മഥുരാവാസികള്‍ ജന്മാഷ്ടമിയോളം പ്രാധാന്യത്തോടെ കാണുന്ന ആഘോഷമാണ് ഭഗവാന് കൃഷണന്റെ പ്രിയസഖിയായിരുന്ന രാധയുടെ പിറന്നാള്‍ അഥവാ രാധാഷ്ടമി. മഥുരയിലെന്ന പോലെ വൃന്ദാവനത്തിലും അന്ന് ആഘോഷപരിപാടികള്‍ അരങ്ങേറുന്നു. ഭാദ്രപാദത്തിലെ ശുക്ലപക്ഷ അഷ്ടമിയാണ് രാധാഷ്ടമിയായി ആഘോഷിക്കുന്നത്. .
മഥുരയിലെ ബര്‍സാനയിലാണ് രാധയുടെ ജനനം. കൃഷ്ണനെയാണ് രാധ ആദ്യമായി കണ്‍തുറന്നു കണ്ടതെന്നാണ് ഐതിഹ്യം. അതുവരെയും രാധയുടെ ഇമകള്‍ അടഞ്ഞേ കിടന്നു. രാധാഷ്ടമി നാളില്‍ അര്‍ധരാത്രിയില്‍ നിരവധി ഭക്തര്‍ വൃന്ദാവനത്തിലെ ‘രാധാകുണ്ഡില്‍’ സ്നാനം ചെയ്യാനെത്താറുണ്ട്. വര്‍ഷത്തില്‍ അന്നു മാത്രമേ രാധാകുണ്ഡില്‍ കുളിക്കാന്‍ അനുവാദമുള്ളൂ. അന്ന് വൃന്ദാവനത്തില്‍ രാധയുടെ സാന്നിധ്യമുണ്ടാവുമെന്നാണ് വിശ്വാസം. രാധയെയും കൃഷ്ണനെയും പ്രകീര്‍ത്തിച്ചുള്ള ഭജനകള്‍ രാധാഷ്ടമി ആഘോഷങ്ങളിലെങ്ങും മുഴങ്ങി കേള്‍ക്കാം.
രാധാകുണ്ഡിലെ സ്വര്‍ണത്താമരയില്‍ കിടന്നിരുന്ന ശിശുവായ രാധയെ രാജാവായിരുന്ന വൃഷഭാനുവും പത്നി കീര്‍ത്തിയും എടുത്തു വളര്‍ത്തിയതായാണ് കഥകള്‍. ഹിമാചലിലെ മണിമഹേഷ് തടാകത്തിലും രാധാഷ്ടമി സ്നാനത്തിന് ധാരാളം ഭക്തരെത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: