പെരുങ്കടവിള: മലമുകളില്‍ വാഴും അയ്യനെക്കാണാന്‍ 31-ാമത് വര്‍ഷവും ശബരിമലയ്‌ക്ക് കാല്‍നടയായി കുന്നത്തുകാല്‍സംഘം യാത്രതിരിച്ചു. കുന്നത്തുകാല്‍ ചിമ്മണ്ടി ശ്രീനീലകേശി ദേവീക്ഷേത്രസന്നിധിയില്‍ നിന്നും കെട്ടുനിറച്ചാണ് പദയാത്രാസംഘം യാത്ര തുടങ്ങിയത്. 31 വര്‍ഷം മുമ്പ് വെള്ളറടയില്‍ നിന്നാണ് സംഘം യാത്ര തുടങ്ങിയത്. ഗുരുസ്വാമി കരുണാകരന്റെ നേതൃത്വത്തില്‍ തുടങ്ങിയ മലയാത്രയാണ്അദ്ദേഹത്തിന്റെ മരണശേഷം കുന്നത്തുകാല്‍ ചിമ്മണ്ടിസ്വദേശിയായ പത്മകുമാര്‍ നയിക്കുന്നത്.
450 കിലോമീറ്റര്‍ ദൂരം കാല്‍ നടയായി സഞ്ചരിച്ചാണ് സംഘം ശബരിമലയിലെത്തുക. സഞ്ചാരപാതയിലെ ക്ഷേത്രങ്ങളില്‍ രാത്രി കഴിച്ചുകൂട്ടിയാ ണ് യാത്ര. അംഗങ്ങള്‍ തന്നെ ഭക്ഷണം പാകംചെയ്തു കഴിക്കും. യാത്രതുടങ്ങി അഞ്ചാം ദിവസം അച്ചന്‍ കോവിലിലും എട്ടാം ദിവസം എരുമേലിയിലും പത്താം ദിവസം സന്നിധാനത്തും എത്തുന്നതാണ് പതിവ്. 41 ദിവസം വ്രതമെടുത്ത് പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളോടെ തുടരുന്ന തീര്‍ഥാടനത്തില്‍ ഇക്കുറി 19 പേരാണുള്ളത്. മുന്‍കാലങ്ങളില്‍ നാല്‍പതോളം പേര്‍ സംഘത്തില്‍ ഉണ്ടാകുമായിരുന്നു. കന്യാകുമാരി ജില്ലയിലുള്ള അയ്യപ്പഭക്തരും സംഘത്തിലുണ്ട്. എരുമേലി വഴിയുള്ള പ്രവേശനവും നേരിട്ട് അഭിഷേകം നടത്താനുള്ള അനുമതിയും ഇക്കൊല്ലം ആദ്യഘട്ടത്തില്‍ ഇല്ലാതിരുന്നത് അംഗസംഖ്യ കുറയാന്‍ കാരണമായി.
എരുമേലി വഴിയും സത്രം വഴിയുമാണ് സംഘം സന്നിധിയിലെത്തുന്നത്. കൊവിഡ് രൂക്ഷമായിനെ തുടര്‍ന്നുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ കാരണം മുപ്പതു വര്‍ഷമായി ഒരുതവണ പോലും മുടക്കം കൂടാതെ അയ്യനെക്കാണാന്‍ മകരവിളക്ക് സമയത്ത് മലകയറിയിരുന്നവര്‍ക്ക് കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം 2021ല്‍ മല ചവിട്ടുന്നതില്‍ നിന്ന് പിന്തിരിയേണ്ടി വന്നു. ശബരിമല യാത്ര മാറ്റി വച്ചെങ്കിലും മകരവിളക്ക് ദിനത്തില്‍ അയ്യപ്പസ്വാമിയെ കണ്ടു തൊഴാന്‍ സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരമുള്ള അഗസ്ത്യാര്‍കൂട മല നിരകളിലെ പത്തുകാണി കാളിമലയിലെ വരമ്പതി ശ്രീധര്‍മശാസ്താവിനെ കണ്ടു വണങ്ങിയിരുന്നു. കാല്‍നട സംഘത്തിലെ പത്തിലേറെപേര്‍ മൂന്ന് പതിറ്റാണ്ടായി ശബരിമലയില്‍ പോകുന്നവരാണ്. ബസിലാണ് മടക്കയാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: