ലഖ്നോ: സ്ത്രീയെ സദസ്സിന് മുന്നില്‍ കളിയാക്കുകയും അവരുടെ മുടിയില്‍ തുപ്പുകയും ചെയ്തതിന് പ്രമുഖ ഹെയര്‍ സ്റ്റൈലിസ്റ്റ് ജവേദ് ഹബീബിനെതിരെ യുപി പൊലീസ് കേസെടുത്തു.
ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം. ഒരു ഹെയര്‍ സ്റ്റൈലിങ് പരിശീലന സെമിനാറിനിടെയാണ് സംഭവം. സെമിനാറിനിടയില്‍ ചോദ്യം ചോദിച്ച സ്ത്രീയുടെ മുടി സ്റ്റൈലാക്കുന്നതിനിടെയാണ് ജവേദ് ഹബീബ് അവരുടെ മുടിയില്‍ തുപ്പുകയും പിന്നീട് സദസ്സില്‍ സ്ത്രീയെ കളിയാക്കുകയും ചെയ്തത്. ഇത് കേട്ട് സദസ്സ് ഒന്നടങ്കം കയ്യടിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും കാണാം. ഈ സംഭവത്തിന്റെ വീഡിയോ വൈറല്‍ ആയതോടെയാണ് ജവേദ് ഹബീബീനെതിരെ യുപി പൊലീസ് കേസെടുത്തത്.
സലൂണില്‍ വെള്ളമില്ലെങ്കില്‍ ഹെയര്‍ സ്റ്റൈലിസ്റ്റിന് ഉമനീര് ഉപയോഗിക്കാമെന്നും ജവേദ് ഹബീബ് പറയുന്നത് കേള്‍ക്കാമായിരുന്നു. എന്നാല്‍ ഈ വീഡിയോയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉണ്ടായത്. ഈ സെമിനാറില്‍ പങ്കെടുത്ത പൂജ ഗുപ്ത എന്ന സ്ത്രീയ്ക്കാണ് ദുരനുഭവം ഉണ്ടായത്. അവര്‍ പിന്നീട് മുസഫര്‍ നഗര്‍ പൊലീസില്‍ ജവേദ് ഹബീബിനെതിരെ പരാതി നല്കി.
സെമിനാറിനിടയില്‍ ചോദ്യം ചോദിച്ചതോടെയാണ് പൂജ ഗുപ്തയ്ക്കെതിരെ ജവേദ് ഹബീബ് തിരിഞ്ഞത്. ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷന് ആവശ്യപ്പെട്ടിരുന്നു. ഈ വൈറല്‍ വീഡിയോയുടെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് ഉത്തര്‍പ്രദേശ് ഡിജിപിയ്ക്ക് പരാതി നല്കി. സംഭവത്തില്‍ കേസെടുത്തെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും മുസഫര്‍ നഗര്‍ പൊലീസ് അറിയിച്ചു.
സംഭവം വിവാദമായതോടെ ജവേദ് ഹബീബ് മാപ്പ് പറഞ്ഞു. സെമിനാര്‍ കൂടുതല്‍ രസകരമാക്കി മാറ്റാന്‍ വെറും തമാശയെന്ന ഉദ്ദേശ്യത്തോടെയാണ് മുടിയില്‍ തുപ്പിയതെന്ന് ജവേദ് ഹബീബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: