമായി കാണാനാവില്ല. പഞ്ചാബിലെ ഭീകരര്‍ക്ക് കളിക്കാനിട്ട പന്തല്ല നരേന്ദ്രമോദി എന്നോര്‍ക്കണം. നേരത്തെ പഞ്ചാബില്‍ ഭീകരവാദിയെ പോറ്റി വളര്‍ത്തിയത് ഒരു പ്രധാനമന്ത്രിയായിരുന്നല്ലൊ. ബിന്ദ്രന്‍വാലയെന്ന ഭീകരനെ പാലൂട്ടി വളര്‍ത്തുമ്പോള്‍ തന്നെ ബിജെപി അതിനെ എതിര്‍ത്തതാണ്. ഇന്ദിരാഗാന്ധിയാണ് ബിന്ദ്രന്‍വാല ഒരു സംന്യാസിയാണെന്ന് ന്യായീകരിച്ചത്. അതോടെ ഖാലിസ്ഥാന്‍വാദികളുടെ വിളനിലമായി പഞ്ചാബ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിക്കുന്ന വഴികളും സമയവും അടക്കമുള്ള വിവരങ്ങളും പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചില സംഘടനകള്‍ക്ക് ചോര്‍ത്തി നല്കി. ഇതോടെ ഒരു വിഭാഗം ആളുകള്‍ മോദിയുടെ വഴി തടയുകയും അദ്ദേഹം 20 മിനിറ്റോളം വഴിയില്‍ കുടുങ്ങുകയും ചെയ്തു. പ്രധാനമന്ത്രിയെ അപായപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് സംശയം.
ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകം സന്ദര്‍ശിക്കാനും ഫിറോസ്പൂരില്‍ 42,750 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനുമാണ് ചൊവ്വാഴ്ച പ്രധാനമന്ത്രി പഞ്ചാബില്‍ എത്തിയത്. എന്നാല്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴി കര്‍ഷകരെന്ന പേരില്‍ ചിലര്‍ ഉപരോധിക്കുകയായിരുന്നു. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം മേല്‍പ്പാലത്തില്‍ കുടുങ്ങി. സുരക്ഷാവീഴ്ചയുണ്ടായതോടെ യാത്ര വേണ്ടെന്നുവച്ച് പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് മടങ്ങി.
രാവിലെയാണ് പ്രധാനമന്ത്രി ഭട്ടിന്‍ഡ വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്നുള്ള യാത്ര ഹെലികോപ്റ്ററിലായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ മഴയും മോശം കാലാവസ്ഥയും കാരണം സമയത്ത് പുറപ്പെടാനായില്ല. രണ്ടു മണിക്കൂറിലധികം വേണ്ടി വരുമെന്നതിനാല്‍ സുരക്ഷയൊരുക്കാന്‍ പഞ്ചാബ് പോലീസിനോടു നിര്‍ദേശിച്ചു. സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയെന്ന് പഞ്ചാബ് ഡിജിപിഅറിയിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം യാത്ര ആരംഭിച്ചു.
രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെ മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞു. തുടര്‍ന്ന് പ്രധാനമന്ത്രി തിരിച്ച് ഭട്ടിന്‍ഡ വിമാനത്താവളത്തിലേക്ക് മടങ്ങി.
പ്രധാനമന്ത്രിയുടെ യാത്രകളില്‍ സുരക്ഷയൊരുക്കേണ്ടത് സംസ്ഥാന പോലീസിന്റെ ഉത്തരവാദിത്തമാണ്. ഇതുപ്രകാരം പ്രധാനമന്ത്രിയുടെ യാത്രാവിവരവും സമയക്രമവും മുന്‍കൂട്ടി പഞ്ചാബ് സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്.
യാത്ര വിമാനത്തിലാണെങ്കിലും അടിയന്തരമായി റോഡുമാര്‍ഗമാക്കിയാല്‍ അതിനും പദ്ധതി തയ്യാറാക്കി സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കണം. എന്നാല്‍ മുന്നൊരുക്കങ്ങളൊന്നും ഇവിടെ ഉണ്ടായില്ല. യാത്രാവഴി ചില കര്‍ഷക സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കിയതിനാലാണ് അവര്‍ക്ക് വഴി തടയാനായത്. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫിറോസ്പൂരിലേക്കുള്ള മൂന്നു റോഡുകളില്‍ മണിക്കൂറുകളോളമാണ് തടസ്സം സൃഷ്ടിച്ചത്.
പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ കോണ്‍ഗ്രസ് ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ ആവര്‍ത്തിച്ചുള്ള തിരസ്കാരങ്ങള്‍ കോണ്‍ഗ്രസിനെ ഭ്രാന്തിന്റെ പാതയിലേക്ക് നയിച്ചു. കോണ്‍ഗ്രസിന്റെ ഉന്നതതലത്തിലുള്ളവര്‍ മാപ്പ് പറയണം. സുരക്ഷാ വീഴ്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമിത്ഷാ വ്യക്തമാക്കിയിട്ടുണ്ട്. അമിത്ഷായും നരേന്ദ്രമോദിയുമാണവരുടെ കണ്ണിലെ കരട്. രണ്ടുപേരെയും തുടച്ച് നീക്കിയാല്‍ എല്ലാം ശരിയാകുമെന്നാണവര്‍ കണക്കുകൂട്ടുന്നത്. അതത്രവേഗം നടക്കാന്‍ പോകുന്നില്ലെന്നവര്‍ക്ക് ബോധ്യമായിക്കാണും. പഞ്ചാബിലെ ഭരണ നേതൃത്വം എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരും പോലീസ് മേധാവികളും പൊട്ടന്‍കളി നടത്തുകയായിരുന്നോ?
രാജ്യത്തിന്റെ പ്രധാനമന്ത്രിയെ 20 മിനിട്ടുനേരം നടുറോഡില്‍ നിര്‍ത്തിയിടാന്‍ അവര്‍ക്കെങ്ങനെ മനസ്സുവന്നു. വിവിഐപിയുടെ സന്ദര്‍ശനം എന്നത് നിസ്സാരകാര്യമാണോ ? അതിലൊരു വീഴ്ച സംഭവിച്ചിട്ടും ഒന്നും കുലുങ്ങാതെ ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്ന മട്ടില്‍ കളിക്കാനെങ്ങനെ തോന്നി ? എന്ത് നഷ്ടപ്പെട്ടാലും കുലുക്കമില്ലെന്ന മട്ടിലായിരിക്കുന്നു കോണ്‍ഗ്രസ് പാര്‍ട്ടി. ഇത് സംബന്ധിച്ചുള്ള ചാനല്‍ ചര്‍ച്ചകളില്‍ അവരത് ബോധ്യമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: