തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രിയിലെ സുരക്ഷയും ജീവനക്കാരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കാനും മന്ത്രി ആവശ്യപ്പെട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.
വിഷയത്തില്‍ എത്രയും പെട്ടന്ന് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്കാന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മേലില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആശുപത്രികളില്‍ ആവര്‍ത്തിക്കരുത്. കൂടാതെ ആശുപത്രികളിലെ സുരക്ഷ കര്‍ശ്ശനമാക്കാനും മന്ത്രി അധികൃതര്‍ക്ക് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആശുപത്രിയിലെ എല്ലാ ജീവനക്കാരും ഐഡി കാര്‍ഡ് നിര്‍ബന്ധമായും ധരിക്കണമെന്ന് നിര്‍ദ്ദേശം നല്കി. ആശുപത്രികളില്‍ ഇപ്പോഴുള്ള സജ്ജീകരണങ്ങള്‍ പരിശോധിക്കണം. ആവശ്യമുള്ള ഇടത്ത് പുതിയ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. കുട്ടികളുടെയും സ്ത്രീകളുടെ സുരക്ഷക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം.
അതേസമയം ആശുപത്രിയിലുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ ആഭ്യന്തര സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. നാലംഗ സമിതിയെ ആണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ആര്‍എഒ, നഴ്സിങ് ഓഫീസര്‍, സുരക്ഷാ തലവന്‍, ഫോറന്‍സിക് വിദഗ്ധന്‍ എന്നിവര്‍ ആണ് സമിതി അംഗങ്ങള്‍. ഇവര്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: