വെല്ലിങ്ടണ്‍: വര്‍ഷങ്ങളുടെ പരിശ്രമം, തുടര്‍ച്ചയായ 32 തോല്‍വികള്‍. ന്യൂസിലന്‍ഡ് മണ്ണില്‍ ചരിത്ര വിജയം തൊട്ടുരുമി നില്‍ക്കുകയാണ് ബംഗ്ലാദേശ്. ന്യൂസിലന്‍ഡില്‍ 33-ാം മത്സരമാണ് ബംഗ്ലാദേശ് കളിക്കുന്നത്. മൂന്ന് ഫോര്‍മാറ്റുകളിലായി ഇത്രയധികം മത്സരങ്ങള്‍ കളിച്ചിട്ടും വിജയിച്ചിട്ടില്ല. സമനില പോലും ചൂണ്ടിക്കാണിക്കാനില്ല. എന്നാല്‍ ഇത്തവണ ആര് വിജയിക്കുമെന്ന ചോദ്യത്തിന് പുത്തന്‍ ഉത്തരം ലഭിച്ചേക്കും. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡിന് രണ്ടാം ഇന്നിങ്സില്‍ 17 റണ്‍സിന്റെ ലീഡ്. സ്കോര്‍: ന്യൂസിലന്‍ഡ്- 328, 147-5. ബംഗ്ലാദേശ്- 458.
രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ന്യൂസിലന്‍ഡിന് അവസാന ദിനം റണ്‍സ് കണ്ടെത്താനായില്ലെങ്കില്‍ തോല്‍ക്കുമെന്നുറപ്പ്. ആദ്യ ഇന്നിങ്സില്‍ 130 റണ്‍സിന്റെ ലീഡാണ് ബംഗ്ലാദേശ് നേടിയത്. 176 ഓവറുകളാണ് ബംഗ്ലാദേശ് ബാറ്റ് ചെയ്തത്. 2010ന് ശേഷം ആദ്യമായാണ് വിദേശ ടീം ന്യൂസിലന്‍ഡില്‍ ഇത്രയധിതം ഓവറുകള്‍ കളിക്കുന്നത്. മുന്‍നിരയും മധ്യനിരയും ഒന്നിച്ച് ഫോമിലേക്കുയര്‍ന്നതോടെ ബംഗ്ലാദേശ് വലിയ സ്കോറിലേക്കെത്തി.
രണ്ടാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡ് നിരയില്‍ അര്‍ധസെഞ്ച്വറി നേടിയ വില്‍ യങ് മാത്രമാണ് പിടിച്ചുനിന്നത്. 69 റണ്‍സ് നേടി യങ് പുറത്തായി. 37 റണ്‍സോടെ റോസ് ടെയ്ലര് ക്രീസിലുണ്ട്. രണ്ട് പേര് പൂജ്യത്തിന് പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: